ഇന്റര്‍നെറ്റില്‍ പരതിക്കൊണ്ടിരിക്കുമ്പോഴാണ് ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത് വരുത്തിക്കാവുന്ന പിസ സ്ക്രീനിന് മുമ്പില്‍ തെളിഞ്ഞത്. അര്‍ണവ് കപൂര്‍ ഒന്നും ചിന്തിച്ചില്ല എന്നല്ല, പിസ വേണമെന്ന് തന്നെ മനസ്സില്‍ പറഞ്ഞു. കംപ്യൂട്ടര്‍ അത്പോലെ കേള്‍ക്കുകയും പിസ ഓര്‍ഡര്‍ ചെയ്യുകയും ചെയ്തു. ഏതെങ്കിലും ഹോളിവുഡ് സൂപ്പര്‍ഹീറോ ചിത്രത്തിലെ രംഗമാണെന്ന് കരുതി നെറ്റി ചുളിക്കണ്ട, സംഗതി യാഥാര്‍ത്ഥ്യമാണ്.

മനസ്സില്‍ പറയുന്ന കാര്യം ഇന്റര്‍നെറ്റില്‍ തിരഞ്ഞ് തരുന്നൊരു പുത്തൻ സാധനമാണിത്. എംഐടി (മസാച്ചുസൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) മീഡിയ ലാബിലെ ഗ്രാജ്വേറ്റ് വിദ്യാർഥിയായ ഇന്ത്യൻ വംശജൻ അർണവ് കപൂറിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത പുതിയ ഉപകരണം. പേര് ആൾട്ടർ ഈഗോ. ഒരു ഇയർഫോണിന്റെ മാതൃകയിൽ നിർമിച്ചിരിക്കുന്ന ഇത് ചെവിയിൽ വയ്ക്കാം. ചെവിയുടെ അസ്ഥിയിൽ സ്പർശിച്ച് താടിയെല്ലിലേക്കു നീണ്ടു നിൽക്കുന്ന ഭാരം കുറഞ്ഞ ഹെഡ്‍സെറ്റ്. ഇതിൽ സ്പീക്കറോ മൈക്കോ ഇല്ല എന്നു പ്രത്യേകം പറയട്ടെ.

മനസ്സ് മാത്രം ഉപയോഗിച്ച് ഇന്രര്‍നെറ്റില്‍ എന്തും തിരയാന്‍ സഹായിക്കുന്നതാണ് ഈ പുതിയ സാങ്കേതികവിദ്യ. ഈ ഉപകരണം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് 60 മിനുട്ട് നീണ്ട അഭിമുഖ വീഡിയോയില്‍ അര്‍ണവ് കാണിച്ചു തരുന്നുമുണ്ട്. കൂടാതെ മാധ്യമപ്രവര്‍ത്തകന് മനസ്സ് ഉഫയോഗിച്ച് അര്‍ണവ് പിസയും ഓര്‍ഡര്‍ ചെയ്ത് മുമ്പിലെത്തിച്ച് കൊടുത്തു.

ഗണിതപ്രശ്നങ്ങള്‍ക്കും മറ്റ് ചോദ്യങ്ങള്‍ക്കും അര്‍ണവ് ഈ ഉപകരണം ഉപയോഗിച്ച് ഉത്തരം കണ്ടെത്തി നല്‍കുകയും ചെയ്തു. ബോൺ കൺഡക്‌ഷൻ സാങ്കേതികവിദ്യയാണ് സ്പീക്കറിന്റെ സഹായമില്ലാതെ ശബ്ദം ചെവിയിൽ കേൾപ്പിക്കുന്നത്. വാ തുറക്കാതെ മനസ്സിൽ ചോദിക്കുന്ന ചോദ്യങ്ങൾ വായിച്ചെടുക്കുന്നത് ന്യൂറോമസ്കുലാർ സിഗ്നലുകളും. ലളിതമായി പറഞ്ഞാൽ മനസ്സുവായിക്കുകയും അതനുസരിച്ചു പ്രതികരിക്കുകയും ചെയ്യുന്ന ഒരു കംപ്യൂട്ടറാണ് ആൾട്ടർ ഈഗോ. വിചാരങ്ങളോ ചിന്തകളോ ഒന്നും വായിക്കില്ല. നിശബ്ദമായി വാക്യരൂപത്തിൽ മനസ്സിൽ ചോദിക്കുന്ന ചോദ്യങ്ങളാണ് ഇത് വായിച്ചെടുക്കുക. മനസ്സിൽ അത്തരം നിശബ്ദഭാഷണങ്ങൾ നടക്കുമ്പോൾ നഗ്നനേത്രങ്ങൾക്കു കാണാനാവാത്തവിധം സൂക്ഷ്മമായ പേശീചലനങ്ങൾ നമ്മുടെ മുഖത്തുണ്ടാവുന്നുണ്ട്. ഈ ചലനങ്ങൾ വായിച്ചെടുക്കുന്ന ആൾട്ടർ ഈഗോ മനസ്സിലെ ചോദ്യം പുനസൃഷ്ടിക്കുകയും അതിനുള്ള ഉത്തരം ബോൺ കൺഡക്‌ഷൻ വഴി കംപ്യൂട്ടറിലേക്ക് നല്‍കുകയും ചെയ്യും.

നാം ചോദിക്കുന്ന ചോദ്യങ്ങളോ നമുക്കു ലഭിക്കുന്ന ഉത്തരങ്ങളോ ലോകത്ത് മറ്റാരും അറിയില്ല. സയലന്റ് കംപ്യൂട്ടിങ് രംഗത്തെ ഏറ്റവും നൂതനമായ ഇടപെടൽ എന്ന് ആൾട്ടർ ഈഗോയെ വിശേഷിപ്പിക്കാം.
വിർച്വൽ അസിസ്റ്റന്റ് ചെയ്യുന്നതുപോലെ ടിവി ചാനൽ മാറ്റാനും ഫോണിൽ കോളുകൾ ചെയ്യാനും പാട്ടുവയ്ക്കാനുമൊക്കെ മനസ്സിൽ വിചാരിച്ചാൽ മതിയാകും. വിവിധ കാരണങ്ങളാൽ സംസാരശേഷിയും ചലനശേഷിയും നഷ്ടപ്പെട്ടവർക്ക് ജീവിതം ഏറെ മെച്ചപ്പെടുത്താൻ ആൾട്ടർ ഈഗോ സഹായിക്കുമെന്നാണ് പ്രതീക്ഷ. ആൾട്ടർ ഈഗോയുടെ പ്രോട്ടോടൈപ്പ് മാത്രമാണ് എംഐടി അവതരിപ്പിച്ചിട്ടുള്ളത്, കടയിൽ വിൽപനയ്ക്ക് എത്തിയിട്ടില്ല.

ശബ്ദവാഹിനിയായി മനുഷ്യശരീരത്തിലെ അസ്ഥികളെ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ. മുഖത്തെ അസ്ഥികളിലൂടെ ശബ്ദതരംഗങ്ങൾ പകർന്നു നൽകി ശബ്ദം ഇയർ കനാലിലേക്കെത്തിക്കുന്നു. ഇതിലൂടെയാണ് കംപ്യൂട്ടറിലേക്ക് വിവരം കൈമാറുന്നത്. നിശബ്ദമായി ചോദ്യങ്ങള്‍ ചോദിക്കുകയും ചോദ്യകര്‍ത്താവിനു മാത്രം കേള്‍ക്കാവുന്ന രീതിയില്‍ ഉത്തരം ലഭ്യമാക്കാനും ആള്‍ട്ടര്‍ ഈഗോ സഹായിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook