/indian-express-malayalam/media/media_files/uploads/2017/07/facebook140602_t27og_facebook-loupe-nom_sn635.jpg)
ന്യൂഡല്‍ഹി: ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് നികുതി വെട്ടിപ്പ്. നികുതി വെട്ടിപ്പുകാരെ വെട്ടിലാക്കാന്‍ സര്‍ക്കാര്‍ പല വഴികളും സ്വീകരിച്ചിട്ടുമുണ്ട്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ജനങ്ങളുടെ സോഷ്യല്‍മീഡിയാ പ്രവൃത്തികളും സര്‍ക്കാര്‍ നിരീക്ഷിക്കാന്‍ തീരുമാനിച്ചതായാണ് വിവരം.
ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അടക്കമുളള സോഷ്യല്‍മീഡിയാ പ്ലാറ്റ്ഫോമുകളാണ് ആദായ നികുതി വകുപ്പ് നിരീക്ഷണത്തിന് വിധേയമാക്കുക. ജനങ്ങള്‍ എന്താണ് വാങ്ങുന്നതെന്നും പണം എങ്ങനെയാണ് ചെലവഴിക്കുന്നതെന്നും മനസ്സിലാക്കാന്‍ സഹായകമാകുന്നത് കൊണ്ട് തന്നെയാണ് ഫെയ്സ്ബുക്ക് പോലെയുളള മാധ്യമങ്ങളും അന്വേഷണത്തിന്റെ ഭാഗമാക്കുന്നത്. പലപ്പോഴും പുതിയ കാറോ ബൈക്കോ മറ്റ് വിലപിടിപ്പുളള വസ്തുക്കളോ വാങ്ങിയാല്‍ നമ്മള്‍ തന്നെ അത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് ആദായനികുതി വകുപ്പിന് സഹായകമാകും.
ഇതിലൂടെ കണക്കില്‍ കാണിച്ച വരുമാനവും ചെലവും തമ്മില്‍ പൊരുത്തക്കേട് തോന്നിയാല്‍ ആദായനികുതി വകുപ്പ് നടപടി സ്വീകരിക്കുമെന്നും ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രൊജക്ട് ഇന്‍സൈറ്റ് എന്നാണ് സര്‍ക്കാര്‍ ഈ പദ്ധതിയെ വിളിക്കുന്നത്. സോഷ്യല്‍മീഡിയാ ഉപയോഗത്തില്‍ ഇന്ത്യ മുന്നിട്ട് നില്‍ക്കുന്നതും വിവരങ്ങള്‍ എളുപ്പം ലഭ്യമാകാന്‍ സഹായകമാകും.
നിങ്ങള്‍ ഡയമണ്ട് നെക്ലേസ് വാങ്ങിയെന്നും കാര്‍ വാങ്ങിയെന്നുമൊക്കെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയാണെങ്കില്‍ നികുതി ഇത്തിലെ കണക്കുമായി പൊരുത്തപ്പെടുന്നില്ലെങ്കില്‍ ഇത് സംബന്ധിച്ച് വിശദീകരണം നല്‍കേണ്ടി വരും. ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തന്നെ ഇത്തരത്തിലുളള വിവരങ്ങള്‍ ശേഖരിക്കുമെന്ന സൂചന നല്‍കിയിരുന്നു. നികുതി വെട്ടിപ്പുകാരെ പിടിക്കാനുളള ഫലപ്രദമായ മാര്‍ഗമായിരിക്കും ഇതെന്നും അദ്ദേഹം അന്ന് പറഞ്ഞു.
അത്കൊണ്ട് തന്നെ അടുത്ത തവണ നിങ്ങള്‍ ഒരു ആഢംബര ഹോട്ടലില്‍ നിന്ന് ഡിന്നര്‍ കഴിക്കുകയാണെന്നും വിനോദത്തിനായി അമേരിക്കയിലേക്ക് പോകുകയാണെന്നൊക്കെ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ആദായനികുതി വകുപ്പും പോസ്റ്റിന് ലൈക്ക് അടിക്കുന്നുണ്ടെന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.