ഷവോമിയുടെ റെഡ്മി നോട്ട് 11 പ്രോ സീരീസ് മാർച്ച് 9 ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഷവോമി ഇതിനകം തന്നെ മൂന്ന് റെഡ്മി നോട്ട് 11 വേരിയന്റുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ നോട്ട് 11എസ്, റെഡ്മി നോട്ട് 11ടി, റെഡ്മി നോട്ട് 11 എന്നിവ ഉൾപ്പെടുന്നു. റെഡ്മി നോട്ട് 11 പ്രോ, റെഡ്മി നോട്ട് 11 പ്രോ പ്ലസ് ഫോണുകൾ 5ജി യിൽ ആകുമെന്ന് കമ്പനിയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.
റെഡ്മി നോട്ട് 11 പ്രോ സീരീസ് കഴിഞ്ഞ വർഷം തന്നെ ഷവോമി ചൈനീസ് വിപണിയിൽ അവതരിപ്പിച്ചിരുന്നു. റെഡ്മി നോട്ട് 11 പ്രോ 5ജി, 4ജി പതിപ്പുകളും ആഗോള വിപണിയിൽ അവതരിപ്പിച്ചിരുന്നു.
67വാട്ട് ഫാസ്റ്റ് ചാർജിംഗ്, 108എംപി ക്യാമറ, 5ജി കണക്റ്റിവിറ്റി, 120 ഹേർട്സ് റിഫ്രഷ് നിരക്കുള്ള ഡിസ്പ്ലേ എന്നിവയാണ് റെഡ്മി നോട്ട് 11 പ്രോ സീരീസിന്റെ ചില പ്രധാന സവിശേഷതകൾ.
റെഡ്മി നോട്ട് 11 പ്രോ, റെഡ്മി നോട്ട് 11 പ്രോ പ്ലസ്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
റെഡ്മി നോട്ട് 11 പ്രോ സീരീസ് 6.67 ഇഞ്ച് ഫുൾ എച്ച്ഡി+ അമോഎൽഇഡി സ്‌ക്രീനും 120ഹെർട്സിന്റെ റിഫ്രഷ് നിരക്കും 320ഹെർട്സിന്റെ ടച്ച് സാംപ്ലിംഗ് നിരക്കുമായാവും വരുക. പ്രോ, പ്രോ+ വേരിയന്റുകൾക്ക് ഇത് ബാധകമായിരിക്കും. ചൈനീസ് വേരിയന്റുകൾ മീഡിയടെക് ഡൈമെൻസിറ്റി 920 പ്രൊസസറാണ് നൽകുന്നതെങ്കിൽ, റെഡ്മി നോട്ട് 11 പ്രോ 5 ജിയുടെ ആഗോള വേരിയന്റിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 695 പ്രൊസസറാണ് പ്രവർത്തിക്കുന്നത്. വിവോ ടി1 5ജി യിലും ഇതേ പ്രോസസർ ആയിരുന്നു.
റെഡ്മി നോട്ട് 11 പ്രോയുടെ 5 ജി ഇതര പതിപ്പ് മീഡിയടെക് ഹീലിയോ ജി 96 പ്രൊസസറിലാണ് പ്രവർത്തിക്കുന്നത്, ഇന്ത്യയിൽ ഇതിനകം ലോഞ്ച് ചെയ്ത റെഡ്മി നോട്ട് 11-ലും ഇത് തന്നെയാണ്.
റെഡ്മി നോട്ട് 11 പ്രോ സീരീസിന് പിന്നിൽ 108 എംപി ക്യാമറയും ഒപ്പം 8 എംപി അൾട്രാ വൈഡ് ക്യാമറയും 2 എംപി മാക്രോ ക്യമറയുമുണ്ട്. മുൻ ക്യാമറ 16എംപിയാണ്. സാധാരണഗതിയിൽ, പ്രോയ്ക്കും പ്രോ മാക്‌സിനും വ്യത്യസ്ത ക്യാമറ സജ്ജീകരണങ്ങളാണ് ഉണ്ടായിരുന്നത്. ഈ വർഷം റെഡ്മി നോട്ട് 11 പ്രോയും പ്രോ + ക്യാമറയും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് കാണേണ്ടതുണ്ട്. 67വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്ന 5000 എംഎഎച്ച് ബാറ്ററി ആയിരിക്കും ഫോണിലേത്.
Also Read: റെഡ്‌മി നോട്ട് 11എസ്, റിയൽമി 9 പ്രോ+ ഫോണുകൾ ഇന്നുമുതൽ വില്പനയ്ക്ക്; വിലയും സവിശേഷതകളും അറിയാം