Poco X3 vs Poco X2: Spec, Price, Camera, Batery, Performance: പോക്കോ എക്സ് (Poco X) സീരീസിലെ ഏറ്റവും പുതിയ ഫോൺ ആയ പോക്കോ എക്സ് 3 എൻഎഫ്‌സി ( Poco X3 NFC) ഉടൻ ആഗോള വിപണിയിലെത്തും. തിങ്കളാഴ്ച നടന്ന ഓൺലൈൻ ഇവന്റിലാണ് പോകോ എക്സ് 3 എൻഎഫ്‌സി അവതരിപ്പിച്ചത്. സ്മാർട്ട്‌ഫോൺ ഗെയിമിങ്ങിൽ താൽപര്യമുള്ളവരെ ലക്ഷ്യമിട്ടാണ് ഫോൺ പുറത്തിറക്കുന്നത്. പവർ-പായ്ക്ക്ഡ് മോഡലായ പോക്കോ എക്സ് 2വിന്റെ (Poco X2) പിൻഗാമിക്ക് ധാരാളം പുതിയ സവിശേഷതകളുണ്ട്, ഒപ്പം ഇതിന്റെ മുൻഗാമിയുമായി നിരവധി സമാനതകളും. ഫോൺ ഇതുവരെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടില്ല. മുൻഗാമിയെ അപേക്ഷിച്ച് പോകോ എക്സ് സീരിസിലെ ഏറ്റവും പുതിയ ഫോൺ എത്രത്തോളം മെച്ചപ്പെട്ടുവെന്ന് പരിശോധിക്കാം.
സ്ക്രീൻ, ഡിസൈൻ
പോക്കോ എക്സ് 2 ന് 120 ഹെർട്സ് റിഫ്രഷ് റേറ്റ് സഹിതം 6.67 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്പ്ലേ ഉണ്ടായിരുന്നു. സ്ക്രീൻ വലുപ്പം പോക്കോ എക്സ് 3 ൽ അതേപടി നിലനിൽക്കുന്നു, പക്ഷേ ഇതിന് ഡൈനാമിക് സ്വിച്ച് 120 ഹെർട്സ് റിഫ്രഷ് റേറ്റ് ഉണ്ട്. ഇത് ബാറ്ററി സംരക്ഷിക്കുന്നതിനായി ഫോൺ ഉപയോഗത്തിനനുസരിച്ച് റിഫ്രഷ് റേറ്റ് മാറ്റിക്കൊണ്ടിരിക്കും.ഉദാഹരണത്തിന്, ഉയർന്ന ഫ്രെയിം റേറ്റുള്ള ഗെയിം പ്രവർത്തിപ്പിക്കുമ്പോൾ ഇത് ഏറ്റവും മികച്ച റിഫ്രഷ് റേറ്റിലായിരിക്കും. മാത്രമല്ല നിങ്ങൾ ഒരു സ്റ്റിൽ ഉമേജ് കാണുമ്പോഴും സ്ക്രോളിംഗ് നടത്താതിരിക്കുമ്പോഴും റിഫ്രഷ് റേറ്റ് 50 ഹെർട്സ് വരെ താഴുകയും ചെയ്യും.
ഗെയിമർമാരെ സംബന്ധിച്ചിടത്തോളം, 240Hz ന്റെ ഉയർന്ന-ടച്ച് സാമ്പിൾ റേറ്റും ഇത് വാഗ്ദാനം ചെയ്യുന്നു. ഇത് മറ്റ് ഗെയിമിങ്ങ് ഫോണുകളെ അപേക്ഷിച്ച് ഉപയോക്താക്കൾക്കിടയിൽ ഒരു മുൻതൂക്കം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. മുൻവശത്ത് കോർണിംഗ് ഗോറില്ല ഗ്ലാസ് 5 ഉണ്ട്.
കേർവ്ഡ് എഡ്ജുകളോടെയുള്ള പുതിയ ഫോണിന്റെ രൂപകൽപ്പന മികച്ചതായി കാണപ്പെടുന്നു. പോകോ ബ്രാൻഡ് പ്ലെയ്‌സ്‌മെന്റിൽ എക്സ് 3യിൽ വലിയ വ്യത്യാസമുണ്ട്. പിൻ പാനലിന്റെ ചുവടെയാണ് പോക്കോ എക്സ് 2വിൽ ബ്രാൻഡ് നെയിം എഴുതിയത്. ഏറ്റവും പുതിയ പതിപ്പിൽ, ബ്രാൻഡ് നെയിം വളരെ വലുതാണ്. കൂടാതെ, ബാക്ക് പാനലിൽ കളർ ഷേഡ് വ്യത്യാസമുണ്ട്.
പ്രോസസർ
അഡ്രിനോ 618 ജിപിയുവും, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730 പ്രോസസറുമായിരുന്നു പോക്കോ എക്സ് 2വിൽ. പുതിയ പതിപ്പിൽ ജിപിയു അഡ്രിനോ 618 തന്നെയാണ്. എന്നാൽ ഗെയിമിംഗ് സെൻട്രിക്കായ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732 ജി പ്രോസസറിലാണ് എക്സ് 3 പ്രവർത്തിക്കുന്നത്. AnTuTu ബെഞ്ച്മാർക്ക് സ്കോർ 30,1581 ആണ് ഈ പ്രൊസസറിന്. കൈറോ 470 സിപിയുവിന് 2.3 ജിഗാഹെർട്സ് വരെ പെർഫോമൻസ് നൽകാൻ സാധിക്കും.
70 ശതമാനം വലിയ ഹീറ്റ് പൈപ്പ് ഉള്ള ലിക്വിഡ്കൂൾ ടെക്നോളജി 1.0 സഹിതമാണ് പോക്കോ എക്സ് 3 വരുിന്നതെന്നതിനാൽ ഇക്കാര്യത്തിൽ അതിന്റെ മുൻഗാമിയേക്കാൾ മുന്നിലാണ്. പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ മണിക്കൂറുകൾ നീളുന്ന ഗെയിമിങ്ങിന് ഈ ഫോൺ അനുയോജ്യമാകുമെന്ന് പോക്കോ അവകാശപ്പെടുന്നു. അധികം കൂളിങ്ങിനായി, റിയർ മൗണ്ടിങ്ങ് ആക്‌സസറികൾ നൽകുന്നതിന് ബ്ലാക്ക്‌ഷാർക്കുമായി പോക്കോ പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
ക്യാമറ- Poco X3 Camera
64 എംപി പ്രൈമറി ക്യാമറ അടക്കം റിയർ ക്വാഡ് ക്യാമറ സെറ്റപ്പായിരുന്നു എക്സ് 2 മോഡൽ ഫോണിൽ. പിക്സൽ ബിന്നിങ്ങ് വഴി 16 എംപി ചിത്രങ്ങൾ ക്ലിക്കുചെയ്യാനും പ്രൈമറി ക്യാമറക്ക് കളിയുമായിരുന്നു. 8 എംപി അൾട്രാവൈഡ്, 2 എംപി മാക്രോ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നിവയാണ് എക്സ് 2വിലെ മറ്റു ക്യാമറകൾ.
പോക്കോ എക്സ് 2 ന്റെ ലംബമായി നീളത്തിലായിരുന്നു ക്യാമറ മൊഡ്യൂൾ എങ്കിൽ എക്സ് ത്രീയിൽ ഒരു ചതുരാകൃതിയിലുള്ള മൊഡ്യൂളായിട്ടാണ് ഡിസൈൻ.
64 എംപി സോണി ഐഎംഎക്സ് 682 സെൻസറാണ് പുതിയ ഫോണിന്റെ പ്രൈമറി ക്യാമറയിൽ. വലിയ സെൻസർ വലുപ്പവും 1.6 മൈക്രോൺ 4-ഇൻ -1 സൂപ്പർ പിക്‌സലും ഉണ്ട്. 13 എംപി അൾട്രാ വൈഡ് ക്യാമറയും 2 എംപി ടെലിമാക്രോ ക്യാമറയ്‌ക്കൊപ്പം 2 എംപി ഡെപ്ത് സെൻസറുമാണ് എക്സ് 3യുടെ റിയർ ക്യാമറ സെറ്റപ്പിലെ മറ്റു ക്യാമറകൾ. 119 ഡിഗ്രിയാൻ് അൾട്രാ വൈഡ് ആംഗിൾ ക്യാമറയുടെ റെയ്ഞ്ച്.
Read More: Redmi 9 Prime review: Budget Smartphone- റെഡ്മി 9 പ്രൈം റിവ്യൂ: ഷവോമിയുടെ പുതിയ ബജറ്റ് ഫോൺ
ഗോൾഡ് വൈബ് മോഡ്, സൈബർപങ്ക്, കാലിഡോസ്‌കോപ്പ് മോഡ് എന്നിവ ഉൾപ്പെടെയുള്ള കുറച്ച് ഫിൽട്ടറുകളുണ്ട്. ഏത് സമയത്തെ ഷോട്ടും നൈറ്റ് ഷോട്ടായി മാറ്റാൻ കഴിയുന്ന എഐ സ്കൈസ്‌കേപ്പിംഗ് 3.0 പോക്കോ എക്സ് 3യിലും ഉണ്ട്.
ബാറ്ററി – Poco X3 Batery
27വാട്ട് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയോടെ 4,500 എംഎഎച്ച് ബാറ്ററിയായിരുന്നു പോക്കോ എക്സ് 2വിൽ. കൂടാതെ പോക്കോ എക്സ് 3യിൽ 5,160 എംഎഎച്ച് ബാറ്ററിയാണ്. ഇത് 33W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണക്കുകയും ചെയ്യുന്നു. 65 മിനിറ്റിനുള്ളിൽ ഫോൺ പൂർണമായി ചാർജ് ചെയ്യാനാകുമെന്നും 10 മണിക്കൂർ ഗെയിമിംഗും 17 മണിക്കൂർ വീഡിയോ പ്ലേബാക്കും ഒരൊറ്റ ചാർജിൽ കൈകാര്യം ചെയ്യാനാകുമെന്നും പോക്കോ അവകാശപ്പെടുന്നു.
വേരിയന്റുകളും വിലയും- Poco X3 Price, Poco X2 Price,
15,999 രൂപ നിരക്കിലാണ് പോക്കോ എക്സ് 2 ലോഞ്ച് ചെയ്തത്. എന്നാലും നിലവിൽ അടിസ്ഥാന വേരിയന്റിന് 17,499 രൂപയും ഉയർന്ന വേരിയന്റുകളുമായി 18,499 രൂപയും 21,499 രൂപയുമാണ് വില.
പോക്കോ എക്സ് 3 ന്റെ 6 ജിബി 64 ജിബി വേരിയന്റിന് 229 യൂറോ (ഏകദേശം 19,887 രൂപ), 6 ജിബി 128 ജിബിക്ക് 269 യൂറോ (23360.50 രൂപ) എന്നിങ്ങനെ വിലയുണ്ട്. എന്നാൽ തുടക്കത്തിൽ 20 യൂറോ വിലക്കുറവിൽ ഈ ഫോണുകൾ ലഭ്യമാവും. തുടക്കത്തിൽ, അടിസ്ഥാന വേരിയൻറ് 199 യൂറോ മുതലും (17,281 രൂപ) ടോപ്പ് വേരിയന്റ് 249 യൂറോ മുതലും (21,623 രൂപ) ലഭ്യമാണ്.