4ജി ഡൗൺലോഡ് വേഗതയിൽ മുന്നിൽ റിലയൻസ് ജിയോയെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി)യുടെ റിപ്പോർട്ട്. 16.48 മെഗാബിറ്റ് പെർ സെക്കന്റ് (എംബിപിഎസ്) ആണ് മാർച്ച് മാസത്തിലെ ജിയോയുടെ 4ജി ഡൗൺലോഡ് ശരാശരി വേഗതയെന്ന് ട്രായ് പറയുന്നു. എയർടെൽ, ഐഡിയ കമ്പനികളേക്കാൾ ഇരട്ടി വേഗമാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഐഡിയ സെല്ലുലാറിന്റേത് 8.33 എംബിപിഎസും ഭാരത് എയർടെല്ലിന്റേത് 7.66 എംബിപിഎസുമാണുമാണ് ട്രായ് റിപ്പോർട്ടിലുളളത്. 16 എംബിപിഎസ് വേഗതയിൽ അഞ്ച് മിനിറ്റിൽ ഒരു ബോളിവുഡ് ചിത്രം ഡൗൺലോഡ് ചെയ്യാനാകുമെന്ന് വിദഗ്ധർ പറയുന്നു.

5.66 എംബിപിഎസ് ആയിരുന്നു മാർച്ചിൽ വോഡഫോണിന്റ ശരാശരി ഡൗൺലോഡ് വേഗത. റിലയൻസ് കമ്മ്യൂണിക്കേഷൻസ് (2.64 എംബിപിഎസ്), ടാറ്റാ ഡോകോമോ ( 2.52 എംബിപിഎസ് ), ബിഎസ്എൻഎൽ(2.26 എംബിപിഎസ് ), എയർസെൽ (2.01 എംബിപിഎസ് ) ഇങ്ങനെയാണ് മറ്റുളള കമ്പനികളുടെ മാർച്ചിലെ ശരാശരി ഡൗൺലോഡ് വേഗത. റിയൽ ടൈമിൽ മൈസ്‌പീഡ് ആപ്പിന്റെ സഹായത്തോടെയാണ് ട്രായ് ഡാറ്റാ ഡൗൺലോഡ് സ്‌പീഡ് ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചത്.

അതേസമയം ട്രായുടെ കണ്ടെത്തലിൽ നിന്ന് വ്യത്യസ്‌തമാണ് ഒരു സ്വകാര്യ സ്ഥാപനമായ ഓപ്പൺ സിഗ്‌നലിന്റെ 4ജി ഡൗൺലോഡ് സ്‌പീഡിന്റെ കണ്ടെത്തൽ. ഇവരുടെ കണ്ടെത്തൽ പ്രകാരം ഭാരതി എയർടെല്ലാണ് 11.5 എംബിപിഎസോടെ വേഗതയിൽ മുന്നിലുളളത്. റിലയൻസ് ജിയോ 3.92 എംബിപിഎസുമായി നാലാം സ്ഥാനത്താണുളളത്. രണ്ടാം സ്ഥാനത്തുളളത് 8.59 എംബിപിഎസുമായി വോഡഫോണും മൂന്നാം സ്ഥാനത്ത് 8.34 എംബിപിഎസുമായി ഐഡിയയുമാണുളളത്.

കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും മുംബൈ, ഡൽഹി എന്നീ മെട്രോ നഗരങ്ങളിലും നടത്തിയ സർവേയിലാണ് ഓപ്പൺ സിഗ്നലിന്റെ കണ്ടെത്തൽ. 2016 ഡിസംബറിനും 2017 ഫെബ്രുവരിക്കും ഇടയിൽ 93,464 യൂസേഴ്‌സിൽ നിന്നാണ് ഇവർ വിവരങ്ങൾ ശേഖരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ