ന്യൂഡൽഹി: രാജ്യത്ത് ഇന്റർനെറ്റ് ലഭിക്കുന്നതിൽ മൊബൈൽ ഉപഭോക്താക്കൾ പ്രാഥമികമായി ഉപയോഗിക്കുന്നത് ജിയോ ആണെന്ന് റിപ്പോർട്ട്. 42 ശതമാനം പേർ ജിയോ ഉപയോഗിക്കുന്പോൾ 17.54 ശതമാനം പേർ മാത്രമാണ് എയർടെല്ലിനെ ആശ്രയിക്കുന്നത്. വോഡാഫോൺ 12.26 ശതമാനം പേരും ഐഡിയ 11.50 ശതമാനം പേരും പ്രാഥമികമായി ഉപയോഗിക്കുന്നു.

ഡാറ്റാ വിനിയോഗം അളക്കുന്ന സ്മാർട്ട് ആപ്പ് നിരീക്ഷണത്തിൽ ഉപഭോക്താക്കൾ ഏറ്റവും അധികം ഡാറ്റ ഉപയോഗിച്ചിരിക്കുന്നതും ജിയോ സിം വഴിയാണ്. 6.54 ജിബി. എയർടെൽ വഴി 12.8 ജിബി യും വോഡാഫോണ വഴി 1.29 ജിബി യും ഐഡിയ വഴി 1.32 ജിബിയും ഉപയോഗിച്ചിട്ടുണ്ട്. ജിയോയുടെ വെൽക്കം ഓഫർ വഴി എത്ര വേണമെങ്കിലും ഇന്റർനെറ്റ് ഉപയോഗിക്കാമെന്ന് വന്നതോടെയാണ് ഈ മാറ്റം ഉണ്ടായത്.

നഗരങ്ങളിലും ഗ്രാമങ്ങളിലും ജിയോയുടെ കടന്നുവരവ് ഡാറ്റാ ഉപഭോഗത്തിൽ മാറ്റം സൃഷ്ടിച്ചിട്ടുണ്ട്. നഗരങ്ങളിൽ ശരാശരി 6 ജിബി വർദ്ധനവും ഗ്രാമങ്ങളിൽ 5 ജിബി വർദ്ധനവുമാണ് ഡാറ്റാ ഉപഭോഗത്തിൽ ഉണ്ടായത്.

ഉപഭോക്താക്കൾ കൂടുതലും സന്ദർശിച്ചത് ഫേസ്ബുക്കും യൂട്യൂബുമാണ്. സമൂഹ മാധ്യമങ്ങളിൽ 467 ശതമാനം വർദ്ധനവുണ്ടായപ്പോൾ 336 ശതമാനം വർദ്ധനവാണ് വീഡിയോ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചവരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ