ന്യൂഡൽഹി: ഇന്ത്യൻ മൊബൈൽ വിപണി കൂടി ജിയോ ഫോണിന് കീഴിലാക്കാൻ ലക്ഷ്യമിട്ടാണ് ജിയോ പുതിയ ജിയോ ഫോൺ രംഗത്തിറക്കുന്നത്. ആഗസ്റ്റ് 15 ന് ഇന്ത്യയുടെ 72ാമത് സ്വാതന്ത്യ ദിനത്തിൽ റിലയൻ തങ്ങളുടെ ജിയോ ഫോൺ 2 പുറത്തിറക്കും.

2999 രൂപയ്ക്കാണ് ജിയോ ഫോൺ 2 വിപണിയിലെത്തുന്നത്. വാട്‌സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കുന്ന കീപാർഡ് ഫോണാണ് ഇത്. റിലയൻസിന്റെ വാർഷിക യോഗത്തിലാണ് ജിയോ ഫോൺ 2 പ്രഖ്യാപിച്ചത്.

കഴിഞ്ഞ തവണ ജിയോ ഫോണിനായി ആഴ്ചകളോളം കാത്തിരുന്ന ഉപഭോക്താക്കൾക്ക് ഇക്കുറി ആഗസ്റ്റ് 15 ന് തന്നെ ഫോൺ ബുക്ക് ചെയ്യാൻ സാധിക്കും.

മൈജിയോ ആപ് വഴി (MyJio app) നിലവിലെ ജിയോ ഉപഭോക്താക്കൾക്ക് പുതിയ ഫോണിനായി ആഗസ്റ്റ് 15 ന് തന്നെ ബുക് ചെയ്യാം. പേര്, മൊബൈൽ നമ്പർ, വിലാസം എന്നിവ ഇവിടെ രേഖപ്പെടുത്തണം. ക്യാഷ് ഓൺ ഡെലിവറി ഓപ്ഷൻ ലഭ്യമല്ല. അതിനാൽ ബുക് ചെയ്യുമ്പോൾ തന്നെ മുഴുവൻ തുകയും നൽകണം.

ജിയോ ഫോൺ 1 ഉപയോഗിക്കുന്ന നിലവിലെ ഉപഭോക്താക്കൾക്ക് വെറും 501 രൂപ മുടക്കി പുതിയ ഫോൺ എക്സ്‌ചേഞ്ചിലൂടെ വാങ്ങിക്കാനാവും.

2.4 ഇഞ്ച് ക്യുവിജിഎ ഡിസ്പ്ലേയാണ് പുതിയ ജിയോ ഫോണിന്റെ ഡിസ്പ്ലേ വലിപ്പം. കെഎഐ ഓപ്പറേറ്റിംഗ് സിസ്റ്റം വഴിയാണ് ഇത് പ്രവർത്തിക്കുന്നത്. 512 എംബി റാമും നാല് ജിബി ഫോൺ മെമ്മറിയും ലഭ്യമാണ്. ഇത് 128 ജിബി വരെ ശേഷിയുളള മൈക്രോ എസ്‌ഡി കാർഡ് ഉപയോഗിച്ച് വികസിപ്പിക്കാനാവും.

വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ഗൂഗിൾ മാപ് തുടങ്ങിയ ആപ്ലിക്കേഷനുകൾ പുതിയ ഫോണിൽ ലഭ്യമാകും. എല്ലാ സമൂഹമാധ്യമങ്ങളും ലഭ്യമാകും വിധമാണ് പുതിയ ജിയോ ഫോൺ 2 ഉം തയ്യാറാക്കിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook