scorecardresearch
Latest News

റീസൈക്കിൾ ഉയർന്നു; എന്നാൽ ഇ-മാലിന്യം ഇപ്പോഴും ബാക്കി

പുനചംക്രമണം ചെയ്യാത്ത ഇ മാലിന്യങ്ങൾ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. അത് ആരോഗ്യത്തിനെയും പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കുന്നു. സോനൽ ഗുപ്ത തയാറാക്കിയ റിപ്പോർട്ട്

Ministry of Environment, Forest and Climate Change, e-waste India, e-waste recycling, e-waste environment, Indian Express India news, E-waste India

2021-2022 കാലയളവിൽ ഇന്ത്യ ഉൽപ്പാദിപ്പിച്ച ഇ-മാലിന്യത്തിന്റെ 32.9 ശതമാനം മാത്രമേ റീസൈക്കിൾ ചെയ്തിട്ടുള്ളൂവെന്ന് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ കണക്കുകൾ കാണിക്കുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് കണക്കുകൾ വർധിച്ചിട്ടുണ്ടെങ്കിലും 10,74,024 ടൺ (67ശതമാനം) ഇ-മാലിന്യം സംസ്‌കരിക്കപ്പെടാതെ കിടക്കുന്നതായി ഇത് സൂചിപ്പിക്കുന്നു.

സംസ്കരിക്കാത്ത ഇ-മാലിന്യം ആരോഗ്യത്തിനും പരിസ്ഥിതിക്കും അപകടകരമാണ്. അതിൽ ലെഡ്, കാഡ്മിയം, മെർക്കുറി, പോളിക്ലോറിനേറ്റഡ് ബൈഫെനൈൽസ് (പിസിബി), രാസവസ്തുക്കൾ, ആർസെനിക്, ആസ്ബറ്റോസ് തുടങ്ങിയ വിഷ പദാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നതാണ് കാരണം. ശാസ്ത്രീയമായി നീക്കം ചെയ്തില്ലെങ്കിൽ അത് മറ്റ് അപകടങ്ങൾക്ക് കാരണമായേക്കാം. മാലിന്യക്കൂമ്പാരങ്ങളിൽ മറ്റ് ഖരമാലിന്യങ്ങളുടെ ഒപ്പം എത്തുന്ന ഇവ, വേർതിരിച്ചില്ലെങ്കിൽ, അവയിലെ വിഷ രാസവസ്തുക്കൾ മണ്ണിലേക്ക് ഒഴുകുകയും അത് മറ്റു പാരിസ്ഥിതിക അപകടങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

സംസ്‌കരിക്കാത്ത ഇ-മാലിന്യങ്ങൾ ഇൻഫോർമൽ വ്യവസായങ്ങളിൽ എത്തിപ്പെടാമെന്നും അത്തരം ഇടങ്ങളിൽ ജോലി ചെയ്യുന്ന കുട്ടികളെ ബാധിക്കാമെന്നും ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള നിരവധി ഏജൻസികൾ പറഞ്ഞു. ലെഡ്, മെർക്കുറി തുടങ്ങിയ രാസവസ്തുക്കളോടുള്ള സമ്പർക്കം കുട്ടികളുടെ വളർച്ചയെയും വികാസത്തെയും പ്രതികൂലമായി ബാധിക്കും.

മന്ത്രാലയം നൽകിയ കണക്കുകൾ പ്രകാരം 2021-22ൽ 16,01,155 ടൺ ഇ-മാലിന്യങ്ങളിൽ 5,27,131 ടൺ (32.9 ശതമാനം) പുനചംക്രമണം ചെയ്തു. 2020-21ൽ 26.33 ശതമാനം ഇ-മാലിന്യം സംസ്കരിച്ചപ്പോൾ 2019-20ൽ ഇത് 22.07 ശതമാനമായി. 2018-19ൽ ഇത് 21.35 ശതമാനവും 2017-18ൽ 9.79 ശതമാനവുമായിരുന്നു.

2021-22ൽ ഹരിയാന ഏറ്റവും കൂടുതൽ ഇ-മാലിന്യം ശേഖരിക്കുകയും സംസ്‌കരിക്കുകയും ചെയ്‌തതായും ഡാറ്റ കാണിക്കുന്നു. അതായത് 2,45,015.82 ടൺ. എന്നിരുന്നാലും, 2022 ഡിസംബർ 15-ന് രാജ്യസഭയിലെ ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രാലയം നൽകിയ ഡാറ്റയിൽ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ഗ്ലോബൽ ഇ-വേസ്റ്റ് മോണിറ്ററിന്റെ 2020ലെ റിപ്പോർട്ട് പ്രകാരം, ദക്ഷിണേഷ്യയിൽ ഏറ്റവും കൂടുതൽ ഇ-മാലിന്യ ഉൽപ്പാദനം ഇന്ത്യയിലാണ്. ഇ-മാലിന്യങ്ങളുടെ ശേഖരണത്തിനും സംസ്കരണത്തിനും നിയമമുള്ള മേഖലയിലെ ഏക രാജ്യവും ഇതാണ്. “റീസൈക്ലിങ് സൗകര്യങ്ങൾ സ്ഥാപിക്കുന്നതിന് ഇന്ത്യയിലെ നിയമനിർമ്മാണം അനുകൂലമാണെങ്കിലും, മാലിന്യങ്ങൾ ശരിയായ രീതിയിൽ പുനരുപയോഗിക്കുന്നില്ല. കാരണം, മാലിന്യത്തിന്റെ ഭൂരിഭാഗവും ഇപ്പോഴും ഇൻഫോർമൽ മേഖലയാണ് കൈകാര്യം ചെയ്യുന്നത്,” റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്തെ ഇ-മാലിന്യത്തിന്റെ 90 ശതമാനവും കൈകാര്യം ചെയ്യുന്നതിനാൽ ഇൻഫോർമൽ മേഖലയെ “ഇന്ത്യയിലെ ഇ-മാലിന്യ പുനരുപയോഗത്തിന്റെ നട്ടെല്ല്” എന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് വിശേഷിപ്പിച്ചു. ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ സംരംഭമായ ഗ്രീനിന്റെ 2020ലെ റിപ്പോർട്ടിൽ ഇ-മാലിന്യ സംസ്കരണം നേരിടുന്ന ഏറ്റവും ശക്തമായ വെല്ലുവിളി ഇൻഫോർമൽ മേഖലയിലാണെന്ന് പറയുന്നു.

നിയമനിർമ്മാണം, ശക്തമായ ഡേറ്റ ശേഖരണം, സുതാര്യതയ്ക്കായി ഒരു ഓൺലൈൻ പോർട്ടൽ എന്നിവയിലൂടെ 2030ഓടെ ഈ മേഖലയെ നിയന്ത്രിക്കാൻ കഴിയുമെന്ന്, റിപ്പോർട്ട് പറയുന്നു.

ഇ- മാലിന്യ പുനചംക്രമണവുമായി ബന്ധപ്പെട്ടുള്ള പുതിയ നിയമങ്ങൾ ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. “ഇ-മാലിന്യങ്ങൾ പുനരുപയോഗിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ അംഗീകാരവും രജിസ്ട്രേഷനും, നൈപുണ്യ വികസനം, നിരീക്ഷണവും സുരക്ഷയും ആരോഗ്യവും ഉറപ്പാക്കൽ എന്നിവയും ഇതിലൂടെ ലഭിക്കുന്നു,” മന്ത്രാലയം പറഞ്ഞു.

2016ലെ നിയമങ്ങൾക്ക് പകരമാകുന്നതാണ് ഇ-മാലിന്യ (മാനേജ്മെന്റ്) നിയമം 2022. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് വികസിപ്പിച്ച ഓൺലൈൻ പോർട്ടലിൽ എല്ലാ നിർമ്മാണവും, ഉത്പാദകനും, നവീകരണവും, റീസൈക്ലറും രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കുന്നു. നിയമത്തിന്റെ പരിധിയിൽ വരുന്ന ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ എണ്ണം 21ൽ നിന്ന് 106 ആയി വർധിപ്പിക്കുന്നു.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Recycling has gone up but 67 percentage of e waste remains unprocessed