റെഡ്മിയുടെ നോട്ട് 12 സീരീസ് ജനുവരി അഞ്ചാം തീയതി ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. റെഡ്മി നോട്ട് 12 5 ജിയും ലോഞ്ചിന്റെ ഭാഗമായിരിക്കുമെന്ന് ഷവോമി സ്ഥിരീകരിച്ചിട്ടുണ്ട്. റെഡ്മി നോട്ട് സീരീസില്‍ നിരവധി വേരിയന്റുകളാണുള്ളത്, നോട്ട്, പ്രൊ നോട്ട്, പ്രൊ പ്ലസ്. കഴിഞ്ഞ വര്‍ഷം നോട്ട് സീരീസില്‍ റെഡ്മി നോട്ട് 11 പ്രൊ പ്ലസ്, നോട്ട് 11 ടി എന്നീ 5 ജി ഫോണുകള്‍ മാത്രമാണ് വിപണിയിലെത്തിയത്. എന്നാല്‍ 2023 ല്‍ കാര്യങ്ങള്‍ മാറ്റിമറിക്കാനൊരുങ്ങുകയാണ് ഷവോമി.
റെഡ്മി നോട്ട് 12 സീരീസ്: സവിശേഷതകള്‍
റെഡ്മി നോട്ട് 12, റെഡ്മി നോട്ട് 12 പ്രൊ, റെഡ്മി നോട്ട് 12 പ്രൊ പ്ലസ് എന്നിവ ഈ വര്‍ഷം ഒക്ടോബറില്‍ ചൈനയില്‍ ലോഞ്ച് ചെയ്തിരുന്നു. പ്രൊ പ്ലസ് വേരിയന്റില്‍ വന്ന പ്രധാന മാറ്റം 5 ജി പിന്തുണയും 200 മെഗാ പിക്സല്‍ (എംപി) വരുന്ന ക്യാമറയുമാണ്. ചൈനയില്‍ ലോഞ്ച് ചെയ്ത റെഡ്മി നോട്ട് 12 ല്‍ വരുന്നത് സ്നാപ്ഡ്രാഗണ്‍ നാലാം ജെനറേഷന് 1 ചിപ്പാണ്. എന്നാല്‍ നോട്ട് 12 പ്രൊയിലും പ്രൊ പ്ലസിലും വരുന്നത് മീഡിയടെക് ഡൈമെന്‍സിറ്റി 1080 ചിപ്പാണ്. ഇന്ത്യയിലും ഇത് തന്നെയാണോ കമ്പനി പിന്തുടരുക എന്നറിയാന്‍ ലോഞ്ച് വരെ കാത്തിരിക്കേണ്ടി വന്നേക്കാം.
ബേസ് മോഡലായ റെഡ്മി 12 ന് 6.67 ഇഞ്ച് ഫുള്‍ എച്ച് ഡി പ്ലസ് ഒഎല്‍ഇഡി ഡിസ്പ്ലെയാണ് വരുന്നത്. 120 ഹേര്‍ട്ട്സ് റിഫ്രഷ് റേറ്റും ലഭിക്കും. 5,000 എംഎഎച്ചാണ് ബാറ്ററി. 33 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുമുണ്ട്. 48 എംപിയാണ് പ്രധാന ക്യാമറ. ഏകദേശം 14,000 രൂപയാണ് വില വരുന്നത്. നോട്ട് 12 പ്രോയിലും നോട്ട് 12 പ്രൊ പ്ലസിലും സ്ക്രീനിന്റെ വലുപ്പവും ഡിസ്പ്ലെയും സമാനമാണെങ്കിലും ഡോള്‍ബി വിഷന്‍ സെര്ട്ടിഫിക്കേഷനുമുണ്ട്.
റെഡ്മി നോട്ട് 12 പ്രൊയ്ക്ക് 67 വാട്ട് ഫാസ്റ്റ് ചാര്‍ജറാണ് കമ്പനി നല്‍കുന്നത്. എന്നാല്‍ പ്രൊ പ്ലസില്‍ 120 വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങ് പിന്തുണയാണുള്ളത്. റെഡ്മി നോട്ട് 12 പ്രൊ പ്ലസിന്റെ പ്രധാന ക്യമറ 200 എംപിയാണ്. 12 പ്രോയില്‍ 50 എംപിയാണ് ക്യാമറ.