ജിയോ ഫോണിന്റെ പിന്‍ഗാമിയായ ജിയോ ഫോണ്‍ 2 റിലയന്‍സ് ഇന്ത്യ അവതരിപ്പിച്ചു. ജൂലൈ 5ന് കമ്പനിയുടെ 41-ാമത് വാര്‍ഷിക ജനറല്‍ ബോഡിയിലാണ് ഫോണ്‍ അവതരിപ്പിച്ചത്. ക്വര്‍ട്ടി കീപ്പാഡുളള വീതിയുളള ഡിസ്‌പ്ലേയാണ് ഫോണിന്. ഓഗസ്റ്റ് 15ന് വില്‍പ്പനയ്‌ക്ക് എത്തുന്ന ഫോണിന് 2,999 രൂപയായിരിക്കും വില.

ഡ്യുവല്‍ സിം സംവിധാനമുളള ഫോണിന് 2.4 ഇഞ്ച് ക്യുവിജിഎ ഡിസ്‌പ്ലേ ആണുളളത്. ഗൂഗിളുമായി സഖ്യം പ്രഖ്യാപിച്ച കെഎഐഒഎസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

മൈക്രോ എസ്ഡി കാര്‍ഡ് വഴി 128 ജിബി വരെ ഉയര്‍ത്താനാവുന്ന 4 ജിബി സ്റ്റോറേജുളള ഫോണിന് 512 എംബിയാണ് റാം ഉളളത്. 2000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുളളത്. 2 എംപി ബാക്ക് ക്യാമറയുളള ഫോണിന് സെല്‍ഫി എടുക്കാനും വീഡിയോ കോളിനുമായി വിജിഎ മുന്‍ ക്യാമറയാണുളളത്.

കണക്‌ടിവിറ്റിയായി 4ജി സംവിധാനമുളള ഫോണില്‍ ബ്ലൂടൂത്തും റേഡിയോയും ജിപിഎസും ഉണ്ട്. ഫെയ്സ്ബുക്ക്, യൂട്യൂബ്, വാട്സ്ആപ്പ് എന്നീ ആപ്ലിക്കേഷനുകള്‍ ഉടന്‍ തന്നെ ജിയോ ഫോണില്‍ അവതരിപ്പിക്കുമെന്ന് റിലയന്‍സ് ചടങ്ങില്‍ പ്രഖ്യാപിച്ചു. പുതിയ ജിയോ ഫോണ്‍ 2വില്‍ ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. മൂന്നു ആപ്പുകളും വോയ്സ് അസിസ്റ്റന്റിന്റെ സഹായത്തോടെ പ്രവർത്തിക്കും. മൂന്നു ആപ്പിലെയും എന്തു കാര്യവും വോയ്സ് അസിസ്റ്റന്റിന്റെ സഹായത്തോടെ പ്രവർത്തിപ്പിക്കാനാകും. ഇന്ത്യയിലെ എല്ലാ ഭാഷകളിലും വോയ്സ് അസിസ്റ്റന്റ് സേവനം ലഭ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ