റിലയന്‍സ് ജിയോ പുതിയ പോസ്റ്റ്പൈഡ് ഓഫറുകള്‍ പ്രഖ്യാപിച്ചു. സീറോ ടച്ച് സര്‍വീസ് അടക്കമുളള പ്ലാനുകളോടെയുളള സര്‍വീസ് മെയ് 15 മുതലാണ് ലഭ്യമാകുക. ദേശീയ- അന്താരാഷ്ട്ര റോമിംഗ്, അന്താരാഷ്ട്ര കോളിംഗ് പ്ലാനുകള്‍ എന്നിവയൊക്കെ ജിയോ പോസ്റ്റ് പൈഡ് പ്ലാനിലുണ്ട്. കൂടാതെ മറ്റ് സിം ഉപയോഗിക്കുന്നവര്‍ക്ക് നമ്പര്‍ മാറ്റാതെ തന്നെ ജിയോ പോസ്റ്റ് പെയ്ഡിലേക്ക് മാറാനും സൗകര്യമുണ്ട്.
ജിയോ പോസ്റ്റ് പൈഡ് സബ്സ്ക്രൈബ് ചെയ്യുന്നവര്‍ക്ക് മുമ്പത്തെ സര്‍വീസികളില്‍ തടസ്സം ഉണ്ടാകാതെ തന്നെ തുടരാനായി കമ്പനിയുടെ സീറോ ടച്ച് അനുഭവം സഹായിക്കും. കോളുകള്‍, ഇന്റര്‍നെറ്റ്, എസ്എംഎസ്, അന്താരാഷ്ട്ര കോളുകള്‍ എന്നിവയൊക്കെ ഇതില്‍ പെടും. ഓട്ടോ-പേ സംവിധാനത്തിലൂടെ അണ്‍ലിമിറ്റഡ് പ്ലാനുകളും ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. എല്ലാ മാസാവസാനവും ഇമെയിലില്‍ സന്ദേശം വരുന്ന രീതിയില്‍ യഥാസമയം ഇ-ബില്‍ പരിശോധിക്കാനുളള സംവിധാനവും ലഭ്യമാകും.
സീറോ ടച്ച് സംവിധാനത്തിന്റെ കീഴില്‍ ജിയോ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് ഓള്‍വെയ്സ് ഓണ്‍ എന്ന പുതിയ ഫീച്ചറുമുണ്ട്. പുതിയ പോസ്റ്റ് പെയ്ഡ് അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ജിയോ 199 രൂപയ്ക്ക് 25 ജിബി ഡാറ്റ ലഭ്യമാകുന്ന പ്ലാനും പ്രഖ്യാപിച്ചു. വോഡാഫോണും എയര്‍ടെലും നല്കുന്നതിനേക്കാള് കുറഞ്ഞ വിലയ്ക്കാണ് ജിയോയുടെ പോസ്റ്റ് പെയ്ഡ് പ്ലാന്‍ എന്നത് ശ്രദ്ധേയമാണ്. 499 രൂപ മുതലാണ് ഇരു കമ്പനികളുടേയും പ്ലാനുകള്‍ തുടങ്ങുന്നത്.
മിനുട്ടിന് 50 പൈസ എന്ന നിരക്കില്‍ ജിയോ അന്താരാഷ്ട്ര കോളുകളും ലഭ്യമാക്കും. അമേരിക്കയ്ക്കും കാനഡയ്ക്കും ഇതേ നിരക്കില്‍ തന്നെ കോളുകള്‍ ചെയ്യാനാവും. മറ്റ് സര്‍വീസ് നിരക്കുകളൊന്നും പിടിക്കാതെയാണ് ഇത് ലഭ്യമാക്കുക. പുതിയ പ്ലാനുകളില്‍ 2-2-2 എന്ന പ്ലാനും ശ്രദ്ധേയമാണ്. കോളുകള്‍ 2രൂപ/മിനുട്ട്, ഡാറ്റ 2രൂപ/ എംബി, എസ്എംഎസ് 2 രൂപ എന്നിങ്ങനെയാണ് ഓഫര്‍.