സ്മാർട്ട് ഫോൺ വിപണിയെ ഞെട്ടിച്ച് കൊണ്ടാണ് ജിയോയുടെ 4ജി ഫോണ്‍ സൗജന്യമായി നൽകുമെന്ന വാർത്ത പുറത്ത് വന്നത്. മുംബൈയില്‍ നടന്ന ജിയോയുടെ വാര്‍ഷിക ജനറല്‍ യോഗത്തിലായിരുന്നു പ്രഖ്യാപനം. ജിയോ 4ജി ഫോണില്‍ വോയ്‌സ് കോളും സൗജന്യമായി ലഭിക്കും. 4ജി ഫോണ്‍ സൗജന്യമാണെങ്കിലും 1500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി നല്‍കണം. ഇത് മൂന്നു വര്‍ഷത്തിനു ശേഷം തിരികെ ലഭിക്കും. ഓഫറിന്റെ ദുരുപയോഗം തടയാനാണിതെന്ന് റിലയന്‍സ് മേധാവി മുകേഷ് അംബാനി അറിയിച്ചു. മറ്റു ടെലികോം കമ്പനികള്‍ക്ക് വെല്ലുവിളിയായി അവതരിച്ച ജിയോ ഓഫര്‍ പെരുമഴ തുടരുകയാണ്.

എന്താണ് ജിയോ 4ജി ഫോൺ, പ്രത്യേകതകൾ എന്തൊക്കെ?

മറ്റു ഫീച്ചർ ഫോണുകളിൽ നിന്ന് വ്യത്യസ്തമായി 4ജി വോൾട്ട് കണക്ടിവിറ്റിയുമായാണ് ജിയോ 4ജി ഫോൺ വരുന്നത്. മറ്റു ഫോണുകളിൽ 2ജി, 3ജി സർവീസുകളും ലഭിക്കുന്പോൾ ജിയോയിൽ 4ജി വോൾട്ട് സർവീസ് മാത്രമാണ് ലഭ്യമാവുക. ജിയോ ടിവി അടക്കമുള്ള ജിയോ ആപ്ലിക്കേഷനകളും ഫോണിൽ ലഭിക്കും. വോയ്സ് കമാൻഡ് ഓപ്ഷനും ജിയോ 4ജി ഫോണിലുണ്ട്.

സിംഗിൾ സിം ഫോണിൽ ആൽഫാ ന്യൂമെറിക് കീബോർഡ് ആണ് ഉള്ളത്. 2.4 ഇഞ്ച് ക്യുവിജിഎ ഡിസ്പ്പ്ലെ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഫോണിന്റെ മുഴുവൻ സ്പെസിഫിക്കേഷനും പുറത്ത് വിട്ടിട്ടില്ലെങ്കിലും ഹെഡ്ഫോൺ ജാക്കും മൈക്രോഫോണും സ്പീക്കറും എഫ്എം റേഡിയോ സംവിധാനവുമെല്ലാം ഫോണിലുണ്ടാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിജിഎ കാമറയും എസ്ഡി കാർഡ് എക്സ്പാൻഷനും ഫോണിലുണ്ട്. സോസ് ഓപ്ഷൻ സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി കീബോർഡിലെ അഞ്ചാം നന്പർ ബട്ടണിൽ ലോങ് പ്രസ് ചെയ്യണം.

ജിയോ ഫോണിന്റെ പ്രൊസസർ ഏതാണെന്ന കാര്യത്തിൽ സ്ഥിരീകരണം ഒന്നുമില്ല. എന്നാൽ സ്നാപ്ഡ്രാഗൺ 205 പ്രൊസസർ ആണ് ഉപയോഗിക്കുന്നതെന്ന് ക്വൽകോം ഇന്ത്യ പറയുന്നു. സ്പ്രഡ്ട്രം പ്രൊസസർ ആണ് ഉപയോഗിക്കുകയെന്ന് അവരും അവകാശപ്പെടുന്നു. അതുകൊണ്ടുതന്നെ ചില യൂണിറ്റുകൾ ക്വൽകോമിന്റെയും മറ്റു ചിലത് സ്പ്രഡ്ട്രത്തിന്റെയുമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഇന്റെക്സോ ഫോക്സ്കോണോ ആയിരിക്കും നിർമാതാക്കൾ.

എൻഎഫ്സി പെയ്മന്റ് ജിയോ ഫോണിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതിനും സ്ഥിരീകരണമൊന്നുമില്ല. ജിയോ ആപ്പുകളിൽ നിന്നുള്ള കണ്ടന്റ് ടിവിയിൽ കാണാനായി ഒരു ജിയോ കേബിളും ഫോണിനൊപ്പം ലഭിക്കും.

എത്രയാണ് ജിയോ 4ജി ഫോണിന്റെ വില? ശരിക്കും ഫ്രീയാണോ?

4ജി ഫോണ്‍ സൗജന്യമാണെങ്കിലും 1500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി നല്‍കണം. ഇത് മൂന്നു വര്‍ഷത്തിനു ശേഷം തിരികെ ലഭിക്കും. ഓഫറിന്റെ ദുരുപയോഗം തടയാനാണിതെന്ന് റിലയന്‍സ് മേധാവി മുകേഷ് അംബാനി അറിയിച്ചിരിക്കുന്നത്. മാസ റീച്ചാർജുകൾക്ക് വേറെ പണം നൽകേണ്ടിയും വരും.

ജിയോ 4ജി ഫോണിനായുള്ള ഡാറ്റാ പാക്കേജുകൾ എന്തൊക്കെയാണ്?

24 രൂപ മുതൽ 153 രൂൂപ വരെയുള്ള ഡാറ്റാ പ്ലാനുകളാണ് 4ജി ഫോണിനായുള്ളത്. 24 രൂപയുടെ റീച്ചാർജിന് രണ്ട് ദിവസസത്തെ കാലാവധി ആണുള്ളത്. 54 രൂപക്ക് റീച്ചാർജ് ചെയ്താൽ ഒരു ആഴ്ച വരെ ഡാറ്റാ ലഭിക്കും. ഫ്രീ 4ജി ഇന്റർനെറ്റിനൊപ്പം അൺലിമിറ്റഡ് ലോക്കൽ എസ്റ്റിഡി വോയ്സ് കോളും ലഭിക്കും. ഡാറ്റാ ഉപയോഗത്തിന് എന്തെങ്കിലും നിയന്ത്രണമുണ്ടോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

153 രൂപ റീചചാർജിന്റെ പ്രത്യേകതകൾ ഇവയാണ്: അൺലിമിറ്റഡ് ലോക്കൽ, എസ്റ്റിഡി കോളിങ്, അൺലിമിറ്റഡ് ഡാറ്റാ(500 എംബി വരെ 4ജി സ്പീഡ്, തുടർന്നുള്ള ഉപയോഗത്തിന് സ്പീഡ് കുറയും)

309 ജിയോ ടിവി പാക്ക്: അൺലിമിറ്റഡ് വോയ്സ് കോൾ, സ്ട്രീമിങ്ങിനായി 1 ജിബി ഡാറ്റാ.

എപ്പോഴാണ് ജിയോ ഫോൺ വിപണിയിലെത്തുക? എങ്ങനെ ഫോൺ വാങ്ങാം

പബ്ലിക് ബീറ്റാ ടെസ്റ്റിങ്ങ് ഓഗസ്റ്റ് 15ന് ആരംഭിക്കും. ഇതിനായി ഉപഭോക്താക്കൾക്ക് എങ്ങനെ രജിസ്റ്റർ ചെയ്യാമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഔദ്യോഗികമായി പ്രീ ബുക്കിങ്ങ് ഓഗസ്റ്റ് 24നാണ് ആരംഭിക്കുക. സെപ്റ്റംബർ മുതൽ ഫോൺ വിൽപനയും ആരംഭിക്കും. jio.com വെബ്സൈറ്റ് വഴിയോ ജിയോ സ്റ്റോർ വഴിയോ ഫോണിനായി പ്രീബുക്കിങ്ങ് നടത്താം.

സിം കാർഡ് ലോക്ക്ഡ് ആയിരിക്കുമോ?

സിം കാർഡ് ഫോണിൽ ലോക്ക്ഡ് ആയിരിക്കില്ല. പക്ഷേ ഫോണിൽ ജിയോ സിം മാത്രമേ ഉപയോഗിക്കാനാകൂ. മറ്റൊരു സർവീസ് പ്രൊവൈഡറുടെ 4ജി സിംകാർഡ് ജിയോ ഫോണിൽ ഉപയോഗിക്കാനാവില്ല. ഉപയോക്താവിന്റെ പക്കൽ മറ്റൊരു ജിയോ കാർഡ് ഉണ്ടെങ്കിൽ അത് ഈ ഫോണിൽ ഉപയോഗിക്കാം. പക്ഷേ ഡാറ്റാ പ്ലാൻ 153ലേക്ക് മാറ്റേണ്ടി വരും.

ജിയോ ഫോൺ വിപണി പിടിച്ചടക്കുമോ? വിദഗ്ധരുടെ വിലയിരുത്തലുകൾ

നിലവിൽ 3000 രൂപയ്ക്കടുത്താണ് 4ജി സൗകര്യമുള്ള ഹാൻഡ്സെറ്റുകളുടെ പ്രാരംഭ വില. ഇതു കുറയ്ക്കുകയോ 1500 രൂപയ്ക്കടുത്തു വിലയുള്ള ഫീച്ചർ ഫോണുകളിൽ 4ജി സൗകര്യമേർപ്പെടുത്തുകയോ വേണ്ടിവരും. ഇങ്ങനെ, 4ജി ഫോണുകളുടെ വില കുറയുന്നതോടൊപ്പം, ടെലികോം കമ്പനികൾ ഇവരുമായി സഹകരിച്ചു പ്രത്യേക ഓഫറുകൾ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.

ജിയോയുടെ ഫോണിൽ ജിയോ സിം മാത്രമേ ഉപയോഗിക്കാനാവൂ. എന്നാൽ, മറ്റു ഹാൻഡ്സെറ്റ് കമ്പനികൾ വില കുറഞ്ഞ 4ജി ഫോൺ കൊണ്ടുവന്നാൽ ഏതു ടെലികോം കമ്പനിയുടെ സിമ്മും ഉപയോഗിക്കാനാവും. ഇത് സമൂഹത്തിന്റെ താഴേത്തട്ടിലേക്ക് ഇന്റർനെറ്റ് എത്തിക്കാൻ സഹായകമാകുമെന്നുറപ്പ്.

‘സൗജന്യം’ എന്ന ആശയത്തെച്ചൊല്ലി വാശിയേറിയ തർക്കങ്ങളുടെ തുടർച്ചയാണ് പുതിയ ഫോൺ സംബന്ധിച്ചും ടെലികോം വ്യവസായ രംഗത്തുള്ളത്. റിലയൻസ് ഫോൺ സൗജന്യമായി നൽകുമ്പോൾ, സർക്കാരിനു കിട്ടേണ്ടുന്ന നികുതി നിഷേധിക്കപ്പെടുകയാണെന്ന് ടെലികോം കമ്പനികളുടെ സംഘടനയായ സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സിഒഎഐ) ചൂണ്ടിക്കാട്ടുന്നു.

നിലവിൽ ടെലികോം കമ്പനിയും ഹാൻഡ്സെറ്റ് നിർമാതാവും ചേർന്ന് ‘ബണ്ടിൽഡ് ഓഫർ’ ആയി ഫോൺ നൽകുമ്പോൾ 12% നികുതിയുണ്ട്. എന്നാൽ, ജിയോ, ഫോണിനു വില എന്നു പറയാതെ തിരികെ നൽകുന്ന നിക്ഷേപം എന്ന നിലയിൽ പണം വാങ്ങുമ്പോൾ നികുതി വരുന്നില്ല. 1500 രൂപയുടെ മൂന്നു വർഷത്തെ പലിശ ഫോണിന്റെ വിലയായി കണക്കാക്കാമെന്ന അഭിപ്രായവും ചില കോണുകളിൽ നിന്നുയരുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ