പഴയ ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കിൽ അത് ഉപേക്ഷിക്കാൻ സമയമായിരുക്കുന്നു. ’91 മൊബൈൽസ്’ന്റെ പുതിയ റിപ്പോർട്ട് പ്രകാരം ആൻഡ്രോയിഡ് വേർഷനായ 2.3.7 ജിഞ്ചർബ്രെഡിന് താഴെയുള്ള ഫോണുകളിൽ ഇനി മുതൽ ഗൂഗിൾ ആപ്പുകൾ ഉപയോഗിക്കാൻ സാധിക്കില്ല.
റിപ്പോർട്ട് പ്രകാരം, സെപ്റ്റംബർ 27 മുതലാണ് ഗൂഗിൾ ആപ്പുകൾ ഉപയോഗിക്കാൻ കഴിയാതെയാവുക. ഗൂഗിൾ ആപ്പുകളായ ജിമെയിൽ, യൂട്യൂബ്, കീപ് എന്നിവയാണ് ഉപയോഗിക്കാൻ സാധിക്കാതെ വരിക. എന്നാൽ ഉപയോക്താക്കൾക്ക് വെബിൽ നിന്നും സൈൻ ഇൻ ചെയ്യാൻ സാധിക്കും. എന്നാൽ അതുമൂലം ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ ഉപയോക്താക്കൾ ആൻഡ്രോയിഡിന്റെ ഉയർന്ന പതിപ്പുകളായ ആൻഡ്രോയിഡ് 3.0 അല്ലെങ്കിൽ ആൻഡ്രോയിഡ് 4.0 യിലേക്ക് മാറുന്നതാണ് അഭികാമ്യം.
“ഞങ്ങളുടെ ഉപയോക്താക്കളുടെ സുരക്ഷ നിലനിർത്തുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ ഭാഗമായി, Android 2.3.7 അല്ലെങ്കിൽ അതിൽ താഴെയുള്ള ആൻഡ്രോയിഡ് ഉപകരണങ്ങളിൽ 2021 സെപ്റ്റംബർ 27 മുതൽ ഗൂഗിൾ ആപ്പുകളിലേക്ക് സൈൻ ഇൻ ചെയ്യാൻ അനുവദിക്കില്ല” കമ്പനി പറഞ്ഞു. സെപ്റ്റംബർ 27 ന് ശേഷം നിങ്ങളുടെ ഫോണിൽ നിന്നും ജിമെയിൽ,യൂട്യൂബ്, മാപ്‌സ് എന്നീ ആപ്പുകളിൽ സൈൻ ഇൻ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ യുസർനെയിം, പാസ്സ്‌വേർഡ് എന്നിവ തെറ്റാണെന്ന മെസ്സേജ് ആയിരിക്കും ലഭിക്കുക എന്നും കമ്പനി പറഞ്ഞു.
ഇത് ഒരുപാട് പേരെ ബാധിക്കുമോ?
ഇല്ല. ജിഞ്ചർബ്രെഡും അതിനു മുമ്പത്തെ ആൻഡ്രോയ്ഡ് റിലീസുകളും വളരെ പഴയതാണ്, അവ ഉപയോഗിക്കുന്നത് വളരെ ചുരുക്കം ആളുകൾ മാത്രമാണ്. എന്നാൽ, സോഫ്റ്റ്‌വെയർ/സുരക്ഷാ അപ്‌ഡേറ്റുകൾ അവസാനിപ്പിക്കുന്നതിനു പകരം പഴയ ഫോണുകളുടെ അടിസ്ഥാന പ്രവർത്തനം തന്നെ ഗൂഗിൾ വെട്ടിക്കുറയ്ക്കുകയാണെന്ന് ഇത് വ്യക്തമാക്കുന്നു.
റിപ്പോർട്ടിൽ പറയുന്നത് പ്രകാരം, അക്കൗണ്ടിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിന് പഴയ ഫോണുകൾ ഒഴിവാക്കേണ്ടത് ആവശ്യമാണെന്ന് ഗൂഗിൾ നിർദ്ദേശിക്കുന്നു. ഒരു ആൻഡ്രോയിഡ് പതിപ്പ് പുറത്തിറങ്ങി ഏകദേശം ഒരു പതിറ്റാണ്ട് കഴിഞ്ഞാൽ, ഗൂഗിൾ അതിന്റെ അടിസ്ഥാന പിന്തുണ അവസാനിപ്പിക്കാനാകുമെന്ന് ഈ മാറ്റം സൂചിപ്പിക്കുന്നു, ഭാവിയിൽ ഹണികോംബ്, ഐസ് ക്രീം സാൻഡ്വിച്ച് വേർഷനുകളെയും ഇത് ബാധിച്ചേക്കും.
Also: 15,000 രൂപയിൽ താഴെ വില വരുന്ന ഏറ്റവും മികച്ച ബാറ്ററിലൈഫുള്ള അഞ്ചു ഫോണുകൾ