വൺപ്ലസിന്റെ ഏറ്റവും പുതിയ സ്മാർട്ഫോണായ വൺപ്ലസ് 9ആർടി ഇന്ത്യയിൽ അവതരിപ്പിച്ചു. വൺപ്ലസ് 9ആറിന്റെ പിൻഗാമിയായി എത്തുന്ന ഈ ഫോൺ, കൂടുതൽ ശക്തിയുള്ള പ്രോസസ്സറും മറ്റു മികച്ച ഫീച്ചറുകളുമായാണ് വരുന്നത്. പുതിയ ഫോണിനെ കുറിച്ച് നിങ്ങൾക്ക് അറിയേണ്ടതെല്ലാം താഴെ വായിക്കാം.
OnePlus 9RT: What’s new? വൺപ്ലസ് 9ആർടിയിൽ എന്താണ് പുതുമ?
120 ഹേർട്സ് റിഫ്രഷ് നിരക്ക് നൽകുന്ന എച്ച്ഡിആർ10+ സർട്ടിഫിക്കേഷനുള്ള 6.62-ഇഞ്ച് ഫുൾഎച്ച്ഡി+ അമോഎൽഇഡി ഡിസ്പ്ലേയുമായാണ് ഫോൺ വരുന്നത്, ഡിസ്പ്ലേയുടെ സംരക്ഷണത്തിനായി കോർണിംഗ് ഗൊറില്ല ഗ്ലാസാണ് ഫോണിന് നൽകിയിരിക്കുന്നത്. എന്നാൽ എൽടിപിഒ പാനലിന്റെ കുറവ് ഇതിനുണ്ട്.
8ജിബി, 12ജിബി എൽപിഡിഡിആർ5 റാമിനൊപ്പം 5എൻഎം ക്വാൽകോം സ്നാപ്ഡ്രാഗൺ 888 ചിപ്സെറ്റാണ് ഫോണിനു കരുത്ത് നൽകുന്നത്. ഇവയ്ക്ക് യഥാക്രമം 128ജിബി, 256ജിബി യുഎഫ്എസ് 3.1 സ്റ്റോറേജും വരുന്നു. സ്റ്റീരിയോ സ്പീക്കറുകൾക്കൊപ്പം ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും ഫോണിന്റെ മറ്റു പ്രധാന സവിശേഷതകളാണ്.
ക്യാമറയിലേക്ക് വരുകയാണെങ്കിൽ, 50എംപി സോണി ഐഎംഎക്സ്766 പ്രധാന സെൻസറും 16എംപി അൾട്രാവൈഡ് സെൻസറും 2എംപി മാക്രോ സെൻസറും അടങ്ങുന്ന ഒരു ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഫോണിൽ നൽകിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി മുൻ ക്യാമറയാണ് വരുന്നത്.
Also Read: Vivo Y33T: വിവോ വൈ33ടി ഇന്ത്യൻ വിപണിയിൽ; അറിയേണ്ടതെല്ലാം
കണക്റ്റിവിറ്റിക്കായി, ബ്ലൂടൂത്ത് 5.2, ഡ്യുവൽ-ബാൻഡ് വൈഫൈ, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയുണ്ട്. 65വാട്ട് വാർപ്പ് ചാർജിംഗ് വേഗത 4,500എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ വരുന്നത്. 29 മിനിറ്റിനുള്ളിൽ ഫോൺ ഫുൾ ചാർജ് ചെയ്യാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 600ഹേർട്സ് ടച്ച് സാംപ്ലിംഗും മികച്ച സ്വിച്ചിംഗിനായി മൂന്ന് വൈഫൈ ആന്റിനകളും ഫോണിന്റെ സവിശേഷതയാണ്.
വൺപ്ലസ് 9ആർടിയുടെ 8ജിബി/128ജിബി വേരിയന്റിന് 42,999 രൂപയാണ് വില. ഹാക്കർ ബ്ലാക്ക്, നാനോ സിൽവർ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ഫോൺ ഇന്ത്യയിൽ ലഭ്യമാകും. ജനുവരി 18 മുതലാണ് വൺപ്ലസ് 9ആർടി വിൽപ്പനയ്ക്കെത്തുക.