120 മില്യൺ ഉപഭോക്താക്കളുടെ വിവരങ്ങൾ ഫെയ്സ്ബുക്കിൽ നിന്നും ചോർന്നെന്നു ബിബിസി റഷ്യ റിപ്പോർട്ട് ചെയ്തു. ഫെയ്സ്ബുക്ക് ഉപഭോക്താക്കളുടെ ചാറ്റ് അടക്കമുള്ള സ്വകാര്യ വിവരങ്ങളാണ് ചോർത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. 81,000 ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഹാക്ക് ചെയ്തു ഇന്റർനെറ്റിലൂടെ വിൽക്കാൻ ശ്രമിച്ചു. ഒരു ഓൺലൈൻ ഫോറത്തിൽ എഫ്‌ബി യൂസർ എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നാണ് സ്വകാര്യ വിവരങ്ങൾ വിൽപനയ്ക്ക് വച്ചത്. വിവരങ്ങൾ ചോർന്നതായി വാർത്ത വന്നതിനു ശേഷം ഈ പരസ്യം നീക്കം ചെയ്തതായാണ് കാണുന്നത്.

ഫെയ്സ്ബുക്കിന്റെ സുരക്ഷയുടെ അപര്യാപ്തത കൊണ്ടല്ല വിവരങ്ങൾ ചോർന്നത്. ഹാക്കർമാർ മറ്റെന്തോ മാർഗം ഉപയോഗിച്ചാണ് വിവരങ്ങൾ ചോർത്തിയിരിക്കുന്നത്. ഇനി ഇത്തരത്തിൽ വിവരങ്ങൾ ചോർത്താതിരിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചു കഴിഞ്ഞെന്നും ബിബിസിയോട് ഫെയ്സ്ബുക്ക് അധികൃതർ പറഞ്ഞു.

ബ്രൗസർ കമ്പനികളോട് ഇത്തരത്തിൽ വിവരങ്ങൾ ചോരാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളാൻ നിർദ്ദേശം നൽകിയെന്നും ഫെയ്സ്ബുക്ക് എക്സിക്യൂട്ടീവ് ഗൈ റോസെൻ പറഞ്ഞു. എന്നാൽ ഏതു ബ്രൗസറിൽ നിന്നാണ് വിവരങ്ങൾ ചോർന്നതെന്ന് റോസെൻ വെളിപ്പെടുത്തിയില്ല.

റഷ്യ, ഉക്രൈൻ, യുകെ, യുഎസ്എ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ള ഫെയ്സ്ബുക്ക് ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നിന്നാണ് വിവരങ്ങൾ ചോർന്നത്. ഡിജിറ്റൽ ഷാഡോസ് എന്ന സ്വകാര്യ അന്വേഷണ ഏജൻസിയെ കൊണ്ട് സ്വതന്ത്രമായി നടത്തിയ അന്വേഷണത്തിലാണ് 81,000 ആളുകളുടെ സ്വകാര്യ ചാറ്റുകൾ അടക്കമുള്ള വിവരങ്ങൾ ചോർന്നതായി വെളിപ്പെട്ടത്.

ഇ-മെയിൽ ഐഡി, ഫോൺ നമ്പറുകൾ, ഫോട്ടോ എന്നിവയും ചോർന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഫെയ്സ്ബുക്ക് സുരക്ഷിതമല്ലെന്ന ചർച്ചകൾ നടക്കുന്നതിനിടെയാണ് വീണ്ടും ഫെയ്സ്ബുക്കിനെതിരെ ആക്രമണം നടക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ