പണമടച്ചാൽ മാത്രമേ ഇനി മുതൽ റിലയൻസ് ജിയോ സേവനങ്ങൾ ലഭ്യമാകൂ. ജിയോ പ്രൈമിലേക്ക് മാറാനുള്ള അവസാന തീയ്യതി ഏപ്രിൽ 15 ന് അവസാനിച്ച ശേഷം പുതിയ പ്ലാനുകൾ, ഇനിയും പ്രൈമിലേക്ക് മാറാത്ത ഉപഭോക്താക്കൾക്കായി അവർ അവതരിപ്പിച്ചിട്ടുണ്ട്.

509 രൂപയുടെ ആദ്യ റീച്ചാർജ് ചെയ്യാത്തവരുടെയും ആകെ 408 രൂപ അടച്ച് ജിയോ പ്രൈം അംഗങ്ങളാകാത്തവർക്കും ഇനി ജിയോ സേവനങ്ങൾ ലഭിക്കില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പടിപടിയായി അവർ ഈ സൗജന്യ സേവനം നിർത്തലാക്കും.

നിലവിൽ ജിയോ പലതരം പ്ലാനുകൾ ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. ഇനി പണമടക്കാതെ ആർക്കും ജിയോ സേവനങ്ങൾ ലഭ്യമാകില്ലെന്നിരിക്കെ ഈ ഉപഭോക്താക്കളെ കാത്തിരിക്കുന്ന ജിയോ പ്ലാനുകൾ ഏതൊക്കെയെന്ന് അറിയാം.

ജിയോ വെബ്സൈറ്റിലേക്ക് പോയാൽ അവിടെ മുൻഗണന നൽകിയിരിക്കുന്നത് ജിയോ പ്രൈം പ്ലാനിനാണെന്ന് വ്യക്തം. ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിട്ടില്ല. അതേ സമയം 309 രൂപയുടെയും 509 രൂപയുടെ പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിട്ടുള്ളത്.

ജിയോ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കളുടെ പ്ലാനുകളെന്തെന്ന് ഇതിൽ വ്യക്തമല്ല. അതേസമയം മൂന്ന് പ്ലാനുകൾ മാത്രമാണ് റീച്ചാർജ് വിഭാഗത്തിൽ ഇപ്പോൾ ജിയോ ഉൾപ്പെടുത്തിയിരിക്കുന്നത്.

309 രൂപ റീച്ചാർജ് ചെയ്‌താൽ ലഭിക്കുന്നത് ദിവസം ഒരു ജിബി വീതം 84 ജിബിയാണ്. പ്രതിദിനം 100 എസ്എംഎസും പരിധിയില്ലാതെ കോളും ലഭിക്കും. 84 ദിവസം കഴിഞ്ഞാൽ പിന്നീട് 309 രൂപ റീച്ചാർജ് ചെയ്യുമ്പോൾ 28 ദിവസത്തേക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

509 രൂപ റീച്ചാർജിന് 84 ദിവസത്തേക്ക് 168 ജിബിയാണ് ലഭിക്കുക. പ്രതിദിനം 2 ജിബി വീതം ഉപയോഗിക്കാൻ സാധിക്കും. 309 രൂപ പ്ലാനിന് സമമാണ് മറ്റ് ആനുകൂല്യങ്ങൾ.

പ്രൈമിലെ ഏറ്റവും കുറഞ്ഞ പ്ലാൻ 149 രൂപയുടേതാണ്. 28 ദിവസത്തേക്ക് 2 ജിബി ഡാറ്റയും 300 എസ്എംഎസും പരിധിയില്ലാത്ത കോളുമാണ് നൽകുന്നത്.

എന്നാൽ 303 രൂപയുടെ സമ്മർ സർപ്രൈസ് ഓഫർ ലഭിച്ചിട്ടുണ്ടെങ്കിൽ അടുത്ത മൂന്ന് മാസത്തേക്ക് ജിയോ പ്ലാനിനെ കുറിച്ച് ആരും വേവലാതിപ്പെടേണ്ട കാര്യമില്ല. അവർക്ക് ജിയോ പ്രൈമിലെ ആനുകൂല്യങ്ങൾ സൗജന്യമായി തുടർന്നും ലഭിക്കും.

ഈ ഓഫറിനെ ജിയോ ധൻ ധനാ ധൻ ഓഫറായാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റത്തവണ മാത്രമേ ഈ ഓഫറിൽ റീച്ചാർജ് ചെയ്യാനാകൂ. ഇന്റർനെറ്റ് ലഭ്യതയിലാണ് ജിയോ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. 11 രൂപ മുതൽ 301 രൂപ വരെയുള്ള ബൂസ്റ്റർ പാക്കുകൾ ഇതിൽ ലഭ്യമാണ്.

11 രൂപയ്ക്ക് 100 എംബിയും 51 രൂപയ്‌ക്ക് 1 ജിബിയും 91 രൂപയ്ക്ക് 2 ജിബിയും 201 രൂപയ്ക്ക് 5ജിബിയും 301 രൂപയ്ക്ക് 10 ജിബിയും ബൂസ്റ്റർ പാക്ക് വഴി ലഭിക്കും.ഇവയ്ക്ക് കാലാവധി നിശ്ചയിച്ചിട്ടില്ല.

309 രൂപ അടയ്ക്കാൻ സാധിക്കാത്തവർക്ക് മറ്റ് പ്ലാനുകൾ ജിയോ അവതരിപ്പിച്ചിട്ടുണ്ട്. 19 രൂപയുടെ ജിയോ പ്രൈം ഓഫറിൽ 200 എംബി ഡാറ്റ, പരിധിയില്ലാതെ കോൾ, 100 എസ്എംഎസ് എന്നിവ ഒരു ദിവസത്തേക്ക് ലഭിക്കും.

49 രൂപയുടെ പ്ലാനിൽ 600 എംബിയാണ് പ്രൈം ഉപഭോക്താക്കൾക്ക് ലഭിക്കുക. നോൺ പ്രൈം ഉപഭോക്താക്കൾക്ക് ഇത് 300 എംബി ആയിരിക്കും. മൂന്ന് ദിവസത്തെ കാലാവധിയിൽ പരിധിയില്ലാതെ കോൾ വിളിക്കാം എന്നതിന് പുറമേ മുന്നൂറ് എസ്എംഎസും ലഭിക്കും.

96 രൂപയുടെ പാക്കിൽ 1 ജിബി ഡാറ്റ വീതം ഏഴ് ദിവസത്തേക്ക് ലഭിക്കുക. നോൺ പ്രൈം ഉപഭോക്താക്കൾക്ക് 600 എംബിയാകും ഒരു ദിവസം ലഭിക്കുക. 100 എസ്എംഎസ്, പരിധിയില്ലാതെ കോൾ എന്നിവ ഇവിടെയും ലഭിക്കും.

ഐഎസ്‌ഡി പാക്കിൽ 501 രൂപയ്ക്ക് റീച്ചാർജ് ചെയ്താൽ 435.65 രൂപ ലഭിക്കും. 28 ദിവസത്തേക്കാണ് കാലാവധി. 201 രൂപയ്ക്കുള്ള എസ്എംഎസ് പാക്കിൽ 175 രൂപ ലഭിക്കും. ഇത് വഴി 85 പൈസ നിരക്കിൽ രാജ്യത്തിനകത്ത് എവിടേക്കും എസ്എംഎസ് അയക്കാം. അന്താരാഷ്ട്ര എസ്എംഎസുകൾക്ക് 5 രൂപ ഈടാക്കും.

അതേസമയം ടോക്ടൈം റീച്ചാർജുകളിൽ 100, 150, 200, 300, 5000 രൂപകൾ ഫുൾ ടോക് ടൈം ലഭിക്കും. വോയ്‌സ് കോളുകൾ എപ്പോഴും സൗജന്യമായിരിക്കുമെന്നിരിക്കെ എന്തുകൊണ്ടാണ് ഈ ഓഫറുകൾ ജിയോ പ്രഖ്യാപിച്ചെന്നത് വ്യക്തമല്ല. ഇന്റർനാഷണൽ റോമിംഗ് പായ്ക്കുകൾ ജിയോ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ