Redmi K20 Pro Review: ഷവോമിയുടെ പുതിയ രണ്ട് ഫോണുകളാണ് ഇപ്പോള്‍ ടെക് പ്രേമികള്‍ക്കിടയിലെ സംസാരം. റെഡ്മി K 20, റെഡ്മി K 20 പ്രോ എന്നീ മോഡലുകളാണ് ഇന്ത്യയില്‍ പുതുതായി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഷവോമി പുതുതായി പുറത്തിറക്കിയ രണ്ട് മോഡലുകള്‍ ഫീച്ചറുകള്‍ കൊണ്ട് അമ്പരപ്പിച്ചെങ്കിലും വില ഏവരെയും ഞെട്ടിച്ചിട്ടുണ്ട്. സാധാരണ വിലക്കുറവാണ് ഷവോമി ഫോണുകളെ ആകര്ഷിപ്പിക്കുന്നതെങ്കില് പുതുതായി പുറത്തിറക്കിയ രണ്ട് മോഡലുകളുടെ വില അല്പം കൂടുതലാണ്.
ഇവ രണ്ടും കഴിഞ്ഞ ദിവസം ഫ്ളിപ്കാര്‍ട്ടിലൂടെ വില്‍പ്പനയ്ക്ക് വച്ചിരുന്നു. 21,999 രൂപ മുതലാണ് വില തുടങ്ങുന്നത്. റാം കൂടുന്നതിനനുസരിച്ച് വില വര്‍ധിക്കും. ഇതില്‍ റെഡ്മി K 20ക്കാണ് വില കുറവ്. ഈ മോഡലിനെ അപേക്ഷിച്ച് പ്രൊസസറിലും ക്യാമറയിലും മാറ്റമുള്ളതിനാല്‍ K 20 പ്രോക്ക് വില കൂടും. ലോഞ്ചിങ് ഓഫര്‍ എന്ന നിലയില്‍ ഐസിഐസിഐ ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് ആയിരം രൂപയുടെ ഡിസ്കൗണ്ട് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
വിലവിവരങ്ങള്‍
രണ്ട് റാം സ്റ്റോറേജുമായാണ് ഈ രണ്ട് മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. K 20യുടെ അടിസ്ഥാന വേരിയന്റ് 6ജിബി റാം+ 64 ജിബി സ്റ്റോറേജാണ്. ഇതിന് 21,999 രൂപയാണ്. അതേസമയം 6ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 23,999 രൂപയാണ് വില. എന്നാല്‍ K 20 പ്രോ 6ജിബി റാം+128 ജിബി സ്റ്റോറേജാണ് അടിസ്ഥാന വേരിയന്റ്. ഇതിന്റെ വില 27,999 രൂപയാണ്. 8ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മറ്റൊരു വേരിയന്റിന് 30,999 രൂപയാണ് വില.
ഷവോമി റെഡ്മി കെ20 പ്രോയെ കുറിച്ചുളള നിരൂപണമാണ് ഇവിടെ പങ്കുവയ്ക്കുന്നത്.
ഷവോമി റെഡ്മി K 20 പ്രോ റിവ്യൂ
മുമ്പത്തെ റെഡ്മി ഫോണുകള്‍ അപേക്ഷിച്ച് നോക്കിയാല്‍ റെഡ്മി K 20 പ്രോയുടെ ഡിസൈന്‍ വളരെ മുന്തിയ ഇനം ഡിസൈനാണ്. ‘ഓറ പ്രൈ ഡിസൈനോടു’ കൂടിയ വളഞ്ഞ പിന്‍ഭാഗം ഫോണിനെ ഫ്ലാഗ്ഷിപ് ഫോണിന്റെ രൂപം നല്കുന്നു. റിവ്യൂവിനായി എടുക്കുന്ന കാര്‍ബണ്‍ ബ്ലാക് നിറമുളള ഫോണിന്റെ ചിത്രം താഴെ നല്കിയിരിക്കുന്നു.
എന്നാല്‍ ഫോണ്‍ എളുപ്പത്തില്‍ കൈയ്യില്‍ നിന്നും വഴുതിപ്പോകുന്ന തരത്തിലാണ് ഡിസൈനിങ്. പിന്‍ഭാഗം ഗ്ലാസ് ആയതാണ് ഇതിന് പ്രധാന കാരണം. പവര്‍ ബട്ടണും പിന്‍ഭാഗത്തെ ക്യാമറയും ചുവന്ന വൃത്തത്തിനകത്താണ് വരുന്നത്. എല്‍ഇഡി നോട്ടിഫിക്കേഷന്‍ ലൈറ്റ് മുകളിലേക്ക് നീക്കിയിട്ടുണ്ട്.
6.39 ഇഞ്ചുളള അമോലെഡ് ഡിസ്പ്ലേ എഡ്ജ്-ടു-എഡ്ജാണ്. 1080*2230 ആണ് ഡിസ്പ്ലേ റെസല്യൂഷന്‍. താഴെയായി ഫിംഗര്‍പ്രിന്റെ സെന്‍സറും ഉണ്ട്. സൂര്യപ്രകാശത്തിലും വ്യക്തമായി കാണാവുന്ന രീതിയിലാണ് ഡിസ്പ്ലേ. എഡ്ജ്-ടു-എഡ്ജ് ഡിസ്പ്ലേ ആയത് കൊണ്ട് വീഡിയോ കാണുമ്പോള്‍ എവിടെയങ്കിലും പ്രസ് ചെയ്താല്‍ കാണുന്ന വീഡിയോ പോസ് ആയിപ്പോകുന്നത് പോരായ്മയാണ്. എന്നാല്‍ ഫിംഗര്‍ പ്രിന്റ് വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു.
8 ജിബി റാമോടും 256 ജിബി സ്റ്റോറേജും K 20 പ്രോ ഫോണിനുണ്ട്. പുതിയ ക്വാൽകം സ്നാപ്ഡ്രാഗണ്‍ 855 പ്രൊസസറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. റിവ്യൂ ചെയ്യുന്ന വേളയില്‍ വളരെ നല്ല രീതിയിലാണ് ഫോണ്‍ പ്രവര്‍ത്തിച്ചത്. നല്ല വേഗതയും ഉണ്ട്. അസ്ഫാല്‍ട്ട് 9, ആള്‍ട്ടോസ് ഒഡീസി എന്നീ ഗെയിമുകളും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു.
4000 എംഎഎച്ച് ബാറ്ററി വളരെ വേഗത്തിലാണ് ചാര്‍ജാവുന്നത്. വളരെയധികം ഉപയോഗിച്ചാലും ബാറ്ററി ചാര്‍ജ് ഒരു ദിവസം മുഴുവനായി നില്ക്കും. ഒരു മണിക്കൂര്‍ ചാര്‍ജ് ചെയ്താൽ ബാറ്ററി 100 ശതമാനം ആവുന്നുണ്ട്. 8 എംപിയുടെ ടെലിഫോട്ടോ ലെന്‍സ്, 13 എംപി അള്‍ട്രാ വൈഡ് ലെന്‍സ് എന്നിവയോടെ മൂന്ന് ക്യാമറകളാണ് ഫോണിലുളളത്. വളരെ നല്ല വെളിച്ചത്തോടെയുളള ചിത്രങ്ങളാണ് ഫോണില്‍ ലഭിക്കുന്നത്. എങ്കിലും അകത്തളങ്ങളിലെ ഇരുണ്ട വെളിച്ചത്തില്‍ ചിത്രത്തിന് വ്യക്തത പോര. എല്‍ഇഡി ലൈറ്റോടെയാണ് സെല്‍ഫി ക്യാമറ. ഇത് തന്നെയാണ് ഫോണിന്റെ പോരായ്മയും. ചിത്രങ്ങള്‍ വളരെയധികം വെളുക്കുന്ന രീതിയിലേക്ക് ഇത് മാറ്റുന്നു.
മികച്ച ഫീച്ചറുകള്‍ ഉളളത് കൊണ്ട് തന്നെ ഫോണിന്റെ വില നീതീകരിക്കപ്പെടുന്നുണ്ട്. ഷവോമി ആപ്പില്‍ നിന്നുളള നോട്ടിഫിക്കേഷനുകള്‍ പോരായ്മയാണ്. ക്യാമറയുടെ അരണ്ട വെളിച്ചത്തിലെ പ്രവര്‍ത്തനവും പോരായ്മയാണ്.