വാഷിങ്ടൻ: റോഡിലെ ഗതാഗതക്കുരുങ്ങിൽ കിടന്ന് ഇനി സമയം കളയേണ്ട. സ്വന്തം വാഹനത്തിൽ പറന്നു യാത്ര ചെയ്യാം. സിലിക്കൺ വാലിയിൽ ഗൂഗിൾ സഹസ്ഥാപകൻ ലാറി പേജിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ‘പറക്കും കാർ’ സ്റ്റാർട്ടപ്പായ കിറ്റി ഹോക്ക് ആണ് പറക്കും വാഹനം യാഥാർഥ്യമാക്കിയിരിക്കുന്നത്. പറക്കും വാഹനത്തിന്റെ പരീക്ഷണ പറക്കലിന്റെ വിഡിയോയും ഇവർ പുറത്തുവിട്ടിട്ടുണ്ട്.

തടാകത്തില്‍ നിന്ന് പറന്നുയര്‍ന്ന് വെള്ളത്തിന് മുകളില്‍ പറക്കുന്ന വാഹനത്തിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഈ വര്‍ഷം അവസാനത്തോടെ വാഹനം വിപണിയിലെത്തിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയാൽ ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിൽ വാഹനം പറത്താമെന്നാണ് കമ്പനി പറയുന്നത്.

ഒരാൾക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന വാഹനത്തിന്റെ പതിപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. രണ്ടു മണിക്കൂർ പരിശീലനത്തിലൂടെ ഈ വാഹനം ആർക്കും പറപ്പിക്കാം. എട്ടു റോട്ടറുകളാണ് വാഹനത്തിന് ഉളളത്. 100 കിലോയോളം ഭാരമുള്ള വാഹനത്തിന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. 4.5 മീറ്റര്‍ ഉയരത്തില്‍ വരെ വാഹനത്തിന് പറക്കാന്‍ സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ