2016ല്‍ മൊബൈല്‍ ബ്രോഡ്ബാന്‍ഡിന് പുത്തനുണര്‍വ്വ് നല്‍കിയ റിലയന്‍സ് ജിയോ പുതിയ ഉദ്യമമായ ജിയോ ഗിഗാ ഫൈബര്‍ (Jio Giga Fiber) അവതരിപ്പിച്ചു. മുംബൈയില്‍ നടന്ന കമ്പനിയുടെ 41-ാമത് വാര്‍ഷിക ജനറല്‍ മീറ്റിങ്ങിലാണ് റിലയന്‍സ് ജിയോയുടെ ഈ സുപ്രധാന പ്രഖ്യാപനം. ഓഗസ്റ്റ് 15 മുതല്‍ രാജ്യത്തെ 1,100ല്‍ അധികം നഗരങ്ങളില്‍ സേവനം ലഭ്യമാകുമെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചു.

അപ്ലോഡ് സ്‌പീഡ് 100 എംബിപിഎസ് ആയിരിക്കും. വീടുകള്‍, ചെറു വ്യവസായങ്ങള്‍, വന്‍കിട സ്ഥാപനങ്ങള്‍ എന്നിവയില്‍ കേന്ദ്രീകരിച്ചാണ് ബ്രോഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്ക് ജിയോ ആവിഷ്‌കരിക്കുന്നത്. വീടുകളില്‍ അള്‍ട്രാ എച്ച്ടി ഗുണമേന്മയില്‍ ടെലിവിഷന്‍ വഴിയുള്ള വിനോദം, വീഡിയോ കോള്‍ സൗകര്യം, വോയ്‌സ് ആക്റ്റിവേറ്റഡ് വിര്‍ച്വല്‍ അസിസ്റ്റന്റ്, 4കെ വീഡിയോ സര്‍വീസ്, വിര്‍ച്വല്‍ റിയാലിറ്റി ഗെയിമുകളും ഓണ്‍ലൈന്‍ ഷോപ്പിങ്ങും ഒപ്പം അതിവേഗ ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കിയുള്ള സ്‌മാര്‍ട് ഹോം ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും ജിയോ ജിഗാ ഫൈബര്‍ സഹായിക്കും. വിലയെ കുറിച്ചുളള വിവരങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ടെലികോ രംഗത്ത് വന്‍ മാറ്റം തന്നെ ഇത് സൃഷ്‌ടിക്കും.

ഇന്റര്‍നെറ്റ് അധിഷ്‌ഠിതമായ സ്‌മാര്‍ട്ട് ടെലിവിഷന്‍ വില്‍പനയിലൂടെ നെറ്റ്‍ഫ്ലിക്‌സ്, ആമസോണ്‍ അലക്‌സ, ഗൂഗിള്‍ ഹോം എന്നിവയ്‌ക്ക് കൂടുതല്‍ ഉത്തേജകമാകും. വിപണയില്‍ ലഭ്യമാകുന്നതില്‍ ഏറ്റവും കുറഞ്ഞ വിലയ്‌ക്ക് സേവനങ്ങള്‍ നല്‍കി എതിരാളികളെ പിന്നിലാക്കിയവരാണ് ജിയോ. ജിയോ ജിഗാ ബ്രോഡ്ബാന്‍ഡിലും, കേബിള്‍ ഡിടിഎച്ച് സര്‍വീസിലും ഇതേ സ്ഥിതി തുടര്‍ന്നാല്‍ അത്ഭുതപ്പെടാനില്ല. ജിയോ ഫൈബര്‍ പദ്ധതിയില്‍ റിലയന്‍സ് പരീക്ഷണങ്ങള്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ലഘു പദ്ധതികള്‍ രാജ്യത്തിന്റെ പലയിടത്തും നേരത്തേ തുടങ്ങിയിരുന്നെങ്കിലും മറ്റ് അനുമതികള്‍ക്കായി കമ്പനി കാത്തിരിക്കുകയായിരുന്നു.

ചില ജനവാസ മേഖലകളില്‍ അനുമതി ഇതുവരെയും ജിയോയ്‌ക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ജനങ്ങളോട് ബ്രോഡ്ബാന്‍ഡിന്റെ ഭാഗമാകണമെന്ന് പറഞ്ഞ അംബാനി അയല്‍ക്കാരോടും ഇതില്‍ ഭാഗമാകണമെന്ന് നിര്‍ദേശിക്കാന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെടുന്നുണ്ട്. ചില പ്രദേശങ്ങളില്‍ അനുമതി ലഭിക്കാന്‍ കൂട്ടായ ഉപയോഗം ജിയോയ്‌ക്ക് ആവശ്യമാണ്. നിലവിൽ ഇന്ത്യയിലെ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്ല നിലവാരം പുലര്‍ത്തുന്നവയല്ല. അതുകൊണ്ട് തന്നെയാണ് ജിയോയുടെ സാധ്യത ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഉപയോക്താക്കള്‍ തന്നെയാണ് രാജാവെന്നതാണ് പുതിയ പ്രഖ്യാപനത്തിലൂടേയും ജിയോ നടത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ