ഫ്രീ കോളിങ് അവസാനിപ്പിച്ചെങ്കിലും ഉപഭോക്താക്കൾക്ക് ഡിസ്കൗണ്ട് ഉൾപ്പടെയുള്ള ഓഫറുകൾ നൽകി ടെലികോം രംഗത്ത് സജീവമായി തന്നെ തുടരുകയാണ് ജിയോ. പ്രീപെയ്ഡ് പ്ലാനുകളിലാണ് ജിയോ ഡിസ്കൗണ്ട് നൽകുന്നത്. ഓൾ ഇൻ പ്ലാനുകളായ 444 രൂപയുടെയും 555 രൂപയുടെയും റീച്ചാർജിന് ജിയോ ഡിസ്കൗണ്ട് നൽകുമെന്ന് ടെലികോം ടോക് റിപ്പോർട്ട് ചെയ്യുന്നു. 555 രൂപയുടെ റീചാർജിന് 50 രൂപയും 444 രൂപയുടെ റീചാർജിന് 44 രൂപയും ഡിസ്കൗണ്ടായി ലഭിക്കും.

എന്നാൽ പേടിഎമ്മിന് കീഴെയുള്ള ശുഭ് പേടിഎം ഓഫറിലൂടെ റീചാർജ് ചെയ്താൽ മാത്രമേ ഡിസ്കൗണ്ട് ലഭിക്കൂ. നവംബർ 15 വരെ റീചാർജ് ചെയ്യുന്നവർക്കായിരിക്കും ഡിസ്കൗണ്ട് ലഭിക്കുന്നത്. 555 രൂപയ്ക്ക് റീചാർജ് ചെയ്യുന്നവർ SHUBHP50 എന്ന കൂപ്പൻ കോഡും 444 രൂപയ്ക്ക് റീചാർജ് ചെയ്യുന്നവർ SHUBHP44 എന്ന കൂപ്പൻ കോഡും ഉപയോഗിക്കണം.

നേരത്തെ റിലയൻസ് ജിയോ മറ്റു നെറ്റ്‌വർക്കുകളിലേക്കുള്ള സൗജന്യ വോയ്സ് കോൾ അവസാനിപ്പിച്ചിരുന്നു. എയർടെൽ, വോഡഫോൺ ഉൾപ്പടെയുള്ള നെറ്റ്‌വർക്കുകളിലേക്ക് വിളിക്കുമ്പോൾ ഇനി ജിയോ ഉപഭോക്താക്കൾ മിനിറ്റിന് ആറ് പൈസ വീതം നൽകണം. ട്രായ് ഐയുസി (ഇന്രർകണക്ട് യുസേജ് ചാർജ്) നിബന്ധന കർശനമാക്കിയതോടെയാണ് മറ്റു നെറ്റ്‌വർക്കുകളിലേക്കുള്ള കോളുകൾക്ക് ജിയോ ഉപഭോക്താക്കളും ഇനി പണം നൽകേണ്ടി വരുന്നത്. അതേസമയം, ജിയോയിൽ നിന്ന് ജിയോയിലേക്ക് വിളിക്കുമ്പോൾ ഈ പണം പോകില്ല.

ഒരു ജിയോ ഉപഭോക്താവിന് 124 മിനിറ്റ് ഐയുസി കോൾ ചെയ്യാൻ 10 രൂപയ്ക്ക് ടോപ് അപ് ചെയ്യേണ്ടി വരും. ഇതിനു പകരമായി 1 ജിബി ഡാറ്റ ഉപയോക്താവിന് ജിയോ സൗജന്യമായി നൽകും. 20 രൂപയ്ക്ക് ടോപ് അപ് ചെയ്യേണ്ടി വന്നാൽ 2 ജിബി ഡേറ്റ ലഭിക്കും. 249 മിനിറ്റ് സംസാരിക്കുന്നതിന് 20 രൂപയുടെയും 656 മിനിറ്റ് സംസാരിക്കുന്നതിന് 50 രൂപയുടെയും 1362 മിനിറ്റ് സംസാരിക്കുന്നതിന് 100 രൂപയുടെയും വൗച്ചറാണ് ഉപയോഗിക്കേണ്ടത്. ഇതിന് പരിഹാരമായി 10 രൂപയ്ക്ക് 1 GBയും 20 രൂപയ്ക്ക് 2 GBയും 50 രൂപയ്ക്ക് 3 GBയും 100 രൂപയ്ക്ക് 10 GBയും ഡാറ്റ ജിയോ ഉപഭോക്താവിന് കമ്പനി നൽകും. ഇതിനു പകരമാണ് ജിയോ ഓൾ ഇൻ വൺ പ്ലാനും അവതരിപ്പിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook