ന്യൂഡൽഹി: വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കാൻ കർശന നിർദ്ദേശങ്ങളുമായി ഫെയ്സ്ബുക്ക്. ഫെയ്ബുക്കിലൂടെ രാഷ്ട്രീയ പ്രചരണം നടത്തുന്നവരുടെ തിരിച്ചറിയൽ രേഖകൾ, സ്ഥലം എന്നിവയടങ്ങിയ വിശദവിവരങ്ങൾ വെളിപ്പെടുത്തണമെന്ന നിർദ്ദേശമാണ് ഫെയ്സ്ബുക്ക് പുറത്തുവിട്ടത്. ഫെയ്സ്ബുക്ക് കൂടാതെ ഇൻസ്റ്റഗ്രാം മുതലായ സമൂഹമാധ്യമങ്ങളിലും ഈ നിർദ്ദേശം ബാധകമാണ്.

ഈ വർഷത്തിന്റെ ആദ്യം മുതൽ ഫെയ്സ്ബുക്കിൽ രാഷ്ട്രീയ പരസ്യങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ നൽകണമെന്ന നിർദ്ദേശം നൽകി തുടങ്ങിയിരുന്നു. ഇത് കൂടാതെ നൽകിയ പരസ്യത്തിന് ചിലവായ തുക, എത്ര പേർ പരസ്യം കണ്ടു തുടങ്ങിയ വിവരങ്ങളടങ്ങിയ “ഓൺലൈൻ സെർച്ചെബൾ ആഡ് ലൈബ്രറി” ഒരുക്കിയിട്ടുണ്ടെന്ന് ഫെയ്സ്ബുക്ക് ബ്ലോഗിലൂടെ അറിയിച്ചിട്ടുണ്ട്.

ഫെയ്‌സ്ബുക്കിൽ രാഷ്ട്രീയ പരസ്യങ്ങൾ നൽകുന്നതിന് ഫെയ്‌സ്ബുക്ക് നടത്തുന്ന തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കണമെന്നാണ് ബ്ലോഗിലൂടെ അറിയിച്ചിരിക്കുന്നത്. മൊബൈൽ ഫോണിന്റെ ഉപയോഗം മൂലം പരസ്യം നൽകുന്നയാളുടെ പ്രാദേശിക വിവരങ്ങൾ വിലയിരുത്തുന്നതിന് ഒരാഴ്ചയെങ്കിലും എടുക്കുമെന്നാണ് ഫെയ്സ്ബുക്ക് അധികൃതർ പറയുന്നത്.

വരുന്ന തിരഞ്ഞടുപ്പിൽ വിദേശ ഇടപെടലുകൾ ഒഴിവാക്കുന്നതിനും വ്യാജ പ്രചാരണങ്ങൾ ഒഴിവാക്കുന്നതിനുമാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്ന് ഫെയ്സ്ബുക്ക് വ്യക്തമാക്കി. നിലവിൽ​ 200 മില്യൺ ഫെയ്ബുക്ക് ഉപഭോക്താക്കൾ ഇന്ത്യയിലുണ്ട്. ഇതിനാൽ തന്നെ ഫെയ്ബുക്കിന് ആളുകളിൽ വലിയ സ്വാധീനം ചെലുത്താനാകും. വരുന്ന പൊതുതിരഞ്ഞെടുപ്പ് സുതാര്യമാക്കുന്നതിനാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്ന് ഫെയ്സ്ബുക്ക് അധികൃതർ പറഞ്ഞു.

അമേരിക്ക, ബ്രസീൽ​, യുകെ എന്നിവടങ്ങളിൽ​ ഈ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഇന്ത്യയിലും ഇത്തരം നടപടിയെടുക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook