രാജ്യത്ത് മറ്റൊരു ഡിജിറ്റൽ വിപ്ലവത്തിന് തുടക്കം കുറിക്കുകയാണ് ജിയോ. മുകേഷ് അംബാനിയുടെ ജിയോ നെറ്റ്‌വർക്കിന്റെ ആദ്യ ബ്രോഡ് ബാൻഡ് സർവ്വീസായ ജിയോ ഗിഗാ ഫൈബർ എഫ്റ്റിറ്റിഎച്ചിൽ (ഫൈബർ-ടു-ദി-ഹോം) നാളെ മുതൽ റജിസ്റ്റർ ചെയ്തു തുടങ്ങാം. വീടുകൾക്കും ഓഫീസുകൾക്കും ചെറുകിട-വൻകിട വ്യാപാര സ്ഥാപനങ്ങൾക്കും ഏറെ ഉപയോഗപ്പെടുന്ന രീതിയിലാണ് ജിയോയുടെ ബ്രോഡ് ബ്രാൻഡ് സർവ്വീസ്.

നാളെ മുതൽ റജിസ്റ്റർ ചെയ്ത് തുടങ്ങാമെങ്കിലും തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലും ചെറുപട്ടണങ്ങളിലും മാത്രമേ ജിയോ ഫൈബർ ബ്രോഡ്ബാൻഡ് സർവ്വീസ് ലഭ്യമാകൂ. എന്നാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് നെറ്റ്‌വർക്ക് ഉടൻ വ്യാപിപ്പിക്കുമെന്നാണ് സൂചന. ജിയോ മൊബൈൽ അപ്ലിക്കേഷൻ വഴിയും ജിയോ ഡോട് കോമിലൂടെയും ഉപഭോക്താക്കൾക്ക് റജിസ്റ്റർ ചെയ്യാവുന്നതാണ്.

തുടക്കത്തിൽ സൗജന്യമായി ആവശ്യക്കാർക്ക് ജിയോ ബ്രോഡ് ബ്രാൻഡ് സർവീസിൽ റജിസ്റ്റർ ചെയ്യാവുന്നതാണ്. പേരും വിലാസവും മറ്റ് വിവരങ്ങളും നൽകി റജിസ്റ്റർ ചെയ്യാൻ സാധിക്കും. ഉപയോഗിച്ചു തുടങ്ങുമ്പോൾ പ്രതിമാസം നിശ്ചിത തുക അടയ്ക്കേണ്ടിവരും. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ജിയോ പുറത്തുവിട്ടട്ടില്ല. നിലവിലെ നിരക്കുകളിൽനിന്നും 50 ശതമാനം കുറവ് ജിയോ ബ്രോഡ് ബ്രാൻഡ് സർവ്വീസിൽ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.

പരീക്ഷണാടിസ്ഥാനത്തിൽ പ്രതിമാസം 100 ജിബിയുടെ മൂന്ന് മാസ പാക്കേജാണ്‌ നൽകുക. ഇത് തീരുന്ന പക്ഷം വ്യത്യസ്ത നിരക്കുകളിൽ പാക്കേജുകൾ ലഭ്യമാകും. 4500 രൂപ ഉപഭോക്താവിന് തിരിച്ചുകിട്ടുന്ന നിക്ഷേപമാകും ജിയോ ഫൈബർ ബ്രോഡ് ബ്രാൻഡിന് ഈടാക്കുക.

റജിസ്റ്റർ ചെയ്യുന്ന ഉപഭോക്താവിന് ജിയോ ഗിഗാ ടിവിയും, റൂട്ടറും വഴി ഇന്റർനെറ്റ്‌ ഉപയോഗിക്കാം. സെക്കന്റിൽ 1 ജിബി ഡാറ്റ ഉപയോഗിക്കാവുന്ന തരത്തിലാണ് ജിയോ ഗിഗാ റൂട്ടർ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. 600 ലധികം ചാനലുകളും 1000 ത്തിലധികം സിനിമകളും ലക്ഷക്കണക്കിന് പാട്ടുകളും ജിയോ ഗിഗാ ടിവിയിലൂടെ ആസ്വദിക്കാവുന്നതാണ്.

ഒരു ബ്രോഡ് ബ്രാൻഡ് സർവ്വീസിലുപരിയായിരിക്കും ജിയോ ഫൈബറിന്റെ പ്രവർത്തനമെന്നും കരുതപ്പെടുന്നു. ഐപിടിവി, ലാൻഡ് ഫോൺ, വീഡിയോ കോൺഫറൻസിങ്, വിർച്വൽ റിയാലിറ്റി എന്നിവയുടെ സംയോജനമാകും ജിയോ ഗിഗാ ഫൈബർ. ബ്രോഡ്ബാൻഡ് സർവ്വീസിനൊപ്പം സ്മാർട്ട്‌ ഹോം മാർക്കറ്റിലേക്കാണ് ജിയോ കണ്ണുവയ്ക്കുന്നത്. സ്മാർട്ട്‌ ക്യാമറകൾ, സ്മാർട്ട്‌ ബൾബുകൾ ഉൾപ്പടെയുള്ള ഗൃഹോപകരണങ്ങൾ ജിയോ ലഭ്യമാക്കും. മൈ ജിയോ അപ്ലിക്കേഷൻ വഴി എവിടെയിരുന്നു നിയന്ത്രിക്കാൻ കഴിയുന്നവയാണ് ഈ ഉപകരണങ്ങൾ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ