ന്യൂഡല്‍ഹി: ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച് രംഗത്ത് വന്ന റിലയന്‍സ് ജിയോ ചെലവ് കുറഞ്ഞ 4ജി ഫോണുകളും പുറത്തിറക്കുന്നതായി റിപ്പോര്‍ട്ട്. വെറും 1500 രൂപയോളം വില വരുന്ന 4ജി സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കാനാണ് കമ്പനി ആലോചിക്കുന്നതെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് നിര്‍മ്മാതാക്കളുമായി റിലയന്‍സ് ജിയോ പ്രാരംഭ ചര്‍ച്ചകള്‍ നടത്തിയതായും വിവരമുണ്ട്.

നിലവില്‍ വിപണിയില്‍ ഇത്രയും ചെലവ് കുറഞ്ഞ 4ജി വോള്‍ട്ട് (വോയിസ് ഓവര്‍ ലോഗം ടേം ഇവല്യൂഷന്‍) സ്മാര്‍ട്ട്ഫോണ്‍ ലഭ്യമല്ലാത്തത് ജിയോയ്ക്ക് കൂടുതല്‍ ഉപഭോക്താക്കളെ ലഭ്യമാക്കും. 4ജി വോയിസ് കോള്‍ സേവനം ഫോണില്‍ ലഭ്യമാകുമെങ്കിലും മറ്റ് സമാര്‍ട്ട്ഫോണുകള്‍ ഒരുക്കുന്ന തരത്തില്‍ 4ജി ഇന്റര്‍നെറ്റ് ഉപയോഗത്തിന് നിയന്ത്രണം ഉണ്ടായിരിക്കുമെന്നാണ് സൂചന.

റിലയന്‍സിന്റെ ലൈഫ് ബ്രാന്‍ഡ് ഫോണുകള്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ടെങ്കിലും ഇത്രയും ചെലവ് കുറഞ്ഞതല്ല. 4ജി വോള്‍ട്ട് സൗകര്യത്തോടെയുള്ള സമാര്‍ട്ട്ഫോണുകള്‍ ഇന്ത്യന്‍ പിപണിയില്‍ വിരളമാണ്. ലാവയുടെ 4ജി കണക്ട് എം1 മോഡല്‍ ഫെബ്രുവരിയില്‍ പുറത്തിറക്കിയിരുന്നെങ്കിലും ഇതിന് 3,333 രൂപയാണ് വില. റിലയന്‍സിന്റെ കടന്നുവരവോട് കൂടി ലാവയും മൈക്രോമാക്സും വില കുത്തനെ കുറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ റിലയന്‍സ് ജിയോയ്ക്ക് 100 മില്യണ്‍ വരിക്കാരായി കഴിഞ്ഞു. 1500 രൂപയുടെ 4ജി ഫോണും കൂടി വിപണയില്‍ എത്തിക്കുന്നതോടെ കൂടുതല്‍ ഉപയോക്താക്കളെയാണ്ം ജിയോ ആകര്‍ഷിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ