ചുരുങ്ങിയ സമയംകൊണ്ട് തന്നെ ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിച്ച് കഴിഞ്ഞ റിയൽമീ പുതിയ രണ്ട് സ്മാർട്ഫോണുകൾ അവതരിപ്പിച്ചിരിക്കുകയാണ്. റിയൽമീ 6 സീരിസിലെ രണ്ട് മോഡലുകളാണ് കമ്പനി പുതിയതായി ഇന്ത്യയിലെത്തിക്കുന്നത്. 2000 രൂപയ്ക്ക് താഴേ വില വരുന്ന ഫോണുകളുടെ ശ്രേണിയിൽ റിയൽമീ 6ഉം റിയൽമീ 6 പ്രോയുമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം റിയൽമീ ബാൻഡും കമ്പനി വിപണിയിലെത്തിച്ചിട്ടുണ്ട്.
മൂന്ന് വ്യത്യസ്ത മെമ്മറി പാക്കേജുകളിലാണ് റിയൽമീ 6 എത്തുന്നത്. 8GB റാം / 128GB ഇന്രേണൽ മെമ്മറിയുള്ള ഫോണിന് 15,999 രൂപയും 6GB റാം/ 128GB ഇന്രേണൽ മെമ്മറിയുമുള്ള ഫോണിന് 14,999 രൂപയുമാണ് വില. റിയൽമീ 6ന്റെ അടിസ്ഥാന മോഡലായ 4GB റാം/ 64GB ഇന്റേണൽ മെമ്മറിയുമുള്ള ഫോണിന് 12,999 രൂപയാണ് വില. മാർച്ച് 11 മുതൽ പ്രമുഖ ഇ – കോമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ടിൽ ഫോണിന്റെ വിൽപ്പന ആരംഭിക്കും.
റിയൽമീ 6 പ്രോയും മൂന്ന് വ്യത്യസ്ത മെമ്മറി പാക്കേജിലാണ് എത്തുന്നത്. 6GB റാം /64GB ഇന്രേണൽ മെമ്മറിയുമുള്ള ഫോണിന് 16,999 രൂപയാണ് വില. 6GB റാം / 128GB ഇന്രേണൽ മെമ്മറിയുള്ള ഫോണിന് 17,999 രൂപയും 8GB റാം / 128GB ഇന്രേണൽ മെമ്മറിയുള്ള ഫോണിന് 18,999 രൂപയുമാണ് വില. മാർച്ച് 13നാകും ഈ മോഡൽ വിൽപ്പനയ്ക്കെത്തുന്നത്.
6.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയിലാണ് റിയൽമീ 6 എത്തുന്നതെങ്കിൽ റിയൽമീ 6 പ്രോയുടെ ഡിസ്പ്ലേ 6.6 ഇഞ്ചാണ്. റിയൽമീ 6ന്റെ പ്രവർത്തനം മീഡിയടെക് G90T പ്രൊസസറിലാണെങ്കിൽ റിയൽമീ 6 പ്രോയുടെ പ്രവർത്തനം ക്വുവൽകോം സ്നാപ്ഡ്രാഗൻ 720G പ്രോസസറിലാണ്.
ക്യാമറയ്ക്ക് പലപ്പോഴും വലിയ പ്രാധാന്യം നൽകുന്ന റിയൽമീ തങ്ങളുടെ പുതിയ മോഡലിലും അതിന് മാറ്റമൊന്നും വരുത്തിയിട്ടില്ല. റിയൽമീ 6 64MPയുടെ പ്രൈമറി സെൻസറോടൊപ്പം 8MPയുടെ അൾട്ര വൈഡ് സെൻസറോടുമാണ് വരുന്നതെങ്കിൽ റീയൽമീ 6 പ്രോയിൽ 64MPയുടെ പ്രൈമറി ലെൻസിനൊപ്പം 12MPയുടെ 20x ഹൈബ്രിഡ് സൂം ടെലിഫോട്ടൊ ലെൻസും 8MP അൾട്ര വൈഡ് ലെൻസും ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്മാർട് ബാൻഡ് ശ്രേണിയിൽ കമ്പനി അവതരിപ്പിക്കുന്ന പുതിയ റിയൽമീ ബൻഡിന്റെ വില 1,499 രൂപയാണ്. 2.4 സെന്റിമീറ്റർ വലുപ്പമുള്ള ബാൻഡിലൂടെ പുതിയ വിപണിയൊരുക്കുകയാണ് കമ്പനി ലക്ഷ്യം.