/indian-express-malayalam/media/media_files/uploads/2019/11/REalmi.jpg)
കഴിഞ്ഞ ഓഗസ്റ്റിലാണ് പ്രമുഖ മൊബൈൽ ഫോൺ നിർമാതാക്കളായ റിയൽമി അവരുടെ ഏറ്റവും പുതിയ മോഡലുകളായ റിയൽമി 5യും റിയൽമി 5 പ്രോയും ഇന്ത്യയിൽ അവതരിപ്പിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മൊബൈൽ ഫോൺ വിപണിയിൽ തങ്ങളുടെ സ്ഥാനം അറിയിച്ച റിയൽമി അടുത്ത മോഡൽ ഉടൻ തന്നെ വിപണിയിൽ എത്തിക്കാനൊരുങ്ങുകയാണ്. റിയൽമി 6 ആണ് കമ്പനിയുടെ അടുത്ത മോഡൽ. ഔദ്യോഗികമായി ഫോൺ അവതരിപ്പിച്ചിട്ടില്ലെങ്കിലും ഫോണിന്റെ ഒരു റീട്ടെയിൽ ബോക്സ് ചിത്രം സ്ലാഷ്‌ലീക്സ് പുറത്ത് വിട്ടിരുന്നു. ഒപ്പം ഫോണിന്റെ രണ്ട് പ്രധാന സവിശേഷതകളും ചോർന്നു കിട്ടിയിട്ടുണ്ട്.
ക്യാമറയിലാണ് റിയൽമി പ്രധാനമായും ഉപഭോക്താക്കളെ ആകർഷിക്കാറുള്ളത്. റിയൽമി 6ലും ക്യാമറയിലൂടെ തന്നെ മൊബൈൽ ഫോൺ വിപണിയിൽ പുത്തൻ ചലനത്തിന് തുടക്കം കുറിക്കാനാണ് കമ്പനി ഒരുങ്ങുന്നത് എന്ന സൂചനയാണ് റീട്ടെയിൽ ബോക്സ് ചിത്രം നൽകുന്നത്. പെന്റ ലെൻസ് ക്യാമറ സെറ്റപ്പാണ് റിയൽമി 6ന്രേത്. അതായത് പിന്നിൽ അഞ്ച് ക്യാമറകളുമായാണ് ഫോണെത്തുന്നത്. നിലവിൽ റിയൽമിയുടെ മൂന്ന് ഫോണുകൾക്ക് ക്വാഡ് ക്യാമറ സെറ്റപ്പാണ്. ഇതിൽ നിന്നും അപ്ഡേറ്റഡ് വേർഷനാണ് പുതിയ മോഡൽ.
പ്രൊസസറാണ് ഫോണുമായി ബന്ധപ്പെട്ട് പുറത്ത് വന്ന മറ്റൊരു വിവരം. റിയൽമി 5ന്റെ പ്രവർത്തനം സ്നാപ്ഡ്രാഗൻ 665 പ്രൊസസറിലാണ്. എന്നാൽ റിയൽമി 6 എത്തുന്നത് സ്നാപ്ഡ്രാഗൻ 710 പ്രൊസസറിലായിരിക്കും. നിലവിൽ റിയൽമി X, റിയൽമി 3 പ്രോ എന്നീ ഫോണുകൾ മാത്രമാണ് കമ്പനി സ്നാപ്ഡ്രാഗൻ 710 പ്രൊസസറിൽ വിപണിയിൽ എത്തിച്ചിരിക്കുന്നത്.
ഓരോ പുതിയ മോഡലിനൊപ്പവും ഒരു പ്രോ മോഡലും കമ്പനി അവതരിപ്പിക്കാറുണ്ട്. അതുകൊണ്ട് തന്നെ റിയൽമി 6നൊപ്പം തന്നെ റിയൽമി 6 പ്രോയും മൊബൈൽ ഫോൺ വിപണി പ്രതീക്ഷിക്കുന്നു. മറ്റു ഫീച്ചേഴ്സ് എല്ലാം റിയൽമി 6ന്റേതിനോട് സമാനമായിരിക്കുമെങ്കിലും സ്നാപ്ഡ്രാഗൻ 730G ചിപ്സെറ്റിലായിരിക്കും റിയൽമി 6 പ്രോയുടെ പ്രവർത്തനം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.