കഴിഞ്ഞ കുറച്ച് നാളുകളായി മൊബൈൽ വിപണിയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചത് 5G ഫോണുകളാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ സ്മാർട്ഫോൺ വിപണിയായ ഇന്ത്യയിൽ എണ്ണം പറഞ്ഞ മൊബൈൽ കമ്പനികളിൽ ആരായിരിക്കും 5G ഫോൺ എത്തിക്കുക എന്നതായിരുന്നു ആ ചർച്ചയുടെ അടിസ്ഥാനം. റിയൽമീയും ഷവോമിയും ഐക്യൂവുമെല്ലാം ചർച്ചകളിൽ സജീവമായി തന്നെ നിലനിൽക്കുകയും ചെയ്തു. എന്നാൽ ഒടുവിൽ ആ നേട്ടം റിയൽമീ സ്വന്തമാക്കി.

റിയൽമീ X50 പ്രോ 5G ഫോണിലൂടെ 5G ശ്രേണിയിലുള്ള ഫോണുകൾ ഇന്ത്യയിലെത്തുകയാണ്. നിലവിൽ ഇന്ത്യയിൽ 5G നെറ്റ്‌വർക്ക് ലഭ്യമല്ലെങ്കിലും ഏറെ ആകാംക്ഷയോടെയാണ് റിയൽമീ X50 പ്രോ 5G ഫോണിനെ ഉപഭോക്താക്കൾ കാത്തിരുന്നതും സ്വീകരിച്ചതും.

ഫ്ലിപ്കാർട്ടിലും റിയൽമീ ഡോട്ട് കോമിലും ഇതിനോടകം വിൽപ്പന ആരംഭിച്ചു കഴിഞ്ഞ ഫോണിന്റെ അടിസ്ഥാന വില 37,999 രൂപയാണ്. മൂന്ന് വ്യത്യസ്ത മെമ്മറി പാക്കേജുകളിലെത്തുന്ന ഫോണിന്റെ 6GB റാം/128GB ഇന്രേണൽ മെമ്മറി മോഡലിനാണ് ഈ വില. 8GB റാം/128GB ഇന്രേണൽ മെമ്മറിയോടെ എത്തുന്ന ഫോണിന് 39,999 രൂപയും 12GB റാം/256GB ഇന്രേണൽ മെമ്മറിയുള്ള ഫോണിന് 44,999 രൂപയുമാണ് വില.

മികച്ച ഡിസൈൻ തന്നെയാണ് ഫോണിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്ന മറ്റൊരു പ്രധാന സവിശേഷത. ഫ്രോസ്റ്റഡ് ഗ്ലാസ് ഫിനിഷ് ഫോണിന് പ്രത്യേക ഭംഗി നൽകുന്നു. മോസ് ഗ്രീൻ, റസ്റ്റ് റെഡ് എന്നീ രണ്ട് നിറങ്ങളിലാണ് ഫോണെത്തുന്നത്. മുന്നിൽ ഡ്വുൽ പഞ്ച് ഹോൾ ക്യാമറ ഡിസൈനാണ് ഫോണിന് നൽകിയിരിക്കുന്നത്.

മറ്റേതൊരു റിയൽമീ ഫോണിനേക്കാളും സ്ലിമ്മാണ് റിയൽമീ X50 പ്രോ 5G. 6.44 ഇഞ്ച് സാംസങ് സൂപ്പർ അമോൾഡ് ഡിസ്പ്ലേയാണ് ഫോണിന്റേത്. ഫിംഗർ പ്രിന്റ് സെൻസറിനോടൊപ്പം ഫെയ്സ് ഐഡിയും ഫോണിന്റെ പ്രത്യേകതയാണ്. കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് രണ്ട് വിധത്തിലും ഫോൺ അൺലോക്ക് ചെയ്യാൻ സാധിക്കും.

സാധാരണ ഗതിയിൽ ക്യാമറയിൽ മികവ് പുലർത്തുന്ന ബ്രാൻഡാണ് റിയൽമീ. റിയൽമീ X50 പ്രോ 5Gയിലേക്ക് എത്തുമ്പോഴും അതേ മികവ് ആവർത്തിക്കുന്നുണ്ട് റിയൽമീ. നൈറ്റ് മോഡാണ് ക്യാമറ സെറ്റപ്പിൽ എടുത്ത് പറയേണ്ട പ്രത്യേകത. 4200 mAhന്റെ ബാറ്ററിയാണ് ഫോണിന്റെ പവർ ഹൗസ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook