വാട്സ്ആപിനെ ‘ആപ്പിലാക്കാന്‍’ ബാബാ രാംദേവ്; കിംഭോ ആപ്പ് പുറത്തിറക്കി

അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കകം പത്തായിരത്തിലധികം പേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞു

പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലുമായി ചേര്‍ന്ന് സ്വദേശി സമൃദ്ധി സിം കാര്‍ഡുകള്‍ പുറത്തിറക്കുന്നതിന് പിന്നാലെ വാട്സ്ആപ്പിന് കൂടി ഭീഷണിയുമായി പതഞ്ജലി. ടെക്സ്റ്റ്-വീഡിയോ ചാറ്റിങ് ആപ്പായ കിംഭോ (Kimbho) ആണ് ബാബാ രാംദേവ് അവതരിപ്പിച്ചത്. ആപ്പ് ഇപ്പോള്‍ ഗൂഗിള്‍ പ്ലേയില്‍ ലഭ്യമാണ്. വാട്സ്ആപ്പിന് വെല്ലുവിളിയായിരിക്കും കിംബോ എന്ന് പതഞ്ജലി വക്താവ് എസ്.കെ.തിജരവാല പറഞ്ഞു.

‘ഇനി ഇന്ത്യ സംസാരിക്കും ഇതിനെ കുറിച്ച്. സിം കാര്‍ഡ് അവതരിപ്പിച്ചതിന് പിന്നാലെ ബാബാ രാംദേവ് പുതിയ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. വാട്സ്ആപ്പിന് വെല്ലുവിളി ഉയര്‍ത്തുന്ന ആപ്പ് ആയിരിക്കും കിംബോ’, തിജരവാല ട്വീറ്റ് ചെയ്തു. സംസ്കൃത വാക്കാണ് കിംഭോ എന്നത്. ‘എന്താണ് നടക്കുന്നത്, എന്താണ് വിശേഷം’ എന്നിവയൊക്കെയാണ് ഈ വാക്കിന്റെ അര്‍ത്ഥം. എഇഎസ് എന്‍ക്രിപ്ഷനുളള ആപ്പില്‍ ടെലിഗ്രാമിലേത് പോലെ സന്ദേശങ്ങള്‍ ഓട്ടോമാറ്റിക് ആയി ഡിലീറ്റ് ചെയ്യാനുളള സൗകര്യവുമുണ്ട്. വീഡിയോ, ചിത്രങ്ങള്‍, ഡൂഡില്‍സ്, സ്റ്റിക്കര്‍, ജിഫ് ചിത്രം എന്നിവയൊക്കെ ആപ്പില്‍ സപ്പോര്‍ട്ട് ചെയ്യും.

വീഡിയോ ചാറ്റിനും ആപ്ലിക്കേഷനില്‍ സൗകര്യമുണ്ട്. അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കകം പത്തായിരത്തിലധികം പേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞു. ഗൂഗിള്‍ പ്ലേയില്‍ 3.9 ആണ് ഇപ്പോള്‍ സ്റ്റാര്‍ ലഭിച്ചിരിക്കുന്നത്. 23 എംബിയാണ് ആപ്പിന്റെ സൈസ്.

കഴിഞ്ഞ ദിവസമാണ് സ്വദേശി സിം കാര്‍ഡ് പതജ്ഞലി പ്രഖ്യാപിച്ചത്. ആദ്യപടിയായി പതഞ്ജലിയിലെ ജീവനക്കാര്‍ക്ക് മാത്രമായിരിക്കും സിം കാര്‍ഡുകള്‍ നല്‍കുക. പിന്നീട് ഇത് രാജ്യമൊട്ടാകെ വ്യാപിപ്പിക്കാനാണ് നീക്കം. സിം കാര്‍ഡുകള്‍ ബിഎസ്എന്‍എല്‍ ഓഫീസുകള്‍ വഴിയാണ് ലഭിക്കുന്നത്.

ഈ സിം കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ 10% ഇളവ് ലഭിക്കും. 144 രൂപക്ക് റീചാർജ് ചെയ്താല്‍ ഇന്ത്യയിലുടനീളം പരിധിയില്ലാതെ വിളിക്കാന്‍ കഴിയുന്ന സിം കാര്‍ഡാണ് പുറത്തിറക്കുക, ഇതോടൊപ്പം 2 ജിബി ഡാറ്റയും 100 സൗജന്യ എസ്എംഎസും ലഭിക്കും.

144 രൂപയ്ക്ക് റീചാർജ് ചെയ്യുകയാണെങ്കില്‍ രാജ്യത്ത് എവിടെ വേണമെങ്കിലും അണ്‍ലിമിറ്റഡായി കോള്‍ ചെയ്യാം. ഇതു കൂടാതെ സിം ഉപഭോക്താക്കള്‍ക്ക് 2.5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 5 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Patanjali launches kimbho to compete with whatsapp

Next Story
മൊബൈല്‍ നമ്പര്‍ സേവ് ചെയ്യാതെ ഇനി വാട്സ്ആപ്പില്‍ സന്ദേശം അയക്കാം
The moderation of comments is automated and not cleared manually by malayalam.indianexpress.com