ചാറ്റ്ജിപിടി ലോകമെങ്ങും വൈറൽ സെൻസേഷനായി മാറിയെന്നതിൽ സംശയമില്ല. മൂന്നു മാസത്തിനുള്ളിൽ 100 ദശലക്ഷം ഉപയോക്താക്കളിലേക്ക് എത്തിയ ഏറ്റവും വേഗതയേറിയ സേവനങ്ങളിൽ ഒന്നാണ് ഓപ്പൺഎഐയുടെ ചാറ്റ്ബോട്ട്. വേഗത്തിലുള്ള പ്രതികരണവും കൂടുതൽ വിശ്വാസ്യതയും പ്രദാനം ചെയ്യുന്ന ഓപ്പൺ എഐയുടെ ചാറ്റ്ബോട്ടിന്റെ പുതിയ പണമടച്ചുള്ള പതിപ്പാണ് ചാറ്റ്ജിപിടി പ്ലസ്. ഇപ്പോൾ ഇന്ത്യൻ ഉപയോക്താക്കൾക്കായി ഓപ്പൺഎഐ അതിന്റെ ചാറ്റ്ജിപിടി പ്ലസിന്റെ സബ്‌സ്‌ക്രിപ്‌ഷൻ അവതരിപ്പിച്ചിരിക്കുകയാണ്. കമ്പനി തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ വെള്ളിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ടെക് ഭീമന്മാർ തങ്ങളുടെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ജനറേറ്റീവ് എഐ വാഗ്ദാനം ചെയ്യാനായി മത്സരിക്കുന്ന സമയത്താണ് ചാറ്റ്ജിപിടിയുടെ പുതിയ പ്രഖ്യാപനം.
“പുതിയ വാർത്ത! ചാറ്റ്ജിപിടി പ്ലസ് സബ്‌സ്‌ക്രിപ്‌ഷനുകൾ ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാണ്. ജിപിടി-4 ഉൾപ്പെടെയുള്ള പുതിയ ഫീച്ചറുകളിലേക്ക് ഇന്നുതന്നെ പ്രവേശനം നേടൂ,” കമ്പനിയുടെ ഔദ്യോഗിക ട്വീറ്റിൽ പറയുന്നു.
ചാറ്റ്ജിപിടിയുടെ പുതിയ പ്രീമിയം പതിപ്പ് ഏറ്റവും പുതിയ ഭാഷാ മോഡലായ ജിപിടി-4നെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഔദ്യോഗിക പ്രഖ്യാപനത്തിന് ദിവസങ്ങൾക്ക് മുൻപേ ചാറ്റ്ജിപിടി പ്ലസ് പതിപ്പ് രാജ്യത്ത് ലിസ്റ്റ് ചെയ്തിരുന്നു. ഇനി ഇന്ത്യൻ ഉപയോക്താക്കൾക്ക് ജിപിടി-4 ഉൾപ്പെടെയുള്ള പുതിയ ഫീച്ചറുകൾ ഉപയോഗിക്കാൻ സാധിക്കും. ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പ്രഖ്യാപനം റീട്വീറ്റ് ചെയ്യുകയും ഇന്ത്യയോടുള്ള തന്റെ സ്നേഹം പ്രഖ്യാപിക്കുകയും ചെയ്തു.
ഈ ആഴ്‌ചയുടെ തുടക്കത്തിൽതന്നെ ഓപ്പൺഎഐ അതിന്റെ ഏറ്റവും പുതിയ ജിപിടി-4 അവതരിപ്പിച്ചു, അതാണ് എഐ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിയ്ക്ക് ഇന്ധനം നൽകുന്നത്. “ഞങ്ങൾ ജിപിടി-4 സൃഷ്ടിച്ചു, ഡീപ് ലേണിങ്ങ് വർധിപ്പിക്കുന്നതിനുള്ള ഓപ്പൺഎഐയുടെ പരിശ്രമത്തിലെ ഏറ്റവും പുതിയ നാഴികക്കല്ലാണിത്,” ഓപ്പൺഎഐ പറയുന്നു.
ജിപിടി-4പ്രധാനമായും ഒരു വലിയ മൾട്ടിമോഡലാണ്, അത് ടെക്‌സ്‌റ്റായും ചിത്രങ്ങളായും ഇൻപുട്ടുകൾ സ്വീകരിക്കുകയും ടെക്‌സ്‌റ്റുകളായി ഔട്ട്‌പുട്ടുകൾ നൽകുകയും ചെയ്യുന്നു. വിവിധ പ്രൊഫഷണൽ, അക്കാദമിക് മാനദണ്ഡങ്ങളിൽ ജിപിടി-4 മനുഷ്യരുടെ നിലവാരത്തിലുള്ള പ്രകടനം കാണിക്കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.
നേരെമറിച്ച്, ജിപിടി-3 , ജിപിടി-3.5 എന്നിവ ഒരു മോഡാലിറ്റിയിൽ മാത്രമേ പ്രവർത്തിക്കൂ. ടൈപ്പ് ചെയ്ത് മാത്രമേ ഇവയിൽ ചോദ്യങ്ങൾ ചോദിക്കാൻ സാധിക്കുകയുള്ളൂ. സർഗ്ഗാത്മകത, വിഷ്വൽ മനസ്സിലാക്കാനുള്ള കഴിവ്, സാഹചര്യം എന്നിവയിൽ ജിപിടി-4 തങ്ങളുടെ മുൻഗാമികളെക്കാൾ പുരോഗമിച്ചിരിക്കുന്നു. സംഗീതം, തിരക്കഥകൾ, സാങ്കേതിക രചനകൾ എന്നിവയുൾപ്പെടെ വിവിധ ക്രിയേറ്റീവ് പ്രോജക്റ്റുകളിൽ ഉപയോക്താക്കളുമായി സഹകരിക്കാനുള്ള കഴിവും ഇതിനുണ്ട്.
ഏറ്റവും പുതിയ ഭാഷാ മോഡലിന് ഉപയോക്താവിൽനിന്നുള്ള 25,000 വാക്കുകൾ വരെ പ്രോസസ്സ് ചെയ്യാനോ ഉപയോക്താവ് പങ്കിട്ട വെബ് ലിങ്കുകളിൽ നിന്നുള്ള വാചകം അനുസരിച്ചോ പ്രവർത്തിക്കാൻ കഴിയും. ദൈർഘ്യമേറിയ ഉള്ളടക്കം സൃഷ്ടിക്കുന്നതിനും വളരെ വ്യാപ്തിയുള്ള സംഭാഷണങ്ങൾ സുഗമമാക്കുന്നതിനും ജിപിടി-4 സഹായിക്കുമെന്ന് കമ്പനി അറിയിച്ചു.