റിലയൻസ് വില കുറഞ്ഞ സ്മാർട്ഫോൺ ആയ ജിയോ 4 ജി ഫോൺ പുറത്തിറക്കി. മുംബൈയിൽ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തിൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഫോൺ ഔദ്യോഗികമായി പുറത്തിറക്കിയത്. 4 ജി ഫീച്ചറാണ് ഫോണിന്റെ പ്രധാന സവിശേഷത.

ഇന്ത്യയിൽതന്നെയാണ് ഫോൺ വികസിപ്പിച്ചെടുത്തത്. 100 ശതമാനം 4ജി എൽടിഎ ഫോണാണിത്. വോയിസ് കമാൻഡിൽ പ്രവർത്തിക്കാൻ ഫോണിന് കഴിയും. ടിവിയുമായി ബന്ധിപ്പിച്ച് ചാനലുകൾ കാണാനുളള സംവിധാനവുമുണ്ട്. ജിയോ ഫോണിൽനിന്നുള്ള എല്ലാ വോയിസ് കോളുകളും സൗജന്യമാണ്. ഓഗസ്റ്റ് 21 മുതൽ ഫോൺ ബുക്ക് ചെയ്യാം. 2017 അവസാനത്തോടെ ഫോൺ ലഭ്യമാക്കി തുടങ്ങാനാണ് തീരുമാനം. ഓരോ ആഴ്ചയും 5 മില്യൻ ഫോണുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഓഗസ്റ്റ് 15 മുതൽ 153 രൂപയ്ക്ക് ജിയോ ഫോൺ വഴി അൺലിമിറ്റഡ് ഡേറ്റ നൽകുമെന്നതാണ് പ്രധാന പ്രഖ്യാപനം. 54 രൂപയുടെ വീക്കിലി പ്ലാനിലും രണ്ടു ദിവസത്തെ കാലയളവിൽ 24 രൂപയ്ക്കുളള പ്ലാനിലും ഇതേ ഫീച്ചറുകൾ ലഭിക്കും. ജിയോ ഫോൺ ഉപഭോക്താക്കൾക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്ന നിലയിൽ 1500 രൂപ നൽകണം. ഇത് മൂന്നുവർഷത്തിനുശേഷം തിരിച്ചു നൽകുമെന്നും അംബാനി പറഞ്ഞു.

ജിയോ ഉപഭോക്താക്കളുടെ എണ്ണം 125 മില്യൻ കടന്നതായി ചടങ്ങിൽ അംബാനി പറഞ്ഞു. ജിയോ പ്രൈം ഉപഭോക്താക്കൾക്ക് നിലവിലെ ഓഫർ തുടരും. ജിയോയുടെ വരവോടെ ഡാറ്റയുടെ ഉപഭോഗം 20 കോടിയിൽനിന്ന് 120 കോടിയായി രാജ്യത്ത് ഉയർന്നു. ലോകത്ത് ഏറ്റവും കൂടുതൽ മൊബൈൽ ഡാറ്റ ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ മാറി. റിലയൻസ് ജിയോക്ക് നൽകിയ പിന്തുണക്ക് നന്ദി പറയുന്നുവെന്നും അംബാനി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ