മുകേഷ് അംബാനിയുടെ ടെലികോം കമ്പനിയായ റിലയൻസ് ജിയോയുടെ ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. കഴിഞ്ഞ സെപ്റ്റംബറിൽ മാത്രം 1.3 കോടി ഉപഭോക്താക്കളെയാണ് കമ്പനിക്ക് അധികമായി ലഭിച്ചത്. ജിയോ ഉപഭോക്താക്കളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചത് തിരിച്ചടിയായത് മറ്റ് വൻകിട കമ്പനികൾക്കാണ്.
എയർടെൽ, ഐഡിയ, വോഡഫോൺ എന്നീ മൂന്നു കമ്പനികൾക്കും മൊത്തത്തിൽ നഷ്ടമായത് ഒരു കോടിയോളം ഉപഭോക്താക്കളെയാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) കണക്ക് പ്രകാരം കഴിഞ്ഞ ഓഗസ്റ്റിൽ 23.9 കോടി ഉപഭോക്താക്കളാണ് ജിയോയ്ക്കുണ്ടായിരുന്നത്.
സെപ്റ്റംബർ 2018 വരെയുളള കണക്കനനുസരിച്ച് കമ്പനിയുടെ മൊത്ത ഉപഭോക്താക്കളുടെ എണ്ണം 25.2 കോടിയെന്നാണ് ജിയോ അവകാശപ്പെടുന്നത്. അതേസമയം, ഇൻഡസ്ട്രി ബോഡിയായ സെല്ലുലാർ ഓപ്പററ്റേഴ്സ് അസ്സോസിയേഷൻ (കോയ്) ജിയോ ഉപഭോക്താക്കളുടെ എണ്ണം പുറത്തുവിട്ടട്ടില്ല. ബിഎസ്എൻഎൽ ഉൾപ്പെടെ സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസ്സോസിയേഷനിൽ രജിസ്റ്റർ ചെയ്യാത്ത കമ്പനികളുടെയും ഉപഭോക്താക്കളുടെ എണ്ണം വ്യക്തമല്ല.
അതേസമയം, സെപ്റ്റംബറിൽ 34.58 കോടി ഉപഭോക്താക്കളുണ്ടായിരുന്ന എയർടെല്ലിന് ഓഗസ്റ്റ് ആയപ്പോഴേക്കും ഇത് 34.35 കോടിയായി കുറഞ്ഞതായി കോയ് റിപ്പോർട്ട് ചെയ്യുന്നു. സെപ്റ്റംബറിൽ 21.71 കോടി ഉപഭോക്താക്കളുണ്ടായിരുന്ന ഐഡിയയ്ക്ക് ഓഗസ്റ്റിൽ ഇത് 21.31 കോടിയായി കുറഞ്ഞു. അതായത് 40.61 ലക്ഷം ഉപഭോക്താക്കളെയാണ് ഐഡിയയ്ക്ക് നഷ്ടമായത്. സെപ്റ്റംബറിൽ 22.44 കോടി ഉപഭോക്താക്കളുണ്ടായിരുന്ന വോഡഫോണിന് ഓഗസ്റ്റിലിത് 22.18 കോടിയായി കുറഞ്ഞു. ഈ കാലയളവിൽ 37.67 ലക്ഷം പേരാണ് വോഡഫോൺ വേണ്ടെന്നുവച്ചതെന്ന് കോയ് പറയുന്നു.