ന്യൂഡൽഹി: രാജ്യത്ത് ശരാശരി 4ജി നെറ്റ്വർക്കിനേക്കാൾ കുറഞ്ഞ വേഗതയിലാണ് റിലയൻസ് ജിയോ ഇന്റർനെറ്റ് ലഭ്യമാക്കുന്നതെന്ന ഓപ്പൺ സിഗ്നൽ റിപ്പോർട്ടിനെ തളളി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഏറ്റവും മുമ്പില്‍ എയര്‍ടെല്‍ ആണെന്ന മുന്‍ റിപ്പോര്‍ട്ട് തെറ്റാണെന്ന് ട്രായുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ജിയോ തന്നെയാണ് മുമ്പില്‍ നില്‍ക്കുന്നത്.

ജിയോയുടെ ഡൗണ്‍ലോഡ് സ്പീഡ് 18 എംബിപിഎസ് ആണ്. അതേസമയം ഏറ്റവും പിന്നിലുളള എയര്‍ടെലിന് 8.91 എംബിപിഎസ് ആണ് 4ജി ഡൗണ്‍ലോഡ് വേഗത. രണ്ടാം സ്ഥാനത്തുളള വോഡാഫോണിനേക്കാള്‍ 68 ശതമാനം മുമ്പിലാണ് ജിയോയുടെ സ്ഥാനം. ജൂണിലെ കണക്കുകള്‍ പ്രകാരം 11.07 എംബിപിഎസ് ആണ് വോഡാഫോണിന്റെ ഡൗണ്‍ലോഡ് വേഗത. കഴിഞ്ഞ ഏഴ് മാസമായി ജിയോ തന്നെയാണ് വേഗതയില്‍ മുന്നിട്ട് നില്‍ക്കുന്നത്.

അനുകൂലമായ സാഹചര്യങ്ങളിൽ ജിയോയുടെ എൽടിഇ സാങ്കേതിക വിദ്യ രാജ്യത്ത് മറ്റേത് ഇന്റർനെറ്റ് ശൃംഖലയേക്കാൾ വേഗത്തിൽ ഇന്റർനെറ്റ് ലഭ്യമാക്കാറുണ്ട്. എന്നാൽ ഈ സാഹചര്യങ്ങൾ മറ്റ് ടെലികോം കമ്പനികളെ അപേക്ഷിച്ച് ജിയോയിൽ വളരെ കുറവാണെന്ന് ഓപ്പൺ സിഗ്നൽ അവരുടെ ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. അന്ന് എയര്‍ടെലിനാണ് മുഴുവന്‍ മാര്‍ക്കും നല്‍കിയിരുന്നത്.

നേരത്തേ നടത്തിയ പഠനത്തിൽ റിലയൻസ് ജിയോയ്ക്ക് എയർടെല്ലിനേക്കാൾ വേഗത കുറവാണെന്നാണ് ഊക്ല, ഓപ്പൺ സിഗ്നൽ എന്നിവരുടെ റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ രാജ്യത്തെ ഏറ്റവും വേഗതയുള്ള 4ജി നെറ്റ്‌വർക്കായി പ്രഖ്യാപിച്ചത് റിലയൻസ് ജിയോയെ ആയിരുന്നു. 2017 ഏപ്രിലിലായിരുന്നു ഇത്.

രാജ്യത്തെ ടെലികോം വിപണിയിൽ ചലനങ്ങൾ സൃഷ്ടിച്ചാണ് ജിയോ ഉപഭോക്താക്കളെ ആകർഷിച്ചത്. എല്ലാ മൊബൈൽ സേവന ദാതാക്കളും ജിയോയുടെ കടന്നുവരവോടെ അവരുടെ നിരക്കുകളിൽ വലിയ മാറ്റം വരുത്തിയിരുന്നു. ഇതിനോടകം പത്തുകോടി ഉപഭോക്താക്കളെ നേടിയെന്നാണ് ജിയോയുടെ കണക്കുകൾ പറയുന്നത്.

റിലയൻസ് ജിയോയുടെ 4ജി വോൾട്ട് ഫോൺ വിപണിയിലിറക്കുന്ന കാര്യം കഴിഞ്ഞ വാരം മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. ഈ ഫോണിന് തിരിച്ച് ലഭിക്കാവുന്ന നിക്ഷേപം എന്ന നിലയിൽ 1500 രൂപയാണ് മൂന്ന് വർഷത്തേക്ക് നൽകേണ്ടത്. പ്രതിവർഷം 500 രൂപ ചിലവിൽ ഈ ഫോണിൽ ഇന്റർനെറ്റ് സേവനങ്ങൾ ആസ്വദിക്കാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ