ന്യൂഡൽഹി: ഷവോമി ഫോണുകളുടെ ഏറ്റവും വലിയ പോരായ്മയാണ് പരസ്യങ്ങൾ. ഇതു തന്നെയാണ് ചൈനീസ് ബ്രാൻഡിൽനിന്ന് ഉപഭോക്താക്കളെ അകറ്റിനിർത്തുന്ന ഘടകവും. ഏറ്റവും പുതിയ MIUI 11 സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പരസ്യങ്ങൾ കാര്യക്ഷമമാക്കിയിട്ടുണ്ടെങ്കിലും അവ പൂർണമായും ഒഴിവാക്കാൻ കമ്പനി തയാറായിട്ടില്ല.
ഇപ്പോൾ മറ്റൊരു ജനപ്രിയ സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമിയും ഷവോമിയുടെ പാത പിന്തുടരുകയാണ്. കമ്പനിയുടെ സ്മാർട്ട്ഫോണുകളിൽ ഇനി മുതൽ പരസ്യത്തിന്റെ തള്ളിക്കയറ്റം ഉണ്ടാകും. റിയൽമിയുടെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റ് വഴിയാണ് ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചത്.
Read Also: ഇന്ത്യയിലും ഒന്നാമൻ; 2019 ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോൺ ഇതാണ്
കളർ OS6 ഉം അതിന് മുകളിലുള്ള പതിപ്പുകളിലും പ്രവർത്തിക്കുന്ന ഫോണുകളിൽ ഇനി മുതൽ പരസ്യങ്ങൾ കാണിക്കുമെന്ന് റിയൽമി ബുധനാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. എങ്കിലും ഉപഭോക്താവിന്റെ സ്വകാര്യതയുടെ പരിരക്ഷയും പ്രസക്തമായ നിയമങ്ങളും ചട്ടങ്ങളും പാലിച്ചായിരിക്കും ഇത് നടപ്പിലാക്കുകയെന്ന് കമ്പനി ഉറപ്പുനൽകുന്നു.
എന്നാൽ റിയൽമി ഫോണുകളിൽ പരസ്യങ്ങൾ കാണാൻ താൽപ്പര്യമില്ലാത്ത ഉപഭോക്താക്കൾക്ക് ഒറ്റ ക്ലിക്കിലൂടെ ഈ സേവനം ഒഴിവാക്കാനും സാധിക്കും.
പരസ്യം എങ്ങനെ ഒഴിവാക്കാം
കളർ ഒഎസ് 6-ലും അതിന് മുകളിലുമുള്ള പതിപ്പുകളിലും പ്രവർത്തിക്കുന്ന റിയൽമി ഫോണുകൾക്ക് മാത്രമേ പരസ്യങ്ങളോ ഉള്ളടക്ക ശിപാർശകളോ ലഭിക്കുകയുള്ളൂവെന്ന് ഉപയോക്താക്കൾ ഉറപ്പാക്കണം. ഇതിന് പ്രധാനമായും രണ്ട് വഴികളാണുള്ളത്. ഫോൺ സജ്ജീകരിക്കുന്ന സമയത്ത് ഉപഭോക്താക്കൾക്ക് പരസ്യങ്ങൾ ഒഴിവാക്കാൻ സാധിക്കും ഇതിനായി കണ്ടന്റ് റെക്കമെന്റേഷൻ പ്രവർത്തന രഹിതമാക്കിയാൽ മതിയാകും.
ഫോൺ സജ്ജീകരിച്ചശേഷമാണെങ്കിൽ പരസ്യങ്ങൾ നീക്കംചെയ്യാനായി ആദ്യം സെറ്റിങ് മെനുവിലേക്ക് പോകുക. അതിനുശേഷം ഗെറ്റ് റെക്കമെന്റേഷൻ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അവിടെനിന്നു പരസ്യം പ്രവർത്തനക്ഷമമാക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും.
റിയൽമി ഒഎസ് ഉടനെത്തും
നിലവിൽ ഓപ്പോയുടെ കളർഒഎസ് സോഫ്റ്റ്‌വെയറിലാണ് റിയൽമി ഫോണുകൾ പ്രവർത്തിക്കുന്നത്. കഴിഞ്ഞ മാസം റിയൽമി X2 അവതരണ വേളയിൽ റിയൽമി ഒഎസ് പ്രഖ്യാപിക്കുകയും 2020 ൽ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പം ഫോണുകൾ വിപണിയിലെത്തുമെന്ന് കമ്പനി ഇന്ത്യ മേധാവി മാധവ് ഷെത്ത് സ്ഥിരീകരിച്ചു.
എന്നാൽ പുതിയ ഒഎസിനെക്കുറിച്ചുള്ള വിശദാംശങ്ങളോ സോഫ്റ്റ്‌വെയർ പ്രവർത്തിക്കുന്ന ആദ്യത്തെ ഫോണിനെക്കുറിച്ചുള്ള വിവരങ്ങളോ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. റിയൽമി OS- നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.