കൊച്ചി: 2010ല്‍ ആരംഭിച്ച് ഇപ്പോള്‍ ഇന്ത്യയിലെ 73നഗരങ്ങളില്‍ സര്‍വ്വീസ് നടത്തുന്ന 1000കോടിയോളം ആസ്തിയുള്ള പ്രൈവറ്റ്ലിമിറ്റഡ് കമ്പനിയാണ് ഒല. കേരളത്തില്‍ സര്‍വ്വീസ് ആരംഭിച്ച ഒലക്ക് തങ്ങളുടെ തൊഴിലാളികളുടെ ശക്തിക്കുമുന്നില്‍ കാലിടറിയിരിക്കുന്നു. ഇപ്പോള്‍ ഒല ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് എറണാകുളത്ത് വാഹനം ലഭ്യമല്ല.

കമ്പനി നിശ്ചയിച്ച റേറ്റായ കിലോമീറ്ററിന് 6രൂപക്ക് കാറോടിക്കുന്ന തൊഴിലാളികളുടെ വരുമാനത്തിന്റെ 46%വരെ കമ്മീഷനായി കട്ടുചെയ്യുന്നതും, ഇന്‍സെന്റീവുകള്‍ തടഞ്ഞുവെച്ചതും മൂലമാണ് പ്രതിസന്ധി രൂപപ്പെട്ടതെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു.

തുടര്‍ന്ന് തൊഴിലാളികള്‍ ഒല ട്രിപ്പുകള്‍ ബഹിഷ്കരിച്ചതോടെ നിലവില്‍ എറണാകുളത്ത് ഒല വാഹനങ്ങള്‍ ലഭ്യമല്ലാതായി. കമ്പനിയുടെ തൊഴിലാളി ദ്രോഹപരമായ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സംയുക്തസമരസമിതിയുടെ നേത്യത്വത്തില്‍ 13/6/17ന് കബ്ബനിയുടെ ജവഹര്‍ നഗറിലെ ഓഫീസിലേക്ക് പ്രകടനം നടത്തിയിരുന്നു.

തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കായി ODU പ്രസിഡന്റ് പിജെ പോള്‍സന്‍ , SEDU സെക്രട്ടറി ദാസ് എന്നിവര്‍ കന്പനി പ്രതിനിധികളുമായ് ചര്‍ച്ച ചെയ്തെങ്കിലും ആവശ്യങ്ങള്‍ കമ്പനി അംഗീകരിക്കാത്തതിനെ തുടര്‍ന്ന് അനിശ്ചിതകാല സമരം ആരംഭിക്കുകയായിരുന്നു.

ഒലയുടെ ഡ്രൈവര്‍മാര്‍ ഒന്നടങ്കം തങ്ങളുടെ ആവശ്യങ്ങള്‍ക്കായി സമരത്തിലണിചേര്‍ന്നതോടെ ഒല കേരളത്തില്‍ നിശ്ചലമായി. കമ്പനിയുടെ മോഹനവാഗ്ദാനം വിശ്വസിച്ച് സ്വത്ത് വിറ്റും പണയംവെച്ചും ലോണെടുത്ത് കാര്‍വാങ്ങി അതിന്റെ ടാക്സും, ഇന്‍ഷുറന്‍സും അടച്ച് , മെയിന്റനന്‍സ് നടത്തി , കമ്പനി നിശ്ചയിച്ച തുശ്ചമായ റേറ്റിന് വണ്ടിയോടിക്കുന്ന ഡ്രൈവര്‍മാരുടെ വരുമാനത്തിന്റെ 46% വരെ കട്ടുചെയ്യുന്ന കബ്ബനിയുടെ കൊള്ളക്കെതിരായാണ് തൊഴിലാളികള്‍ പണിമുടക്കുന്നതെന്ന് തൊഴിലാളി യൂണിയന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

“ഉപഭോക്താവില്‍നിന്നും കൂടുതല്‍ തുക ഈടാക്കി തങ്ങള്‍ക്കു നല്‍കണമെന്നല്ല സമരം ചെയ്യുന്ന തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്, കബ്ബനി തങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണം എന്നാണ് ആവശ്യപ്പെടുന്നത്. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്ന തങ്ങളെ കമ്പനി ഇത്തരത്തില്‍ ചൂക്ഷണം ചെയ്യുന്നത് അവസാനിപ്പിക്കുന്നതിന് ബന്ധപ്പെട്ട തൊഴില്‍ അധികാരികള്‍ ഇടപെടണമെന്നും, ഉപഭോക്താക്കളും, തൊഴിലാളിവര്‍ഗ്ഗസംഘടനകളും ,പൊതുസമൂഹവും തങ്ങളോട് ഐക്യപ്പെടണമെന്നും ഓണ്‍ലൈന്‍ തൊഴിലാളി യൂണിയന്‍ ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook