രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ ജിയോയും എയർടെല്ലും കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാകുന്നു. ലോകത്ത് 90 രാജ്യങ്ങളിലായി ആയിരകണക്കിന് ആളുകളാണ് വൈറസ് ബാധയേറ്റ് ചികിത്സയിലുള്ളത്. ഇന്ത്യയിലും 31 പേർക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ടെലികോം കമ്പനികളും രംഗത്തെത്തിയിരിക്കുന്നത്.

ഇപ്പോൾ ജിയോ നമ്പരിലേക്ക് വിളിക്കുമ്പോൾ കോളർ കോളർട്യൂണിന് പകരം രോഗത്തിനെതിരായ പ്രതിരോധ നടപടികളെക്കുറിച്ച് റെക്കോർഡു ചെയ്‌ത സന്ദേശമാകും കേൾക്കുക. രാജ്യത്തെ കൊറോണയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകളും ഉപഭോക്താക്കൾക്ക് ലഭ്യമാകും. ജിയോയ്ക്കും എയർടെല്ലിനും പുറമെ ബിഎസ്എൻഎല്ലും സമാനമായ സേവനം ലഭ്യമാക്കുന്നുണ്ട്.

Also Read: കൊറോണ വെെറസ്: രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു, മരണസംഖ്യയും ഉയരുന്നു

ഹിന്ദിയിലും ഇംഗ്ലിഷിലുമാണ് സന്ദേശം. “കൊറോണ വൈറസ് പടരുന്നത് തടയാൻ നിങ്ങൾക്ക് കഴിയും. ചുമ അല്ലെങ്കിൽ തുമ്മൽ സമയത്ത് ഒരു തൂവാല ഉപയോഗിച്ച് മുഖം സംരക്ഷിക്കുക. തുടർച്ചയായി സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക. മുഖം, കണ്ണുകൾ, മൂക്ക് എന്നിവ തൊടരുത്.” സന്ദേശത്തിൽ പറയുന്നു.

കൊവിഡ് 19 വെെറസ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 3,495 ആയി. ദിനംപ്രതി മരണസംഖ്യ ഉയരുന്നത് ലോകത്തെ ആശങ്കയിലാഴ്‌ത്തുന്നു. ഇതുവരെ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്നു രാവിലെ വരെയുള്ള കണക്കനുസരിച്ച് 102,224 പേർക്കാണ് കൊവിഡ് 19 ബാധിച്ചത്. ഇതിൽ 57,611 പേർ രോഗവിമുക്‌തരായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook