റിലയൻസ് ജിയോ ദിവാലി ധമാക്ക സെയിലിലൂടെ ജിയോ ഫോൺ 2 വിന്റെ വിൽപനയ്ക്ക് നവംബർ 5 രാത്രി 12 ന് തുടക്കമാകും. നവംബർ 12 വരെയാണ് വിൽപനയുണ്ടാവുക. പേടിഎം വഴി ജിയോഫോൺ 2 വാങ്ങുന്നവർക്ക് 200 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കും. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ലോഞ്ച് ചെയ്തശേഷം ആദ്യമായാണ് ഫോൺ ഓപ്പൺ സെയിലിനെത്തുന്നത്. ഇതുവരെ ഫ്ലാഷ് സെയിൽ വഴി മാത്രമാണ് ഫോൺ വാങ്ങാൻ കഴിഞ്ഞിരുന്നത്.
2,999 രൂപയാണ് ജിയോഫോൺ 2 വിന്റെ വില. ജിയോഫോണിന്റെ വിജയത്തോടെയാണ് റിലയൻസ് ജിയോഫോൺ 2 അവതരിപ്പിച്ചത്. അടുത്ത തലമുറയുടെ ഫോൺ എന്ന വിശേഷണത്തോടെ എത്തിയ ജിയോഫോൺ 2 വിന് വൈഡർ ആന്റ് ഹൊറിസോണ്ടൽ ഡിസ്‌പ്ലെയും ഫുൾ സൈസ്ഡ് ക്വർട്ടി കീപാഡുമാണുളളത്. 512 എംബി റാമാണുളളത്. 4 ജിബി ഇന്റേണൽ സ്റ്റോറേജുണ്ട്. 128 ജിബി വരെ സ്റ്റോറേജ് കൂട്ടാൻ കഴിയും.
ഡ്യുവൽ സിം ആണ് ഫോണിനുളളത്. എഫ്എം റേഡിയോയും ഫോണിന്റെ പ്രത്യേകതയാണ്. 2,000 എംഎച്ച് ബാറ്ററി കപ്പാസിറ്റിയാണ് ഫോണിനുളളത്.
ദിവാലി സെയിലിന്റെ ഭാഗമായി 1,095 രൂപയുടെ ജിയോഫോൺ ഗിഫ്റ്റ് കാർഡും റിലയൻസ് പുറത്തിറക്കിയിട്ടുണ്ട്. 594 രൂപയ്ക്ക് റീചാർജ് ചെയ്താൽ ആറുമാസത്തേക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും ഡേറ്റയും ലഭിക്കുന്ന പ്ലാനുമുണ്ട്. ഇതിനുപുറമേ ആറുമാസത്തേക്ക് 99 രൂപയുടെ റീചാർജുമുണ്ട്.
ജിയോ ദിവാലി ധമാക്കയുടെ ഭാഗമായി മറ്റു നിരവധി ഓഫറുകളും ജിയോ പുറത്തിറക്കിയിട്ടുണ്ട്. 4 ജി ഫോൺ വാങ്ങുന്നവർക്ക് 2,200 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കും. 198, 299 രൂപയുടെ റീചാർജ് ചെയ്യുന്ന പുതിയ ഉപഭോക്താക്കൾക്കും നിലവിലുളള ഉപഭോക്താക്കൾക്കും ഈ ഓഫർ സ്വന്തമാക്കാം. പേടിഎം, ഫോൺപേ, ആമസോൺ പേ, മൊബിക്വിക് എന്നിവ വഴി 398 രൂപയോ അതിനു മുകളിലോ റീചാർജ് ചെയ്യുന്നവർക്ക് 300 രൂപ ക്യാഷ്ബാക്ക് ലഭിക്കുന്ന ഓഫറുമുണ്ട്.