ന്യൂഡൽഹി: ഫെയ്സ്ബുക്കിന് കേന്ദ്രസർക്കാരിന്റെ താക്കീത്. ഫെയ്സ്ബുക്ക് ഉൾപ്പെടെയുളള സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്ത് വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് നീക്കമെങ്കിൽ അത് അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അമേരിക്കന്‍ തിരഞ്ഞെടുപ്പ് കാലത്ത് ട്രംപിന് വേണ്ടി പ്രവര്‍ത്തിച്ച കേംബ്രിഡ്ജ് അനലറ്റിക്ക എന്ന കമ്പനി ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയിരുന്നു. അഞ്ച് കോടിയിലധികം ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ട്രംപിന്റെ വിജയത്തിനായി കമ്പനി ചോര്‍ത്തിയ വിവരം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. കമ്പനിയിൽ ജോലി ചെയ്തിരുന്ന ക്രിസ്റ്റഫർ വൈലി നൽകിയ വിവരങ്ങളുടെ സഹായത്തോടെയാണ് യുഎസ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിച്ചതെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ കമ്പനിക്ക് കോൺഗ്രസുമായി അടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം. കമ്പനിയുടെ സഹായത്തോടെ ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തിയെടുത്ത് അതുപയോഗിച്ച് വോട്ട് പിടിക്കാനാണ് കോൺഗ്രസ് ശ്രമമെന്നും ആരോപണം ഉയർന്നിട്ടുണ്ട്. കേംബ്രിഡ്ജ് അനലറ്റിക്ക എന്ന കമ്പനിയാണ് യുപിഎയ്ക്ക് വേണ്ടി ഇന്ത്യയിൽ പ്രചാരണം നടത്തുന്നതെന്ന് രവിശങ്കർ പ്രസാദ് ആരോപിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും സമൂഹമാധ്യമങ്ങൾ നിയന്ത്രിക്കുന്നതിൽ കമ്പനിക്കുളള പങ്ക് വ്യക്തമാക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.

2010 ൽ ബിഹാർ തിരഞ്ഞെടുപ്പിൽ ജയിക്കാൻ ഇന്ത്യയിലെ ഒരു പാർട്ടിക്ക് വോട്ടർമാരുടെ വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് കേംബ്രിഡ്ജ് അനലറ്റിക്ക വെബ്സൈറ്റിൽ സൂചിപ്പിച്ചത്. ഇതു കോൺഗ്രസാണെന്നാണ് ബിജെപിയുടെ ആരോപണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook