പ്രമുഖ ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ ഷവോമി കഴിഞ്ഞ ദിവസം മീ നോട്ട്ബുക്ക് അവതരിപ്പിച്ചിരുന്നു. ലാപ്ടോപ്പ് രംഗത്തേക്കുള്ള ഷവോമിയുടെ ആദ്യ ചുവടുവയ്പാണിത്. അതേസമയം, 50000 രൂപയ്ക്ക് മുകളിലാണ് മീ നോട്ട്ബുക്ക് മോഡലുകളുടെ എല്ലാം വില. എന്നാൽ വൈകാതെ തന്നെ വില കുറഞ്ഞ കൂടുതൽ മോഡലുകൾ വിപണിയിലെത്തിക്കാനൊരുങ്ങുകയാണ് കമ്പനി.
20000ന് താഴെ മുതൽ വിലയുള്ള പുതിയ മോഡലുകൾ കമ്പനി ഇന്ത്യൻ വിപണിയിൽ എത്തിക്കാൻ ഉദ്ദേശിക്കുന്നതായി ടെക്പിപി വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. 20000ത്തിൽ താഴെ മുതൽ 33000 വരെ വിലയുള്ള ലാപ്ടോപ്പുകളായിരിക്കും കമ്പനി ഇനി അവതരിപ്പിക്കുക.
Also Read: പരസ്യങ്ങളില്ലാതെ യൂട്യൂബ് വീഡിയോ കാണാൻ എളുപ്പ വഴി: റെഡ്ഡിറ്റ് യൂസറുടെ കുറിപ്പ് വൈറലാവുന്നു
ടെക്പിപി ഡോട്ട് കോമിന്റെ റിപ്പോർട്ട് പ്രകാരം ഇന്റൽ കോർ ഐ3 പ്രൊസസറോടുകൂടി എത്തുന്ന ലാപ്ടോപ്പിന് 25000 രൂപയ്ക്ക് താഴെയാകും വില. അങ്ങനെയെങ്കിൽ കുറഞ്ഞ ചിപ്പുകളോടെ എത്തുന്ന ലാപ്ടോപ്പുകൾക്ക് 20000ന് താഴെയാകും വില. ഇന്റലിന്റെ പുതിയ ചിപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ മറ്റ് ചിപ്പുകളുള്ള ലാപ്ടോപ്പുകൾക്ക് വില കുറവായിരിക്കും.
എന്നാൽ ഇന്ത്യയിലായിരിക്കില്ല ഈ ലാപ്ടോപ്പുകളുടെ നിർമ്മാണമെന്നും അറിയുന്നു. പകരം ചൈനയുടെ വിവിധ ഭാഗങ്ങളിൽ നിർമ്മിച്ച് ഇന്ത്യയിൽ വിൽപനയ്ക്കെത്തിക്കുന്ന വിധത്തിലായിരിക്കും കമ്പനി നീക്കം. ക്രോംബുക്ക്സിന് പകരം വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റമായിരിക്കും ലാപ്ടോപ്പിന്റേതെന്നും അറിയാൻ സാധിക്കുന്നു.
Also Read: ഷവോമി മീ നോട്ട്ബുക്ക്: വിലയും സവിശേഷതകളും അറിയാം
നേരത്തെ മീ നോട്ട്ബുക്ക് 14 ഹൊറൈസൺ എഡിഷനിലെ രണ്ടു വേരിയന്റുകളാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഒന്ന് ഇന്റൽ ഐ5, മറ്റേത് ഇന്റൽ ഐ7 പ്രൊസസ്സറോടും കൂടിയതാണ്. രണ്ടിലും 8 ജിബിയുടെ ഡിഡിആർ4 റാമാണുളളത്. മീ നോട്ട്ബുക്ക് 14 ഹൊറൈസൺ എഡിഷനിലെ 8GB DDR4 റാം, 512GB SATA SSD, ഇന്റൽ കോർ ഐ5 10th ജനറേഷന് 54,999 രൂപയും കോർ ഐ7 10th ജനറേഷന് 59,999 രൂപയുമാണ് വില.
മറ്റു കമ്പനികളുടെ ലാപ്ടോപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ഭാരം കുറവാണ് മീ നോട്ട്ബുക്ക് ലാപ്ടോപ്പുകൾക്ക്. എഡ്ജ്ടുഎഡ്ജ് ഗ്ലാസ് പ്രോട്ടക്ഷന്‍, ഫുള്‍ മെറ്റല്‍ ബോഡി എച്ച്ഡി ഡിസ്പ്ലേ എന്നിങ്ങനെ നിരവധി സവിശേഷതകളും ഈ ലാപ്ടോപ്പിനുണ്ട്.