റിലയൻസ് ജിയോ ഉപഭോക്താക്കളുടെ മുഴുവൻ വിവരങ്ങളും മറ്റൊരു സ്വകാര്യ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയതോടെ വലിയ ആശങ്കയാണ് ഇക്കാര്യത്തിലുള്ളത്. www.magicapk.com എന്ന വെബ്സൈറ്റാണ് ഈ വിവരങ്ങൾ പരസ്യപ്പെടുത്തിയത്. സംഭവം പുറത്തറിഞ്ഞതോടെ അണിയറക്കാർ ഈ വെബ്സൈറ്റ് പിൻവലിച്ച് അന്വേഷണ വഴികൾ അടച്ചു.

സ്വന്തം വിശ്വാസ്യത തന്നെ അപകടാവസ്ഥയിലായ സാഹചര്യത്തിൽ റിലയൻസ് തന്നെ ഈ വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോൺഅരീന (Fonearena.com) വെബ്സൈറ്റ് പുറത്തുവിട്ട വാർത്ത പ്രകാരം ഇന്ത്യൻ എക്സ്‌പ്രസ് നടത്തിയ പരിശോധനയിലും ഇത് ഉപഭോക്താക്കളുടെ യഥാർത്ഥ വിവരങ്ങളാണെന്ന് വ്യക്തമായി.

പേര്, നമ്പർ, ഇമെയിൽ ഐഡി, സിം ആക്ടിവേറ്റ് ചെയ്ത തീയ്യതി, ഉപഭോക്താവിന്റെ ലൊക്കേഷൻ എന്നിവ വളരെ കൃത്യമായാണ് വെബ്സൈറ്റ് പ്രദർശിപ്പിച്ചത്. ആധാർ നമ്പർ ഈ വെബ്സൈറ്റിൽ കണ്ടില്ല.

എന്നാൽ വിവരങ്ങൾ ചോർന്നിട്ടും ജിയോയുടെ മാതൃസ്ഥാപനമായ റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡിന്റെ ഷെയർ മൂല്യത്തിൽ വൻ കുതിപ്പാണ് ഇന്നുണ്ടായത്. കഴിഞ്ഞ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന മൂല്യമാണ് ഇന്ന് രാവിലെ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ റിലയൻസിന്റെ ഷെയറുകൾക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.

1492 രൂപയിൽ ഇന്ന് വിപണനം ആരംഭിച്ച ഷെയറുകൾ 10.30 ന് 1503 ൽ എത്തി. പിന്നീട് ഇവിടെ നിന്നും ഉയർന്ന് 52 ആഴ്ചയിലെ ഉയർന്ന വിലയായ 1508 ലും എത്തി.

റിലയൻസ് വിവരങ്ങൾ ചോരുന്നത് ഏത് വിധത്തിൽ ബാധിക്കും?

റിലയൻസ് ജിയോ ഉപഭോക്താക്കളുടെ മുഴുവൻ വിവരങ്ങളും magicapk.com പുറത്തുവിട്ടിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ചവർക്കെല്ലാം ജിയോ വിവരങ്ങൾ ചോർന്ന കാര്യം വ്യക്തമായി. ചില ഉപഭോക്താക്കളുടെ ആധാർ നമ്പറുൾപ്പടെ പേര്, നമ്പർ, ഇമെയിൽ ഐഡി, സിം ആക്ടിവേറ്റ് ചെയ്ത തീയ്യതി, ഉപഭോക്താവിന്റെ ലൊക്കേഷൻ എന്നിവ വെബ്സൈറ്റ് പുറത്തുവിട്ടിരുന്നു.

രാജ്യത്താകമാനം കുറഞ്ഞ കാലയളവിനുള്ളിൽ 12 കോടി ഉപഭോക്താക്കളാണ് ജിയോയ്ക്ക് ഉണ്ടായത്. ഇവരുടെ എല്ലാം വിവരങ്ങൾ ചോർന്നതോടെ വളരെ ഗുരുതരമായ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. എന്നാൽ മുഴുവൻ വിവരങ്ങളും നഷ്ടമായോ എന്ന കാര്യം ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ജിയോ നമ്പറുകൾക്കായി ആധാർ നമ്പറും നൽകിയിട്ടുണ്ട് എന്നത് കൊണ്ട് തന്നെ ഏറ്റവും ഗൗരവമേറിയ വിഷയമായി ഇത് മാറി.


റിലയൻസ് ജിയോയുടെ പ്രതികരണം

പുറത്തുപോയ വിവരങ്ങൾ യഥാർത്ഥ വിവരങ്ങളല്ലെന്ന് പ്രാഥമികാന്വേഷണത്തിൽ തന്നെ വ്യക്തമായതായാണ് ജിയോ പുറത്തുവിട്ടിരിക്കുന്ന പ്രസ്താവന. ഇക്കാര്യത്തിൽ വളരെ ഗൗരവത്തോടെയുള്ള അന്വേഷണം ആരംഭിച്ചതായും ജിയോ പ്രതികരിച്ചു.

“ഉപഭോക്താക്കളുടെ വിവരങ്ങൾ സുരക്ഷിതമാണ്. ഉയർന്ന സുരക്ഷിതത്വത്തിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്. സർക്കാർ വകുപ്പുകളുമായി അത്യാവശ്യ ഘട്ടങ്ങളിൽ ആവശ്യമായ രേഖകൾ മാത്രമാണ് കൈമാറാറുള്ളത്. സർക്കാർ ഏജൻസികളെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്”, എന്നും ജിയോ വക്താവ് അറിയിച്ചു.

ആരാണ് വിവരങ്ങൾ പുറത്തുവിട്ടത്?

വിവരങ്ങൾ എല്ലാം ജിയോയുടെ കൈവശം സുരക്ഷിതമായി ഉണ്ടെന്നാണ് റിലയൻസ് ജിയോ വ്യക്തമാക്കിയിരിക്കുന്നത്. എങ്കിലും ഇതുവരെ വിവരങ്ങൾ നഷ്ടമായത് എങ്ങിനെയെന്ന് വ്യക്തമായിട്ടില്ല. ആദ്യത്തെ പരിശോധനയിൽ നഷ്ടപ്പെട്ടത് യഥാർത്ഥ വിവരങ്ങളാണെന്ന് കണ്ടെത്തിയിട്ടും ഉണ്ട്.

ഗോഡാഡി(Godaddy) യിലാണ് magicapk.com രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ മെയ് മാസത്തിൽ രജിസ്റ്റർ ചെയ്ത വെബ്സൈറ്റ് ഇപ്പോൾ പിൻവലിക്കപ്പെട്ട നിലയിലാണ്. ഇതുവരെയും ആരും ഈ വിവരങ്ങൾ ചോർത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നോട്ട് വന്നിട്ടില്ല.

ആധാർ വിവരങ്ങളും സമ്പൂർണ്ണമായി ചോർന്നോ?

ഭൂരിഭാഗം ജിയോ നമ്പറുകളും ആധാറുമായി ബന്ധിപ്പിച്ചത് കൊണ്ട് തന്നെ, ഈ വിവരങ്ങൾ നഷ്ടമാകുന്നത് ജിയോ ഉപഭോക്താക്കൾക്കും ശുഭകരമായ വാർത്തയല്ല. മൊബൈൽ നമ്പറുകൾ ഇമെയിൽ വിവരങ്ങൾ എന്നിവ ചോർന്നത് കൊണ്ട് തന്നെ ഇത് ഏത് വിധത്തിൽ വേണമെങ്കിലും ഉപയോഗിക്കാൻ സാധിക്കും.

മറ്റ് മൊബൈൽ സേവന ദാതാക്കളും ആധാർ വിവരങ്ങൾ ഉപയോഗിച്ച് സേവനങ്ങൾ നൽകി തുടങ്ങിയതോടെ സർക്കാർ തന്നെ വിവരങ്ങൾ സുരക്ഷിതമായി നിലനിർത്തേണ്ട ഘട്ടമെത്തിയിരിക്കുകയാണ്. മുൻപും ആധാർ വിവരങ്ങൾ പൂർണ്ണമായും നഷ്ടപ്പെട്ടിട്ടുണ്ട്. നേരത്തേ ആക്ടിവിസ്റ്റുകൾ ഉയർത്തിയ പ്രധാന സംശയമാണ് ഇതോടെ സത്യമായിരിക്കുന്നത്.


ആധാറിലെ ബയോമെട്രിക് വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നത് എങ്ങിനെ?

നിങ്ങളുടെ നിലവിലെ മൊബൈൽ നമ്പറുമായി ആധാർ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ഈ വിവരങ്ങൾ ലോക്ക് ചെയ്യാൻ സാധിക്കും. എന്നാൽ ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ഉടൻ തന്നെ അടുത്തുള്ള അക്ഷയ കേന്ദ്രത്തിൽ പോയി ഈ ഇപ്പോഴത്തെ നമ്പറും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കണം.

നമ്പർ ബന്ധിപ്പിച്ചവർക്ക് HTTPS://www.resident.uidai.gov.in/biometric-lock എന്ന ലിങ്കിൽ പോയാൽ ആധാർ ലോക് ചെയ്യാൻ സാധിക്കും. യുഐഡിഎഐ വെബ്സൈറ്റ് (UIDAI) വഴിയും ആധാർ വിവരങ്ങൾ ലോക് ചെയ്യാൻ സാധിക്കും. സൈറ്റിൽ വലത് വശത്ത് ആധാർ സർവ്വീസ് എന്ന ടീബിന് കീഴിൽ ഇതിനുള്ള ഓപ്ഷൻ ഉണ്ട്.

ഈ ടാബ് തുറന്നാൽ 12 അക്ക ആധാർ നമ്പർ നൽകാൻ വെബ്സൈറ്റിൽ ആവശ്യപ്പെടും. ആധാറിൽ ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് ഒറ്റത്തവണ പാസ്‌വേഡ് ലഭിക്കും. ഇത് നൽകിയ ശേഷം വെരിഫൈ ബട്ടണിൽ ക്ലിക് ചെയ്താൽ തുറന്ന് വരുന്ന ബോക്സിൽ ബയോമെട്രിക് വിവരങ്ങൾ ലോക് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്.

ബയോമെട്രിക് ലോക്കിംഗ് ഓപ്ഷന് നേരെയുള്ള ചെക് ബട്ടണിൽ ടിക് മാർക് രേഖപ്പെടുത്തിയ ശേഷം enable ബട്ടൺ കൂടി അമർത്തണം. ഒരിക്കൽ നിങ്ങൾ ബയോമെട്രിക് വിവരങ്ങൾ ലോക്ക് ചെയ്താൽ മറ്റൊരാൾക്കും ഈ വിവരങ്ങൾ കാണാൻ സാധിക്കില്ല. ലോക് ചെയ്താൽ പിന്നീട് മറ്റെന്തെങ്കിലും സേവനം ലഭിക്കണമെങ്കിൽ ആധാർ ബയോമെട്രിക് വിവരങ്ങൾ അൺലോക് ചെയ്യേണ്ടി വരും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ