വൺപ്ലസ് ബഡ്ജറ്റ് റേഞ്ചിൽ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. വൺപ്ലസിന്റെ എക്കാലത്തെയും ഏറ്റവും വിലകുറഞ്ഞ ഫോണായിരിക്കുമിതെന്നും 20,000 രൂപയിൽ താഴെയാകും വിലയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 91മൊബൈൽസ് വഴി ടിപ്സ്റ്റർ യോഗേഷ് ബ്രാർ (@heyitsyogesh) ട്വിറ്ററിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്.
20,000 രൂപയ്ക്ക് താഴെയുള്ള സെഗ്മെന്റിൽ ഒരു സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ വൺപ്ലസ് പദ്ധതിയിടുന്നതായി ടിപ്സ്റ്റർ പറയുന്നു. ബ്രാൻഡിന്റെ നോർഡ് സീരീസിന് കീഴിലാകും പുതിയ ഫോണും വരികയെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം ജൂലൈയ്ക്ക് ശേഷം ഫോൺ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്.
വൺപ്ലസ് നോർഡ് സീരീസിലെ എല്ലാ സ്മാർട്ട്ഫോണുകളുടെയും അടിസ്ഥാന വില ഇപ്പോൾ 20,000 രൂപയ്ക്ക് മുകളിലാണ്. ഇന്ത്യയിൽ നിലവിൽ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ വൺപ്ലസ് ഫോണായ വൺപ്ലസ് നോർഡ് സിഇ 6ജിബി/128ജിബി വേരിയന്റിന് 22,999 രൂപയാണ് വില. പുതിയ നോർഡിന്ഈ വിലയിൽ നിന്ന് കാര്യമായ വ്യത്യാസമുണ്ടാകുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇതോടെ വൺപ്ലസ് ഫോണുകൾ കൂടുതൽ ഉപയോക്താക്കൾക്ക് വാങ്ങാവുന്ന ഫോണായി മാറും.
ഉടൻ തന്നെ നോർഡ് സിഇ 2 എത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്, അത് ഈ വർഷം ഫെബ്രുവരിയിൽ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. 20,000 രൂപയ്ക്കും 30,000 രൂപയ്ക്കും ഇടയിൽ ഫോൺ ലഭ്യമാകും എന്നാണ് കരുതുന്നത്.
20,000 രൂപയിൽ താഴെ വരുന്ന ഫോണിന്റെ പ്രധാന എതിരാളികൾ റെഡ്മി, പോക്കോ, മോട്ടറോള, റിയൽമി തുടങ്ങിയ ബ്രാൻഡുകൾ ആയിരിക്കും. ഫോണിന്റെ സ്പെസിഫിക്കേഷനുകളൊന്നും ഇതുവരെ അറിവായിട്ടില്ല, ഈ സ്മാർട്ഫോൺ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് കുറച്ചു നാൾ കൂടി കാത്തിരിക്കേണ്ടി വന്നേക്കും.
Also Read: Xiaomi 11T Pro 5G: ഷവോമി 11 ടി പ്രൊ വിപണിയില്‍; സവിശേഷതകള്‍ അറിയാം