ചുരുങ്ങിയ സമയംകൊണ്ട് തന്നെ ഇന്ത്യൻ സ്മാർട്ഫോൺ വിപണിയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞ സ്ഥാപനമാണ് പോകോ. ഇപ്പോഴിതാ പുതിയൊരു ഡിവൈസുമായി വീണ്ടും വിപണിയിൽ സജീവമാകാൻ ഒരുങ്ങുകയാണ് കമ്പനി. പോകോ M3 ഇന്ത്യയിൽ അവതരിപ്പിച്ചു. ബജറ്റ് സീരിസിൽ മികച്ച ഫീച്ചറുകളോടുകൂടിയ ഒരു കിടിലൻ മോഡലാണ് പോകോ M3.
പോകോ M2വിന്റെ പിൻഗാമിയായ M3യുടെ വില ആരംഭിക്കുന്നത് 10,999 രൂപയിലാണ്. ക്യുവൽകോം സ്നാപ്ഡ്രഗാൻ പ്രൊസസറും 6ജിബി റാമും 6000 എംഎഎച്ച് ബാറ്ററിയുമൊക്കെയാണ് പോകോ M3യുടെ എടുത്ത് പറയേണ്ട ഫീച്ചറുകൾ. ബജറ്റ് ഓറൈന്റഡ് ഫോണുകളിൽ ഇത്രയും ഫീച്ചറുകളോടുകൂടി എത്തുന്ന സ്മാർട്ഫോണിനായി ആളുകൾ കാത്തിരിക്കുകയായിരുന്നു.
Also Read: മടക്കാം, ചുരുട്ടാം; പുതിയ സ്മാർട്ഫോണുകൾ ഉടൻ അവതരിപ്പിക്കാൻ സാംസങ്
Poco M3 specifications: പോകോ M3 സ്‌പെസിഫിക്കേഷനുകൾ
6.35 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയോടെയെത്തുന്ന സ്ക്രീനിന്റെ പിക്സൽ റെസലൂഷൻ 1080×2340 ആണ്. ഗൊറില്ല ഗ്ലാസ് 3യുടെ പ്രൊട്ടക്ഷൻ മാത്രമാണ് കമ്പനി സ്ക്രീനിന് നൽകുന്നതെങ്കിലും പ്രീ ഇൻസ്റ്റാൾഡ് സ്ക്രീൻ പ്രൊട്ടക്ടർ നിങ്ങൾ ഫോൺ വാങ്ങുമ്പോൾ തന്നെ കമ്പനി നൽകുന്നു.
ക്യുവൽകോം സ്നാപ്ഡ്രാഗൻ 662 പ്രൊസസറിലാണ് ഫോണിന്റെ പ്രവർത്തനം. രണ്ട് മെമ്മറി വേരിയന്റാണുള്ളത്. 6 ജിബി റാം സ്റ്റാൻഡേർഡ് ആക്കിയ കമ്പനി 64 ജിബി, 128 ജിബി എന്നിങ്ങനെ രണ്ട് വ്യത്യസ്ത ഇന്റേണൽ മെമ്മറി പാക്കേജുകൾ ഓഫർ ചെയ്യുന്നു. ആഗോള തലത്തിൽ 4ജിബി റാം ലഭിക്കുമെങ്കിലും ഇന്ത്യയിൽ 6ജിബി റാം സ്‌പെയ്സോടുകൂടിയ ഫോണുകൾ മാത്രമേ ലഭ്യമുള്ളൂ.
ക്യാമറയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന കമ്പനി പോകോ M3യിലും അതിന് മാറ്റമൊന്നും വരുത്തിയിട്ടില്ല. പിന്നിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പും മുന്നിൽ ഒരു സെൽഫി ക്യാമറയും ഉൾപ്പെടുന്നതാണ് ക്യാമറ ഫീച്ചർ. ഫെയ്സ് ഡിറ്റക്ഷനും ഓട്ടോ ഫോക്കസും (PDAF) ഉൾപ്പെടുന്ന 48 എംപിയുടേതാണ് റിയർ ക്യാമറയിലെ പ്രൈമറി സെൻസർ. ഇതോടൊപ്പം 2എംപിയുടെ മാക്രോ സെൻസറും അത്ര തന്നെയുള്ള ഡെപ്ത് സെൻസറും കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നു. സെൽഫി ക്യാമറ 8 എംപിയുടേതാണ്.
ഫോണിന്റെ പവർ ഹൗസ് ആകുന്ന ബാറ്ററി 6000 എംഎഎച്ചാണ്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ബാറ്ററിക്ക് അത്രതന്നെ കപ്പാസിറ്റിയുള്ള ചാർജറും കമ്പനി ഫോണിനൊപ്പം നൽകുന്നുണ്ട്. റിവേഴ്സ് ചാർജിങ്ങിനും സഹായിക്കുന്നതാണ് പോകോയിലെ ഈ 6000 എംഎഎച്ച് ബാറ്ററി. സൈഡ് മൗണ്ടഡ് ഫിംഗർ പ്രിന്റാണ് എടുത്ത് പറയേണ്ട മറ്റൊരു പ്രത്യേകത.
Poco M3 Pricing and availability: പോകോ M3 വിലയും ലഭ്യതയും
നേരത്തെ പറഞ്ഞതുപോലെ തന്നെ രണ്ട് വ്യത്യസ്ത മെമ്മറി പാക്കേജുകളിലാണ് ഫോണെത്തുന്നത്. ഈ വ്യത്യാസം വിലയിലും പ്രകടമാണ്. 6ജിബി റാമും 64ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിന് 10,999 രൂപയും 6ജിബി റാമും 128ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിന് 11,999 രൂപയുമാണ് വില.
മൂന്ന് വ്യത്യസ്ത നിറങ്ങളിലും ഫോൺ ലഭ്യമാണ്. കൂൾ ബ്ലൂ, പവർ ബ്ലാക്ക്, പോകോ യെല്ലോ എന്നീ നിറങ്ങളിലാണ് ഫോൺ വിപണിയിലെത്തുന്നത്. ഫെബ്രുവർ 9 ന് ഉച്ചയ്ക്ക് 12.00 മുതൽ ഫോണിന്റെ വിൽപ്പന ആരംഭിക്കും. പോകോയുടെ തന്നെ ഔദ്യോഗിക സൈറ്റിൽ നിന്നായിരിക്കും ആദ്യ വിൽപന. ഐസിഐസിഐ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പോകോയിൽ നിന്ന് നേരിട്ട് വാങ്ങുന്നവർക്ക് 1000 രൂപ ഡിസ്കൗണ്ടും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.