Poco X3 Pro Review: പോക്കോ എക്സ്3 പ്രോ മികച്ച ബജറ്റ് ഗെയിമിംഗ് ഫോൺ; റിവ്യൂ

20,000 രൂപ വിലയിൽ ഏറ്റവും മികച്ച പ്രൊസസർ ഉൾപ്പടെ ഏറ്റവും നല്ല സവിശേഷതകളുമായാണ് പോക്കോ എത്തിയിരിക്കുന്നത്

Poco X3 Pro, Poco X3 Pro review, Poco X3 Pro price, Poco X3 Pro sale, Poco X3 Pro price in India, Poco X3 Pro features, Poco X3 Pro specifications, ie malayalam

Poco X3 Pro Review: വിട്ടുവീഴ്ചകളില്ലാതെ ഏറ്റവും മികച്ച ഫീച്ചറുകൾ നൽകുന്നതാണ് ഒരു യഥാർത്ഥ ഫ്ലാഗ്ഷിപ് ഫോൺ. മീഡിയം വിലയുള്ള ഫോണുകളിൽ ചില വിട്ടുവീഴ്ചകൾ നടത്തിയല്ലാതെ ഫ്ലാഗ്ഷിപ് ഫോണിന്റേതായ ഫീച്ചറുകൾ കൊണ്ടുവരാൻ സാധിക്കില്ല. എന്നാൽ ഏറ്റവും പ്രധാന ഘടകങ്ങളിൽ വിട്ടുവീഴ്ച വരുത്താതെ ഇറക്കുന്ന ഫോണുകളെ ”ബജറ്റ് ഫ്ലാഗ്ഷിപ്” ഫോണുകൾ എന്ന് വിളിക്കാവുന്നതാണ്.

അതിനു ഏറ്റവും മികച്ച ഉദാഹരണമാണ് 2018ൽ പുറത്തിറങ്ങിയ പോക്കോ എഫ്1. ഇപ്പോൾ 2021 ലും പുതിയൊരു ബജറ്റ് ഫ്ലാഗ്ഷിപ് ഫോണുമായി എത്തിയിരിക്കുകയാണ് പോക്കോ, പോക്കോ എക്സ്3 പ്രോ. 20,000 രൂപ വിലയിൽ ഏറ്റവും മികച്ച പ്രൊസസർ ഉൾപ്പടെ ഏറ്റവും നല്ല സവിശേഷതകളുമായാണ് പോക്കോ എത്തിയിരിക്കുന്നത്.

പോക്കോ എക്സ്3 പ്രോ സവിശേഷതകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് FHD+ IPS LCD ഡിസ്പ്ലേ | ക്വാൽകോം സ്നാപ്ഡ്രാഗൺ 860 ചിപ്സെറ്റ് | 6GB/8GB റാം, 128GB UFS 3.1 സ്റ്റോറേജ് | 48MP+8MP+2MP+2MP പിൻ ക്യാമറ, 20MP മുൻ ക്യാമറ | 5160mAh ബാറ്ററി, 33W ഫാസ്റ്റ് ചാർജിങ്.

പോക്കോ എക്സ്3 പ്രോ ഒരാഴ്ച്ച ഉപയോഗിച്ചതിൽ നിന്നുള്ള അഭിപ്രായങ്ങൾ ചുവടെ നൽകുന്നു.

ഡിസൈനിലെയും നിർമ്മാണത്തിലെയും പ്രത്യേകതകൾ

പോക്കോ എക്സ്3 യിലേതിന് സമാനമായ ഡിസൈൻ തന്നെയാണ് പോക്കോ എക്സ്3 പ്രോയിലും നൽകിയിരിക്കുന്നത്. രണ്ടും ഒരേ കുടുംബത്തിൽ നിന്നുള്ളവയായതിനാൽ ഒരേ ഡിസൈൻ സ്വാഭാവികമാണ്. ഇരട്ട കളറുകളിലാണ് ഫോണിന്റെ പുറകുവശം വരുന്നത്. പ്ലാസ്റ്റിക്കിൽ തീർത്തിരിക്കുന്ന പുറകു വശത്ത് വലിയ പകുതി വൃത്താകാരത്തിലും, പകുതി ചതുരാകൃതിയിലുമുള്ള മുന്നിലേക്ക് തള്ളി നിൽക്കുന്ന ക്യാമറയാണ് നൽകിയിരിക്കുന്നത്. വൃത്താകൃതിയിലാണ് ക്യാമറ ഭാഗം കാഴ്ചയിൽ വരിക. പോക്കോ എം3 യിൽ നിന്ന് വ്യത്യസ്തമായി പെട്ടെന്ന് കാണാൻ സാധിക്കാത്ത തരത്തിൽ പോക്കോ ലോഗോയും പുറകുവശത്തു നൽകിയിട്ടുണ്ട്.

ഫോണിന്റെ വലതുവശത്തായി ‘വോളിയം’ ബട്ടണും ‘പവർ’ ബട്ടണും നൽകിയിരിക്കുന്നു. അതിനു താഴെയായി വേഗതയുള്ള ഫിംഗർപ്രിന്റ് സെൻസറുകളും നൽകിയിരിക്കുന്നു. ഇടതു വശത്തായാണ് സ്ലിം സ്ലോട്ട് നൽകിയിരിക്കുന്നത്. ഫോണിന്റെ മുകൾ ഭാഗത്തായി ഐആർ ബ്ലാസ്റ്ററും നൽകിയിട്ടുണ്ട്. അതിനാൽ മറ്റു ഉപകരണങ്ങൾ നിയന്ത്രിക്കാൻ കഴിയുന്ന യൂണിവേഴ്സൽ റിമോട്ട് സേവനം ഈ ഫോണിലും ലഭ്യമാണ്. താഴെ 3.5mm ന്റെ ഓഡിയോ ജാക്കും നൽകിയിരിക്കുന്നു.

ഫോണിന്റെ നിർമാണത്തിലെ ഒരു വീഴ്ചയാണ് പുറകിൽ പ്ലാസ്റ്റിക് കവർ നൽകിയിരിക്കുന്നത്. ഇതുമൂലം ഉച്ചത്തിൽ വീഡിയോ പ്ലേ ചെയ്യുമ്പോൾ പുറകുവശം വൈബ്രേറ്റു ചെയ്യുന്നതായി കാണാൻ കഴിയും. ഗെയിം കളിക്കുന്നവരെയെല്ലാം ഇത് അലോസരപ്പെടുത്താൻ സാധ്യതയുണ്ട്.

ഡിസ്പ്ലേ

മറ്റു പോക്കോ എക്സ് സീരീസുകളിലെ പോലെ മികച്ച ഡിസ്പ്ലേ തന്നെയാണ് ഇതിലും വരുന്നത്. ഐപിഎസ് എൽസിഡി പാനലാണ് ഇതിൽ വരുന്നതെങ്കിലും മികച്ച ദൃശ്യ മികവുനൽകുന്നതാണ്. അതുപോലെ ഏറ്റവും കുറഞ്ഞ ബ്രൈറ്റ്നെസ്സിലേക്ക് പോകാൻ ഈ ഫോണിൽ കഴിയും. രാത്രിയിൽ സുഖകരമായ രീതിയിൽ ഫോൺ ഉപയോഗിക്കാൻ ഇതിനാൽ സാധിക്കും.

മികച്ച നിറങ്ങൾ നൽകുന്ന ഫോണാണിത്. ഡിസ്‌പ്ലേയുടെ മുകളിൽ നടുവിലായി പഞ്ച് ഹോൾ ക്യാമറയാണ് ഇതിൽ നൽകിയിരിക്കുന്നത്. വശങ്ങൾ അധികം കാണാത്ത ഡിസ്‌പ്ലേയാണ് പോക്കോ എക്സ്3 പ്രോ യിൽ പ്രതീക്ഷിച്ചിരുന്നത് എന്നാൽ ആ കാര്യത്തിൽ നിരാശയാണ് ഫലം. എന്നാൽ വലിയ സ്ക്രീനിലെ പഞ്ച് ഹോൾ ഡിസ്പ്ലേയുടെ ഭംഗി കളയുന്നില്ല.

ക്യാമറ

മുന്നിലും പിന്നിലും മികച്ച ക്യമാറയുമായാണ് പോക്കോ എക്സ്3 പ്രോ എത്തുന്നത്. ഫോണിൽ എടുത്ത ചിത്രങ്ങൾ മികച്ചതായിരുന്നു. എന്നാൽ പ്രധാന ക്യമാറ 64എംപി യിൽ നിന്ന് 48 എംപിയായി കുറച്ചിട്ടുണ്ട്. പക്ഷേ സാധാരണ ഉപയോഗത്തിനെ ഇത് ബാധിക്കുന്നതല്ല. വീടിനു അകത്തും മറ്റും കുറഞ്ഞ വെളിച്ചത്തിൽ എടുത്ത ചിത്രങ്ങൾക്ക് വൈറ്റ് ബാലൻസ് പ്രശ്നങ്ങൾ പ്രകടമാണ്. അതുപോലെ ഈ ഫോണിന്റെ ഇഐഎസ് (ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ) മികച്ചതാണ്. എന്നാൽ ഇതിലെ ഒരു ക്യമറയും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ നൽകുന്നില്ല.

ഫോണിലെ നൈറ്റ് മോഡ് ഫീച്ചറിലേക്ക് വരുകയാണെങ്കിൽ ഏറ്റവും മികച്ച അനുഭവമാണ് പോക്കോ എക്സ്3 പ്രോ നൽകുന്നത്. രാത്രി എടുക്കുന്ന ചിത്രങ്ങളിൽ നല്ല വെളിച്ചവും ഭംഗിയും ഇത് നൽകുന്നു. 8എംപി വരുന്ന അൾട്രാ വൈഡ് ക്യാമറയും പ്രതീക്ഷിച്ച റിസൾട്ട് നൽകുന്നുണ്ട്. രാത്രിയും പകലും മികച്ച റിസൾട്ട് നൽകുന്നുണ്ട് ഇതിലെ വൈഡ് ആംഗിൾ ക്യാമറ.

20എംപി വരുന്ന മുൻക്യാമറ കൊണ്ട് ഏറ്റവും നല്ല ചിത്രങ്ങൾ എടുക്കാൻ സാധിക്കും. എന്നാൽ മാക്രോ ചിത്രങ്ങളും പോട്രെയ്റ്റ് ചിത്രങ്ങളും ശരാശരി ക്വാളിറ്റിയിലേക്ക് എത്തുന്നുള്ളു. വിഡിയോയിലേക്ക് വരികയാണെങ്കിൽ 60fps ൽ 1080p റെക്കോർഡിങ്ങും, 30fps ൽ 4K റെക്കോർഡിങ്ങും സാധ്യമാണ്. ഒപ്പം ഒരേസമയം മുന്നിലേയും പിന്നിലേയും ക്യാമറ ഉപയോഗിച്ചു വീഡിയോ റെക്കോർഡ് ചെയ്യാനും പോക്കോ എക്സ്3 പ്രോ യിൽ സാധിക്കും.

പ്രകടനം

ദൈനംദിന ഉപയോഗത്തിന് ഏറ്റവും നല്ല ഫോണാണ് പോക്കോ എക്സ്3 പ്രോ. വലിയ ആപ്പുകൾ പോലും ലാഗോ പ്രശ്നങ്ങളോ ഇല്ലാതെ പ്രവർത്തിപ്പിക്കാൻ സാധിക്കും. സ്നാപ്ഡ്രാഗൺ 860 ചിപ്സെറ്റിൽ വരുന്ന ഫോണിലെ 120Hz റിഫ്രഷ് റേറ്റ് ഓപ്ഷൻ ഉപയോഗിച്ചാൽ ഫോണിന്റെ പ്രവർത്തനം കൂടുതൽ സ്മൂത്താവുകയും ചെയ്യും. എംഐയൂഐ 12 ആണ് ഈ ഫോണിൽ നൽകിയിരിക്കുന്നത്. വൺപ്ലസ് 7ടി, അസ്യൂസ് റോഗ് ഫോൺ 2 എന്നീ ഫ്ലാഗ്ഷിപ് ഫോണുകളിൽ നൽകിയിട്ടുള്ള സ്നാപ്ഡ്രാഗൺ 855പ്ലസ് പ്രൊസസ്സറിന്റെ പുതിയ വേർഷനാണ് സ്നാപ്ഡ്രാഗൺ 860 പ്രൊസസ്സർ.

മികച്ച ഗെയിമിങ് ഫോണാണ് പോക്കോ എക്സ്3 പ്രോ. ഈ വിലയിൽ വരുന്ന ഫോണുകളിൽ ഏറ്റവും മികച്ച ഗെയിമിംഗ് അനുഭവം നൽകുന്ന സ്മാർട്ഫോണാണിത്. 860 പ്രൊസസറിനോടൊപ്പം അഡ്രെനോ 640 ജിപിയു കൂടി ചേരുമ്പോൾ മികച്ച ഗ്രാഫിക്സ് വേണ്ട ‘കോൾ ഓഫ് ഡ്യൂട്ടി’ ‘ഫ്രീ ഫയർ’ തുടങ്ങിയ ഗെയിമുകൾ കൂടിയ ഫ്രെയിം റേറ്റിൽ കളിയ്ക്കാൻ സാധിക്കും. കോൾ ഓഫ് ഡ്യൂട്ടിയിൽ ഒന്നിലധികം മത്സരങ്ങൾ കളിച്ചിട്ടും ഫോൺ ചൂടാകുന്നുണ്ടായിരുന്നില്ല.

സോഫ്റ്റ്‌വെയർ

ആൻഡ്രോയിഡ് 11ൽ എംഐയുഐ 12വിലാണ് പോക്കോ എക്സ്3 എത്തുന്നത്. പുതിയ എംഐയുഐ 12.5 ലേക്ക് ഉടൻ തന്നെ അപ്ഡേഷനുള്ള സാധ്യതയുമുണ്ട്. എംഐയുഐ 12 അത്ര മികച്ചതല്ലെങ്കിലും, പോക്കോയിൽ പരസ്യങ്ങൾ ഉണ്ടാകില്ലെന്ന് കമ്പനി പറയുന്നുണ്ട്. എന്നാൽ ഒരുപാട് ബ്ലോട്ട്വെയറുകൾ ഫോണിൽ കാണാൻ കഴിയും. അവയിൽ ചിലത് അൺഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്നതുമല്ല.

ബാറ്ററി

പോക്കോ എക്സ്‌ 3യിലെ 6000mAh ബാറ്ററിയിൽ നിന്ന് മാറി 5160mAh ബാറ്ററിയാണ് പുതിയ ഫോണിൽ നൽകിയിരിക്കുന്നത്. ഒരു ദിവസം പൂർണമായി നിൽക്കുന്ന ബാറ്ററി ലൈഫ് ഇത് നൽകുന്നുണ്ട്. ഗെയിമിങ്ങിനു ഉപയോഗിക്കുകയാണെങ്കിൽ അല്പം വേഗത്തിൽ ബാറ്ററി ചാർജ് കുറയുന്നത് കാണാം. എന്നിരുന്നാലും ഒരു മണിക്കൂർ കൊണ്ട് ഫുൾ ചാർജാകാൻ കഴിയുന്ന ഫാസ്റ്റ് ചാർജിങ് ബാറ്ററിയാണിത്. 60Hz ൽ ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ സമയം ബാറ്ററി ലഭിക്കുന്നതാണ്.

പോക്കോ നിങ്ങൾക്ക് ചേരുന്ന ഫോണാണോ?

ഫാസ്റ്റ് ചിപ്പ്, മികച്ച ജിപിയു, സ്റ്റീരിയോ സ്‌പീക്കറുകൾ, ഹെഡ്‍ഫോൺ പോർട്ട്, യുഎഫ്എസ് 3.1 പോർട്ട് എന്നിവയെല്ലാം ഉൾപ്പെടുന്ന ഗെയിമിങ്ങിനു പറ്റുന്ന വിട്ടുവീഴ്ചകളില്ലാത്ത ഏറ്റവും മികച്ച ബജറ്റ് ഫോണാണ് പോക്കോ എക്സ്3 പ്രോ. ബാറ്ററി, ക്യാമറ എന്നിവയിലേക്ക് വന്നാലും ശരാശരിക്ക് മുകളിൽ പ്രകടനം നടത്തുന്ന ഫോണാണിത്.

എന്നാൽ ചില മേഖലകളിൽ ചില മാറ്റങ്ങൾ കൊണ്ടുവരാമായിരുന്നു. പ്ലാസ്റ്റിക്കിനു പകരം പുറകിൽ ഗ്ലാസ് നൽകിയിരുന്നെങ്കിൽ വൈബ്രേഷൻ ഒഴിവായേനെ. അതുപോലെ 8ജിബി വരുന്ന ഫോണിൽ 256 ജിബി സ്റ്റോറേജ് നൽകാമായിരുന്നു. ഭാവിയിൽ 5ജി ലഭിക്കില്ല എന്നതും ഫോണിന്റെ ഒരു പോരായ്മയാണ്. അതിനുമപ്പുറം മികച്ച ഹാർഡ്‌വെയറുമായി വരുന്ന ഫോൺ 20000 രൂപയിൽ താഴെയുള്ള മികച്ച ഫോൺ തേടി പോകുന്നവർക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Poco x3 pro review

The moderation of comments is automated and not cleared manually by malayalam.indianexpress.com