ജിയോയ്ക്കു പിന്നാലെ രാജ്യത്തെ മറ്റു ടെലികോം സേവന ദാതാക്കളും പോൺ വെബ്സൈറ്റുകൾ നിരോധിക്കാനൊരുങ്ങുകയാണ്. എയർടെൽ, വോഡഫോൺ, ഐഡിയ, ബിഎസ്എൻഎൽ എന്നീ ടെലികോം സേവന ദാതാക്കളും അധികം വൈകാതെ പോൺ വെബ്സൈറ്റുകൾ നിരോധിച്ചേക്കുമെന്നാണ് ടൈംസ നൗ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പോൺ വെബ്സൈറ്റുകൾ നിരോധിക്കണമെന്ന് നേരത്തെ തന്നെ രാജ്യത്തെ ടെലികോം വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഉത്തരാഖണ്ഡ് ഹൈക്കോടതിയാണ് ഇന്റർനെറ്റിൽ അശ്ലീല ഉളളടക്കമുളള വെബ്സൈറ്റുകൾ നിരോധിക്കാൻ ഉത്തരവിട്ടത്. പോൺ വെബ്സൈറ്റുകൾ യുവാക്കളെ വഴി തെറ്റിക്കുന്നു എന്നാണ് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ നിരീക്ഷണം.
ടെലികോം വകുപ്പ് രാജ്യത്തെ എല്ലാ ടെലികോം സേവന ദാതാക്കൾക്കും ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. ജിയോ നിരോധിച്ചതോടെ മറ്റ് സേവന ദാതാക്കളും വൈകാതെ പോൺ വെബ്സൈറ്റുകൾ നിരോധിക്കേണ്ടി വരും.
827 ഓളം വെബ്സൈറ്റുകൾ പൂട്ടാനാണ് ടെലികോം വകുപ്പിന്റെ ഉത്തരവ്. സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കാണ് ഇതോടെ തുടക്കമിട്ടിരിക്കുന്നത്. ഇന്ത്യയിൽ നീലച്ചിത്രങ്ങളുടെ നിർമ്മാണം നിയമം വഴി നിരോധിച്ചിട്ടുണ്ട്. എന്നാൽ സ്വകാര്യ ഇടങ്ങളിൽ ഇത് കാണുന്നതിന് വിലക്കില്ല. ഐടി നിയമം വഴി തന്നെ ഇത് അനുവദിച്ചിട്ടുണ്ട്.
പോണ് സൈറ്റുകളുടെ നിരോധനം; തലങ്ങും വിലങ്ങും ഓടുന്ന ജിയോക്കാരും ചിരിപ്പിച്ച് കൊല്ലുന്ന ട്രോളുകളും
പോൺ വെബ്സൈറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തുന്ന ആദ്യത്തെ രാജ്യമല്ല ഇന്ത്യ. കഴിഞ്ഞ മാസം ഏതാണ്ട് 4,000 പോൺസൈറ്റുകൾക്കാണ് ചൈന നിരോധനം ഏർപ്പെടുത്തിയത്. ചൈനയിൽ ആകമാനം 22,000 പോൺ വെബ്സൈറ്റുകളാണ് നിരോധിച്ചിരിക്കുന്നത്.