റെഡ്മി Y3, 32 എംപി സെൽഫി ക്യാമറയുളള ഫോണിന്റെ ആദ്യ വിൽപന തുടങ്ങി. ഇന്ത്യയിൽ ആദ്യമായാണ് ഫോൺ വിൽപനയ്ക്കെത്തുന്നത്. 3ജിബി/32ജിബി, 4ജിബി/64ജിബി എന്നിങ്ങനെ രണ്ടു സ്റ്റോറേജ് വേരിയന്റുകളിലാണ് റെഡ്മി Y3 എത്തിയത്. ന്യൂഡൽഹിയിൽ റെഡ്മി 7 പുറത്തിറക്കുന്ന ചടങ്ങിൽ വച്ചാണ് റെഡ്മി Y3 യും പുറത്തിറക്കിയത്.

റെഡ്മി Y3 യുടെ വില തുടങ്ങുന്നത് 9,999 രൂപ മുതലാണ്. ഇന്നു 12 മണി മുതൽ ആമസോൺ, മൈ ഡോട് കോം, മൈ ഹോം സ്റ്റോഴ്സ് എന്നിവ വഴിയാണ് ഫോണിന്റെ വിൽപന തുടങ്ങിയത്. ഇഐഎസ് സപ്പോർട്ടോടു കൂടിയ 32 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഫോണിന്റെ സവിശേഷത. പിന്നിൽ ഇരട്ട ക്യാമറ, സ്നാപ്ഡ്രാഗൺ 632 പ്രൊസസർ എന്നിവയാണ് മറ്റു സവിശേഷതകൾ. 4,000 എംഎഎച്ച് ആണ് റെഡ്മി Y3 യുടെ ബാറ്ററി.

Read: റെഡ്മി 7, റെഡ്മി Y3 ഇന്ത്യയിൽ പുറത്തിറക്കി

റെഡ്മി Y3 യുടെ 3ജിബി റാമും 32 ജിബി സ്റ്റോറേജുമുളള മോഡലിന് 9,999 രൂപയാണ് ഫോണിന്റെ വില. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള മോഡലിന് 11,999 രൂപയാണ് വില. ബോൾഡ് റെഡ്, എലിഗന്റ് ബ്ലൂ, പ്രൈം ബ്ലാക്ക് എന്നീ മൂന്നു നിറങ്ങളാണ് ഫോണിനുളളത്.

റെഡ്മി Y3 യുടെ ആദ്യ വിൽപനയോട് അനുബന്ധിച്ച് ചില ഓഫറുകളുമുണ്ട്. ആദ്യ 10 തവണ അല്ലെങ്കിൽ ആദ്യ 10 മാസം റീചാർജ് ചെയ്യുമ്പോൾ ഇരട്ടി ഡാറ്റ ലഭിക്കുന്ന ഓഫറാണ് എയർടെൽ നൽകുന്നത്. ഇതിനു പുറമേ 249 രൂപയുടെ പ്ലാനിൽ 28 ദിവസത്തെ കാലാവധിയിൽ ദിവസവും 2 ജിബിക്ക് പകരം 4 ജിബിയും 349 രൂപയുടെ പ്ലാനിൽ 28 ദിവസത്തെ കാലാവധിയിൽ 3 ജിബിക്കു പകരം ദിവസവും 6ജിബിയും ലഭിക്കും.

റെഡ്മി Y3 യുടേത് 6.26 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ്. 32 മെഗാപിക്സലാണ് ക്യാമറ. ക്വാൽകം സ്നാപ്ഡ്രാഗൺ 632 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. പിൻക്യാമറ 12എംപി+2എംപി ആണ്. 4000 എംഎഎച്ച് ആണ് ബാറ്ററി. നീല, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളിലാണ് ഫോൺ എത്തിയത്.

റെഡ്മി 7 ന്റെ വിൽപന ഏപ്രിൽ 29 ന് ആമസോൺ, മൈ ഡോട് കോം, മൈ ഹോം സ്റ്റോഴ്സ് എന്നിവ വഴി തുടങ്ങിയിരുന്നു. നാലു വർഷത്തേക്ക് ഇരട്ടി ഡാറ്റ ലഭിക്കുന്ന ജിയോ ഓഫറാണ് വിൽപനയോട് അനുബന്ധിച്ച് ഉപയോക്താക്കൾക്ക് ലഭിച്ചത്.

റെഡ്മി 7 ന്റെ 2 ജിബി റാം, 32 ജിബി സ്റ്റോറേജ് വേരിയന്റിന് 7,999 രൂപയും 3 ജിബി റാം, 32 ജിബി സ്റ്റോറേജ് വേരിയന്റിന് 8,999 രൂപയുമാണ് വില. റെഡ്മി 7 ന്റേത് 6.26 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ്. കറുപ്പ്, ചുവപ്പ്, നീല എന്നീ നിറങ്ങളാണ് ഫോണിനുളളത്. 512 ജിബി വരെ സപ്പോർട്ട് ചെയ്യുന്നതാണ് മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്. 12എംപി+2എംപി ആണ് റിയർ ക്യാമറ. 8 എംപിയാണ് മുൻക്യാമറ. 4000 എംഎഎച്ച് ആണ് ബാറ്ററി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook