കൈയ്യില്‍ ഒതുക്കാവുന്ന ചെറിയ ഉപകരണത്തില്‍ കുത്തിനിറയ്ക്കാവുന്ന സാങ്കേതികവിദ്യയുടെ ഇന്ദ്രജാലം കാണിച്ച് സ്‌മാര്‍ട് ഫോണ്‍ നിര്‍മാതാക്കള്‍ ഉപയോക്താക്കളെ മയക്കാന്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിലേറെയായിരിക്കുന്നു.
ചൈനീസ് നിര്‍മ്മാണ കമ്പനിയായ വണ്‍ പ്ലസിന്റെ, ആദ്യ പൂര്‍ണ ഗ്ലാസ് നിര്‍മ്മിത ഫോണ്‍ എന്ന ഖ്യാതി സ്വന്തമാക്കിക്കൊണ്ട് വണ്‍പ്ലസ് 6 പുറത്തിറങ്ങി. വണ്‍പ്ലസിന്റെ ഏറ്റവും മികച്ച ഫോണ്‍ എന്ന് നിസംശയം വിളിക്കാം വണ്‍ പ്ലസ് 6നെ.
നിലവിലെ ഏറ്റവും മികച്ച പ്രൊസസറുകളില്‍ ഒന്നായ സ്‌നാപ്ഡ്രാഗണ്‍ 845 സിപിയു കരുത്ത് പകരുന്ന മോഡല്‍ 6ജിബി റാം, 128ജിബി ഫോണ്‍ മെമ്മറി എന്നീ സവിശേഷതകളോടെയാണ് എത്തിയിരിക്കുന്നത്. മിഡ്നൈറ്റ് ബ്ലാക്ക്, മിറര്‍ ബ്ലാക്ക്, സില്‍ക്ക് വൈറ്റ് എന്നീ മൂന്നു നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.
64ജിബി/128ജിബി/256ജിബി എന്നീ മൂന്നു മോഡലുകളും വിപണിയിലെത്തും. നിലവിലുള്ള സ്‌മാര്‍ട് ഫോണ്‍ പ്രൊസസിങ് പരിഗണിക്കുമ്പോള്‍ മിന്നല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് 128GB/8GB പതിപ്പ്. 36, 999 രൂപമുതല്‍ 4000 രൂപവരെയാണ് 64 ജിബി ഫോണിന്റെ ഇന്ത്യയിലെ പ്രാരംഭ വില എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇരട്ട പിന്‍ക്യാമറകളാണ് വൺപ്ലസ് 6 ഉപയോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. f/1.7 അപേര്‍ചര്‍ ഉള്ള 16MP സെന്‍സറാണ് റിയർ ക്യാമറ. അടുത്ത ക്യാമറയ്ക്ക് 20MP സെന്‍സറാണ് ഉള്ളത്. ക്യാമറ 4K വിഡിയോ സെക്കന്‍ഡില്‍ 60 ഫ്രെയിം വരെ ഷൂട്ടു ചെയ്യും. സ്റ്റില്‍ ഷൂട്ടിങ്ങില്‍ അഡ്വാന്‍സ്ഡ് HDR ഫീച്ചറും ഒരുക്കിയിട്ടുണ്ട് വണ്‍പ്ലസ് 6ന്റെ ക്യാമറയുടെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന് സെക്കന്റില്‍ 480 ഫ്രെയിം വരെ സ്ലോമോഷന്‍ വീഡിയോ ചിത്രീകരിക്കാനാകും എന്നതാണ്. ഫോണിനുള്ളില്‍ തന്നെ വീഡിയോയുടെ പ്രാംരംഭഘട്ട എഡിറ്റിങ്ങിനുള്ള സജീകരണങ്ങളുമുണ്ട്. വീഡിയോ ഫയലുകള്‍ കട്ട് ചെയ്യാനും ഫില്‍റ്റര്‍ ഇഫക്ടുകള്‍ നൽകാനും ബാഗ്രൗണ്ട് മ്യൂസിക് നൽകാനും ഇതിന് സാധിക്കും.
ഗൊറില ഗ്ലാസ് 5 ഉപയോഗിച്ചു നര്‍മിച്ച സമ്പൂർണ ഗ്ലാസ് നിര്‍മിതമായ മോഡലാണ് വണ്‍പ്ലസ് 6. ഫോണിന്റെ വലിപ്പം 6.28-ഇഞ്ചാണ്. 84 ശതമാനം സ്‌ക്രീനാണ്. തീരെ ബെസല്‍ ഇല്ലെന്ന തോന്നലാണ് കിട്ടുന്നത്. ഡിസ്‌പ്ലെ 19:9 അനുപാതത്തിലുള്ള ഫുള്‍ ഒപ്റ്റിക് അമോലെഡ് സ്‌ക്രീനാണ്. ഫുള്‍ എച്ച്ഡി പ്ലസ് റെസലൂഷനാണ് വണ്‍ പ്ലസ് 6ന്റേത്. ഫെയ്‌സ് അണ്‍ലോക്, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ തുടങ്ങിയ ഫീച്ചറുകളും ഫോണിലുണ്ട്. 3300എംഎഎച്ച് ബാറ്ററിയാണ് വണ്‍പ്ലസ് 6ന് കരുത്ത് നല്‍കുന്നത്. കൂടാതെ ഡാഷ് ചാര്‍ജിങ് സപ്പോര്‍ട്ടുമുണ്ട്. 77-ഗ്രാം ആണ് ഫോണിന്റെ ഭാരം.