ഗെയിമിങ് ആരാധകരുടെ പ്രിയപ്പെട്ട ഗെയിം പബ്ജി മൊബൈൽ പത്തര ലക്ഷത്തിലധികം പബ്ജി അക്കൗണ്ടുകൾക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തി. ഗെയിം വിജയിക്കുന്നതിനായി ഹാക്കിങ് പോലുള്ള വ്യാജമാർഗങ്ങൾ ഉപയോഗിച്ച അക്കൗണ്ടുകൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്,
1,691,949 പബ്ജി മൊബൈൽ അക്കൗണ്ടുകൾക്ക് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വിലക്കേർപ്പെടുത്തിയതായി കമ്പനി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ലോകം മുഴുവൻ ആരാധകരുള്ള ഈ ഷൂട്ടിങ് ഗെയിമിൽ കൂടുതൽ ‘കില്ലുകൾ’ ലഭിക്കുന്നതിനും ജയം എളുപ്പമാക്കുന്നതിനുമായാണ് ഹാക്കുകളും ചീറ്റുകളും ഉപയോഗിക്കുന്നത്. ഇതിനു മുൻപ് ഇത്തരത്തിൽ 18,13,787 അക്കൗണ്ടുകൾ പബ്ജി വിലക്കിയിരുന്നു.
അക്കൗണ്ടുകൾ വിലക്കിയത് സംബന്ധിച്ച് പബ്ജി പുറത്തുവിട്ട ട്വീറ്റിൽ, വിലക്കേർപ്പെടുത്തിയ അക്കൗണ്ടുകൾ ഗെയിമിന്റെ ഏത് ഘട്ടത്തിൽ എത്തിയവയാണെന്ന വിവരവും നൽകിയിട്ടുണ്ട്. ഗെയിമിന്റെ പ്രഥമ ഘട്ടമായ ബ്രോണ്‍സ് സ്റ്റേജില്‍ എത്തിയ അക്കൗണ്ടുകളാണ് വിലക്ക് ലഭിച്ചവയില്‍ കൂടുതലും.
The #BanPan strikes again! From March 28th through April 1st, we permanently banned 1,691,949 accounts from accessing our game.
Learn more athttps://t.co/YdeCgfdOcr pic.twitter.com/lDEOhq9JUV
— PUBG MOBILE (@PUBGMOBILE) April 3, 2021
വ്യാജമാർഗങ്ങളിലൂടെ ഗെയിമിൽ ഏർപ്പെട്ട അക്കൗണ്ടുകളാണ് വിലക്കിയതെന്ന് കമ്പനി പറയുന്നു. നീങ്ങിക്കൊണ്ടിരിക്കുന്ന എതിരാളികളെ കൃത്യമായി ലക്ഷ്യം വച്ച് ആക്രമിക്കാൻ കഴിയുന്ന “ഓട്ടോ എയിമിങ്ങും”, മതിലുകൾക്കും മറ്റു മറകൾക്കും പിന്നിലുള്ള എതിരാളികളെ കാണാൻ സാധിക്കുന്ന “സീ ത്രൂ ചീട്സ്” പോലുള്ള വ്യാജമാർഗങ്ങൾ ഉപയോഗിച്ച പത്ത് ലക്ഷത്തിലധികം അക്കൗണ്ടുകളാണ് പബ്ജി നിരോധിച്ചിരിക്കുന്നത്.
Read Also: പുതിയ ഷോപ്പിങ് ഫീച്ചറുകളുമായി വാട്സ്ആപ്പ് ബിസിനസ് ആപ്പ്
ഹാക്കിങ് കണക്കുകൾ
പബ്ജിയുടെ റിപ്പോർട്ട് പ്രകാരം, ‘ഓട്ടോ എയിമിങ്’, ‘സീ ത്രൂ ചീട്സ്’ എന്നിവ ഉപയോഗിച്ച 32 ശതമാനം അക്കൗണ്ടുകളും വേഗത്തിൽ നീങ്ങാൻ സഹായിക്കുന്ന ‘സ്പീഡ് ഹാക്ക്’ പോലുള്ളവ ഉപയോഗിച്ച 12 ശതമാനം അക്കൗണ്ടുകളും വിലക്കിയിട്ടുണ്ട്. പരുക്കേൽക്കുന്നത് കുറയ്ക്കുന്ന ഹാക്കുകൾ ഉൾപ്പെടെ മറ്റു ഹാക്കുകള്‍ ഉപയോഗിച്ച ഇരുപത് ശതമാനത്തോളം അക്കൗണ്ടുകൾക്കും പബ്ജി ആജീവനാന്ത വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
പബ്ജി മൊബൈലിന്റെ ഇന്ത്യയിലെ അവസ്ഥ
2020 സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ ചൈനീസ് ആപ്പുകൾ നിരോധിച്ചതിനോടൊപ്പം നിരോധിക്കപ്പെട്ട ആപ്പാണ് പബ്ജി മൊബൈൽ. പുറത്തുവരുന്ന പുതിയ ചില റിപ്പോർട്ടുകൾ പ്രകാരം, പബ്ജിയുടെ നിർമാതാക്കൾ പബ്ജി മൊബൈൽ ഇന്ത്യ എന്ന പേരിൽ മറ്റൊരു വെർഷൻ ഇന്ത്യയിൽ ഇറക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി കേന്ദ്ര സർക്കാരുമായുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പബ്ജി യുടെ പുതുതായി ഇറങ്ങാൻ ഇരിക്കുന്ന പബ്ജി ന്യൂ സ്റ്റേറ്റ് എന്ന പുതിയ സീരീസും ഇന്ത്യയിൽ രജിസ്റ്റർ ചെയ്യാൻ നിലവില്‍ സാധിച്ചിട്ടില്ല.