ചുരുങ്ങിയ സമയംകൊണ്ടു മൊബൈൽ ഫോൺ രംഗത്ത് ചുവടുറപ്പിച്ച ഒപ്പോ അവരുടെ ഏറ്റവും പുതിയ ഫോൺ മാർക്കറ്റിൽ അവതരിപ്പിച്ചിരിക്കുകയാണ്. K സീരിസിലെ ഒപ്പോ K5 ആണ് കമ്പനി ചൈനയിൽ അവതരിപ്പിച്ചിരിക്കുന്നത്.
മൂന്ന് വ്യത്യസ്ത മെമ്മറി പാക്കേജുകളിലാണ് ഫോൺ എത്തുന്നത്. 6GB റാം/128GB ഇന്രേണൽ മെമ്മറിയോടെയെത്തുന്ന ഫോണിന് 1899 രൂപയാണ് ചൈനയിലെ വില (ഏകദേശം 18,900 രൂപ). 8GB റാം/128GB ഇന്രേണൽ മെമ്മറിയുള്ള ഫോണിന് 2099 യുവാനും (ഏകദേശം 20,900 രൂപ) 8GB റാം/256GB ഇന്രേണൽ മെമ്മറിയുള്ള ഫോണിന് 2499 യുവാനുമാണ് ( ഏകദേശം 24900 രൂപ) വില.
ബ്ലൂ, ഗ്രീൻ, വൈറ്റ് നിറങ്ങളിലാകും ഫോൺ ഉപഭോക്താക്കളിലേക്ക് എത്തുക. സ്നാപ്ഡ്രാഗൻ 730G പ്രൊസസറിലാണ് ഫോണിന്റെ പ്രവർത്തനം. 6.4 ഇഞ്ച് ഫുൾ എച്ച്ഡി+ അമോൾഡ് ഡിസ്പ്ലേയോടെ എത്തുന്ന ഫോണിന്റെ റെസലൂഷൻ 2340×1080 പിക്സലാണ്.
ആൺഡ്രോയിഡ് 9 പൈ ഓപ്പറേറ്റിങ് സിസ്റ്റത്തിന് പുറമെ കമ്പനിയുടെ തന്നെ കളർഒഎസ് 6 സ്കിന്നുമുണ്ട്. 3920 mAh ബാറ്ററിയാണ് ഫോണിന്റെ പവർപാക്ക്. കമ്പനിയുടെ തന്നെ 30W വൂക്ക് ഫ്ലാഷ് ചാർജ് 4.0 അതിവേഗ ചാർജിങ് അനുഭവവും നൽകുന്നു.
ക്വാഡ് ക്യാമറയാണ് ഫോണിന്റെ പ്രധാന സവിശേഷത. 64 MPയുടെ പ്രൈമറി സെൻസറിന് പുറമെ 8MP സെക്കൻഡറി സെൻസറും 2MP യുടെ രണ്ടു സെൻസറുകളും അടങ്ങുന്നതാണ് ഫോണിന്റെ പിൻവശത്തെ ക്വാഡ് ക്യാമറ. മുൻവശത്ത് 32 എംപിയുടെ സെൽഫി ക്യാമറയാണു ഫോണിന്റേത്.