ആയിരക്കണക്കിന് പേരാണ് റിലയൻസിന്റെ ജിയോ 4 ജി ഫോൺ പ്രീ ബുക്ക് ചെയ്തിട്ടുളളത്. ബുക്കിങ് കൂടിയതോടെ റിലയൻസ് ജിയോ തൽക്കാലം പ്രീ ബുക്കിങ് നിർത്തിവച്ചിരിക്കുകയാണ്. ദീപാവലി കഴിഞ്ഞതോടെ പ്രീ ബുക്കിങ് പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രീ ബുക്കിങ് ചെയ്തവർക്ക് ഫോണുകൾ എത്തിക്കാനുളള നീക്കത്തിലാണ് ഇപ്പോൾ കമ്പനി.

ഇതിനിടെയാണ് ചാർജിങ്ങിനിടെ ജിയോ ഫോൺ പൊട്ടിത്തെറിച്ചുവെന്നുളള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ടെക്നോളജി ബ്ലോഗ് ഫോൺ റെഡാർ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുളളത്. പൊട്ടിത്തെറിച്ച ഫോണിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. കശ്മീരിലാണ് സംഭവം. ചാർജ് ചെയ്യുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. ഫോണിന്റെ പിൻഭാഗം പൂർണമായും കത്തിനശിച്ചു. മുൻ വശത്തിന് യാതൊരു കേടും സംഭവിച്ചിട്ടില്ല.

ചാർജറിന്റെ വയറും കത്തിയിട്ടുണ്ട്. പക്ഷേ ഫോണിന്റെ ബാറ്ററി ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്ന് ഫോൺ റെഡാറിന്റെ റിപ്പോർട്ടിൽ പറയുന്നു. മറ്റു ഫോണുകളെ അപേക്ഷിച്ച് ജിയോ ഫോണിന്റെ ബാറ്ററി വലുതാണ്. 2000എം എച്ച് കപ്പാസിറ്റിയുളളതാണ് ബാറ്ററി.

അതേസമയം, സംഭവം ശ്രദ്ധയിൽപ്പെട്ടതായും മനഃപൂർവം ആരോ കേടുപാടുകൾ ഉണ്ടാക്കിയതാണെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി റിലയൻസ് റീട്ടെയിൽ വക്താവ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഈ സംഭവും അതിന്റെ സമയവും കൂട്ടി വായിക്കുമ്പോൾ തങ്ങളുടെ ബ്രാൻഡിനെ മോശമായി ചിത്രീകരിക്കാനുളള നിക്ഷിപ്ത താൽപര്യം ഉണ്ടെന്ന് തോന്നും. കൂടുതൽ അന്വേഷണത്തെ അടിസ്ഥാനമാക്കി ഉചിതമായ നടപടി സ്വീകരിക്കുമെന്നും പ്രസ്താവനയിലുണ്ട്,

500 രൂപ നൽകി ബുക്കിങ് ചെയ്യാനുളള അവസരമാണ് ജിയോ ഒരുക്കിയത്. ബാക്കി 1000 രൂപ ഫോൺ ലഭിക്കുമ്പോൾ നൽകിയാൽ മതി. ഫോണിന് 1500 രൂപ നൽകണമെങ്കിലും 3 വർഷം പൂർത്തിയാകുമ്പോൾ ഈ പണം ജിയോ തിരികെ നൽകും. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്ന രീതിയിലായിരിക്കും ഫോൺ വിതരണം. 50 ലക്ഷം ഫോണുകൾ ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുമെന്നാണു സൂചന.

ജിയോ ഫോണ്‍ വാങ്ങുന്നവര്‍ 153 രൂപയ്‌ക്ക് റീചാര്‍ജ് ചെയ്താല്‍ പ്രതിദിനം 500 എംബി ഡാറ്റ ലഭിക്കും. കൂടുതൽ ഡേറ്റ വേണ്ടവർക്ക് 309 രൂപ മുതല്‍ മുകളിലേക്കുള്ള പ്ലാനുകളുമുണ്ട്. 54 രൂപയ്‌ക്ക് റീചാര്‍ജ് ചെയ്താല്‍ ഒരു ആഴ്‌ച വാലിഡിറ്റിയില്‍ ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. രണ്ടു ദിവസത്തെ വാലിഡിറ്റി ലഭിക്കാന്‍ 24 രൂപയ്‌ക്കാണ് റീച്ചാര്‍‍ജ് ചെയ്യണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ