കണക്ടറില്‍ എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോഴോ ഉപകരണം തകരാറിലായാലോ ആണു സ്മാര്‍ട്ട്ഫോണ്‍ ഡിസ്പ്ലേകളിലോ അതുപോലുള്ള മറ്റേതെങ്കിലും ഡിസ്പ്ലേകളിലോ സാധാരണയായി പച്ച വരകള്‍ പ്രത്യക്ഷപ്പെടുക. അതൊരു ഹാര്ഡ്വെയര് പ്രശ്നമാണ്. സമാനമായൊരു പ്രശ്നമാണ് ഇപ്പോള്‍ നിരവധി വണ്‍പ്ലസ് ഉപയോക്താക്കള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. സോഫ്റ്റ്വെയര് അപ്ഡേറ്റിനു പിന്നാലെയാണു ഫോണുകളില്‍ പച്ചവര ദൃശ്യമായിരിരിക്കുന്നത്.
ഓക്സിജന്‍ ഒഎസ് 13 അപ്ഡേറ്റ് നിരവധി വണ്‍പ്ലസ് ഡിവൈസുകളില്‍ പച്ചവര ദൃശ്യമാകുന്നതിനു കാരണമാകുന്നതായി ട്വിറ്ററിലെ സമീപകാല റിപ്പോര്‍ട്ടുകള്‍ പറയുന്നു. വണ്‍പ്ലസ് 8, വണ്‍പ്ലസ് 8ടി, വണ്‍പ്ലസ് 8 പ്രോ, വണ്‍പ്ലസ് 9, വണ്‍പ്ലസ് 9 ആര് എന്നീ ഫോണുകള്‍ ഈ പ്രശ്നം നേരിടുന്നു. അതേസമയം, വണ്‍പ്ലസ് 10 പ്രോ ഫോണുകളില്‍ ഈ പ്രശ്നമില്ലെന്നാണു തോന്നുന്നത്.
ഏറ്റവും പുതിയ ഓക്സിജന്‍ ഒഎസിലേക്കു ഡിവൈസ് അപ്ഡേറ്റ് ചെയ്തതിനു തൊട്ടുപിന്നാലെ പ്രശ്നം ഉണ്ടാകുമോ അതോ കുറച്ചു സമയം കഴിഞ്ഞാണോയെന്നു റിപ്പോര്‍ട്ടുകളില്‍നിന്നു വ്യക്തമല്ല. എന്നാല്‍ ആ പ്രത്യേക പതിപ്പും പ്രശ്നവും തമ്മിലുള്ള ബന്ധം അവഗണിക്കാനാവില്ല.
ഡിവൈസ് നിലത്തുവീഴുകയോ വെള്ളം ഉള്ളില്‍ കടക്കുകയോ ഏതെങ്കിലും വിധത്തില്‍ തെറ്റായി കൈകാര്യം ചെയ്യുകയോ ചെയ്തിട്ടില്ലെങ്കിലും പച്ചവര ദൃശ്യമാകുമെന്നാണു ഉപയോക്തൃ റിപ്പോര്‍ട്ടുകളില്‍നിന്നു മനസിലാവുന്നത്. ഇതുവരെയുള്ള എല്ലാ പരാതികളും ഇന്ത്യന്‍ ഉപയോക്താക്കളില്നിന്നാണ് ഉയര്ന്നിരിക്കുന്നതെന്നാണു മറ്റൊരു നിരീക്ഷണം. വണ്‍പ്ലസ് ഉല്‍പ്പന്നങ്ങള്‍ക്കു രാജ്യത്ത് ജനപ്രീതിയുണ്ടെന്ന വസ്തുതയുമായി ഈ പ്രശ്നം കൂടുതല്‍ ബന്ധപ്പെട്ടിരിക്കാമെങ്കില് പോലും.
നിര്‍ഭാഗ്യവശാല്‍, പച്ചവര പ്രശ്നത്തിനു നിലവില്‍ പരിഹാരങ്ങളൊന്നുമില്ല. തങ്ങള്‍ക്കു ഇടയ്ക്കിടെ മാത്രമാണു പ്രശ്നം അനുഭവപ്പെടുന്നതെന്നാണു ചില ഉപയോക്താക്കള്‍ പറയുന്നത്.
പച്ചവരകള്‍ മിക്കപ്പോഴും ഹാര്‍ഡ്വെയറുമായി ബന്ധപ്പെട്ടതാണെന്നു മാത്രമല്ല, അവ ശാശ്വതവുമല്ല. നിങ്ങള്‍ പ്രശ്നം നേരിടുന്നുണ്ടെങ്കില്‍ അതു ബാധിച്ച ഡിവൈസ് സര്‍വിസ് സെന്ററിലേക്കു കൊണ്ടുപോകുന്നതാണു നല്ലത്. വാറന്റിയുള്ള ഡിവൈസുകളാണെങ്കില്‍ ഡിസ്പ്ലേ സൗജന്യമായി മാറ്റിസ്ഥാപിച്ചു തരേണ്ടതാണ്. എന്നാല്‍ വാറന്റി കഴിഞ്ഞവയാണെങ്കില്‍ നിങ്ങളുടെ ഭാഗത്തുനിന്നു ചില ബോധ്യപ്പെടുത്തലുകള്‍ ആവശ്യമായി വന്നേക്കാം.