ന്യൂഡല്‍ഹി: ഇറ്റാലിയന്‍ സര്‍ക്കാരിന് കീഴിലുള്ള സ്വകാര്യ നിരീക്ഷണ സമിതി ഓപ്പണ്‍എഐയുടെ കീഴിലുള്ള ചാറ്റ്ജിപിടി രാജ്യത്ത് താത്കാലികമായി ബാന്‍ ചെയ്തു. മൈക്രൊസോഫ്റ്റിന്റെ പിന്തുണയുള്ള ഓപ്പണ്‍എഐക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി.
ഇറ്റലിയിലെ ചാറ്റ്ബോട്ടിലേക്കുള്ള ആക്സസ് തടയുമെന്നും രാജ്യത്തിന്റെ ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി വെള്ളിയാഴ്ച അറിയിച്ചു. അമേരിക്കന്‍ സ്റ്റാര്‍ട്ട് അപ്പായ ഓപ്പണ്‍എഐയുടെ സ്വകാര്യ വിവര ശേഖരണം പരിശോധിക്കുന്നതിനിടെയാണ് അറിയിപ്പ്.
ഇറ്റാലിയൻ ഉപയോക്താക്കളുടെ ഡാറ്റ കൈവശം വയ്ക്കുന്നതിൽ നിന്ന് കമ്പനിയെ താൽക്കാലികമായി പരിമിതപ്പെടുത്തുന്നതാണ് വാച്ച്ഡോഗിന്റെ നടപടി. ചാറ്റ്ജിപിടി വികസിപ്പിച്ച യുഎസ് ആസ്ഥാനമായ ഓപ്പൺഎഐ നടപടിയോട് പ്രതികരിച്ചിട്ടില്ല.
ലോകമെമ്പാടുമുള്ള ചില പൊതുവിദ്യാലയങ്ങളും സർവ്വകലാശാലകളും അവരുടെ പ്രാദേശിക നെറ്റ്‌വർക്കുകളിൽ നിന്ന് ചാറ്റ്ജിപിടി വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തിരുന്നു. കോപ്പിയടി സംബന്ധിച്ചുള്ള ആശങ്കകള്‍ മൂലമായിരുന്നു ഇത്.
എന്താണ് ചാറ്റ്ജിപിടി?
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഉപഭോക്താക്കളോട് ടെക്സ്റ്റ് രൂപത്തിൽ ആശയവിനിമയം നടത്താൻ കഴിയുന്ന ചാറ്റ് ബോട്ടാണ് ചാറ്റ് ജിപിടി (ചാറ്റ് ജനറേറ്റിവ് പ്രീ ട്രെയിൻഡ് ട്രാൻസ്ഫോമർ). ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന കംപ്യൂട്ടർ പ്രോഗ്രാമുകളെയാണ് ചാറ്റ് ബോട്ട് എന്ന് പറയുന്നത്. 2022 നവംബർ 30നാണ് ചാറ്റ്ജിപിറ്റിയുടെ പ്രോട്ടോടൈപ് ലോഞ്ച് ചെയ്തത്. 2021 വരെ ഇന്റർനെറ്റിൽ ലഭ്യമായിട്ടുള്ള ഡേറ്റയെ വിലയിരുത്തുകയാണ് ഈ ബോട്ട് ചെയ്യുന്നത്. ‘ഞാൻ നിങ്ങളെ സഹായിക്കട്ടെ’ എന്ന ചോദ്യവുമായി ചില ബാങ്ക് വെബ്സൈറ്റുകളിലും മറ്റും വരുന്ന പോപ്പ് അപ്പുകൾ ചാറ്റ് ബോട്ടിന് ഉദാഹരണമാണ്.
എഐ ഗവേഷണ കമ്പനിയായ ഓപ്പണ്‍എഐയാണ് ചാറ്റ്ജിപിടി പുറത്തിറക്കിയത്. കമ്പനിയുടെ ജിപിടി 3.5 സീരീസ് ഭാഷാ പഠന മോഡലുകളെ (എല്‍ എല്‍ എം) അടിസ്ഥാനമാക്കിയുള്ളതാണ് ചാറ്റ്ജിപിടി. ജനറേറ്റീവ് പ്രീ-ട്രെയിന്‍ഡ് ട്രാന്‍സ്ഫോര്‍മര്‍ 3യാണു ജിപിടി. ഇതൊരു കമ്പ്യൂട്ടര്‍ ഭാഷ മോഡലാണ്. ഇന്‍പുട്ടുകളെ അടിസ്ഥാനമാക്കി തീവ്രമായ പഠന സാങ്കേതികപദ്ധതികളിലൂടെ മനുഷ്യരുടേതു പോലെയുള്ള വാചകം നിര്‍മിക്കുന്ന കമ്പ്യൂട്ടര്‍ ഭാഷാ മോഡലാണിത്.
എ ഐ ചാറ്റ്‌ബോട്ടിന് സ്വാഭാവിക ഭാഷ മനസിലാക്കാനും അവയിൽ പ്രതികരിക്കാനും കഴിയും. ഒരാഴ്ചയ്ക്കുള്ളില്‍ ഉപയോക്താക്കളുടെ എണ്ണം 10 ലക്ഷം കടന്നു. എ ഐയില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ്‌ബോട്ട് കണ്ട് മിക്ക ഉപയോക്താക്കളും അഭ്ദുതപ്പെട്ടു. പലരും ഇതിനെ ഗൂഗിളിനു പകരമായി കാണുകയും ചെയ്തു. സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്കു നേരിട്ടു പരിഹാരം നല്‍കാന്‍ ചാറ്റ്‌ബോട്ടിനു സാധിക്കുമെന്നതാണു കാരണം.
”സംഭാഷണാത്മകമായ രീതിയില്‍ ഇടപെടുന്ന ചാറ്റ്ജിപിടി എന്ന മോഡല്‍ ഞങ്ങള്‍ പരിശീലിപ്പിച്ചിട്ടുണ്ട്. ഫോളാഅപ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും തെറ്റുകള്‍ സമ്മതിക്കാനും അനുചിതമായ അഭ്യര്‍ത്ഥനകള്‍ നിരസിക്കാനും ഡയലോഗ് ഫോര്‍മാറ്റ് ചാറ്റ്ജിപിടിയെ സാധ്യമാക്കുന്നു,” ചാറ്റ്ജിപിടിയെ ഓപ്പണ്‍ എഐ വിവരിച്ചതിങ്ങനെയാണ്.
ഓപ്പണ്‍എഐയുടെ ശ്രദ്ധേയമായ നിക്ഷേപകരില്‍ മൈക്രോസോഫ്റ്റ്, ഖോസ്ല വെഞ്ചേഴ്‌സ്, റീഡ് ഹോഫ്മാന്റെ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ എന്നിവ ഉള്‍പ്പെടുന്നു. ഗ്രെഗ് ബ്രോക്ക്മാന്‍ കമ്പനിയുടെ ചെയര്‍മാനും പ്രസിഡന്റും സാം ആള്‍ട്ട്മാന്‍ സിഇഒയുമാണ്. ഇല്യ സറ്റ്സ്‌കേവറൊണ് ഓപ്പണ്‍ എഐയുടെ മുഖ്യ ശാസ്ത്രജ്ഞന്‍.