ഇന്ത്യയിൽ 5 ജി കൊണ്ടുവരാൻ സാംസങ്ങും ജിയോയും കൈകോർക്കുന്നു. ബാഴ്സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഫറൻസിലാണ് പുതിയ പദ്ധതിയെ കുറിച്ചുളള പ്രഖ്യാപനമുണ്ടായത്. കൂടാതെ പുതിയ ഓഫറുകളും പാക്കേജുകളും റിലയൻസ് ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയിൽ പലയിടങ്ങളിലും 4 ജിയ്ക്ക് പോലും സ്‌പീഡ് കുറവായതിനാലാണ് 5 ജിയുമായി ഇവർ എത്തുന്നത്. എല്ലാ ഉപയോക്താക്കൾക്കും അതിവേഗ 5 ജി കണക്ഷൻ എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സാംസങ് സ്‌മാർട്ട്ഫോണുകളിൽ ജിയോ ആപ്പും ഉൾപ്പെടുത്താൻ ധാരണയിലെത്തിയിട്ടുണ്ട്.

170 ദിവസം കൊണ്ടാണ് ജിയോ 100 മിസല്യൻ വരിക്കാരെ സ്വന്തമാക്കിയത്. ലോകത്ത് തന്നെ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന കമ്പനിയാണ് ജിയോയെന്നും റിലയൻസ് ജിയോ ഇൻഫോകോമിന്റെ പ്രസിഡന്റ് ജ്യോതീന്ദ്ര താക്കർ പറഞ്ഞു. ജിയോയുടെ വളർച്ചയിൽ ഭാഗമാവുന്നതിൽ സന്തോഷമുണ്ടെന്നും 5 ജി പോലുളള പദ്ധതികളുമായി ജിയോയോടൊപ്പം പ്രവർത്തിക്കുമെന്നും സാംസങ് വക്താവ് പറഞ്ഞു.

ഇതോടൊപ്പം പുതിയ രണ്ട് താരിഫ് പ്ളാനുകളും ജിയോ അവതരിപ്പിച്ചു. 149,499 രൂപ പാക്കുകൾ ആക്‌ടിവേറ്റ് ചെയ്‌താൽ 2 ജിബി, 60 ജിബി ഡാറ്റ ഉപയോഗിക്കാം. വോയ്സ് കോളും ഫ്രീ ആണ്.

നേരത്തെ ജിയോയുടെ പ്രൈം വരിക്കാരാകാനുളള കാലാവധി മാർച്ച് ഒന്നു മുതൽ മാർച്ച് 31 വരെ നീട്ടിയിരുന്നു. നിലവിൽ ജിയോ വരിക്കാരായിട്ടുളളവർക്കും പുതിയതായി മാർച്ച് 31വരെ വരിക്കാരാകുന്നവർക്കും 4 ജി സേവനം ലഭ്യമാകാൻ 99 രൂപയ്‌ക്ക് ഒരു വർഷത്തേക്കുളള പ്ലാൻ സബ്‌സ്ക്രൈബ് ചെയ്യണം. ജിയോ പ്രൈം വരിക്കാർക്ക് ഇപ്പോൾ 4 ജി സേവനം ലഭിക്കുന്ന അൺലിമിറ്റഡ് ന്യൂ ഇയർ ഓഫർ ഏപ്രിൽ ഒന്നു മുതൽ എല്ലാ മാസവും 303 രൂപ അടച്ച് ഒരു വർഷത്തേക്ക് തുടരാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ